അര്‍ജന്റീന തോറ്റു; പണം നഷ്ടമായ യുവാവ് ജീവനൊടുക്കി
ജയ്പൂര്‍: തന്റെ പ്രിയപ്പെട്ട ടീമിനുവേണ്ട് ബെറ്റുവെച്ച നാലുലക്ഷം രൂപ നഷ്ടപ്പെട്ട ദു:ഖത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഹൗറയിലെ മിലന്‍ ചൗധരിയെന്ന ഇരുപത്തിയേഴുകാരനാണ് ഫുട്‌ബോള്‍ ഭ്രമത്തില്‍ ജീവന്‍ നഷ്ടമായത്. പലരോടും കടം വാങ്ങി ഉണ്ടാക്കിയാണ് മിലന്‍ 4 ലക്ഷം രൂപയുടെ ബെറ്റ് വെച്ചത്. എന്നാല്‍ അര്‍ജന്റീന ജര്‍മനിയോട് തോറ്റതോടെ നിരാശനായ മിലന്‍ തൂങ്ങിമരിക്കുകയായിരുന്നു.
ജയ്പൂരിലെ പ്രമുഖ ജ്വല്ലറിയില്‍ ഡിസൈനറാണ് മിലന്‍ ചൗധരി. അമ്മാവന്റെ ഒപ്പമാണ് താമസം. അര്‍ജന്റീന ജര്‍മനി ഫൈനല്‍ മത്സരം കുടുംബാംഗങ്ങളോടൊപ്പം മൂന്നാം നിലയിലിരുന്നാണ് മിലന്‍ കണ്ടത്. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചതോടെ മിലന്റെ അമ്മാവനും മറ്റുളളവരും ഉറങ്ങാനായി താഴെ നിലയിലേക്ക് പോയി.

രാവിലെ 6.30ഓടെ മൂന്നാം നിലയിലെ മുറിയിലെത്തിയ മിലന്റെ മാമി വാതില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ട് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് യുവാവ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇഷ്ട ടീം പരാജയപ്പെട്ടതിനൊപ്പം 4 ലക്ഷം രൂപയും നഷ്ടമായതാണ് മിലനെ മാനസികമായി തകര്‍ത്തതെന്ന് അമ്മാവന്‍ ആഷിഷ് കുമാര്‍ പറഞ്ഞു.
ഇത്രയും കൂടിയ തുകയ്ക്കായ് ബെറ്റു വെക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയെങ്കിലും മിലന്‍ അനുസരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഷിഷ് കുമാറിന്റെ സഹോദരിയുടെ ഏക മകനാണ് മിലന്‍ ചൗധരി. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങിയശേഷം എല്ലാ മത്സരങ്ങളും മിലന്‍ കാണുമായിരുന്നെന്ന് ആഷിഷ് കുമാര്‍ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications