അരിക്കൊമ്പന് വീണ്ടും മയക്കുവെടി: അനിമല്‍ ആംമ്പുലന്‍സില്‍ കയറ്റി ഉള്‍ക്കാട്ടിലെത്തിക്കും
കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. കാട്ടില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനയെ തമിഴ്നാട് വനംവകുപ്പാണ് ഇന്ന് പുലർച്ചയോടെ വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച് നാട്ടിലേക്ക് ഇറങ്ങിയ ആനയെ വെറ്റിനറി ഡോക്ടർ അടങ്ങിയ സംഘം മയക്കുവെടി വെക്കുകയായിരുന്നു. അരിക്കൊമ്പന് നേരെ രണ്ട് തവണ മയക്കുവെടി വെച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റും. ഇതിന് വേണ്ടിയാണ് കുങ്കിയാനകളെ പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്. ആനയെ ഉള്‍കാട്ടിലേക്ക് തന്നെ കയറ്റി വിടുമെന്നാണ് സൂചന. അതേസമയം തുമ്പിക്കയ്യിലേറ്റ മുറിവിന് ചികിത്സ നല്‍കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയേക്കുമെന്നും വിവരമുണ്ട്.

നാട്ടില്‍ ഇറങ്ങിയാല്‍ മാത്രം വെടിവെക്കുക എന്നതായിരുന്നു തമിഴ്നാട് വനംവകുപ്പ് സ്വീകരിച്ച നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഷണ്മുഖ നദീ തീരത്തെ വനമേഖലയിലൂടെയായിരുന്നു അരിക്കൊമ്പന്റെ സഞ്ചാരം. കമ്പത്ത് ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷം ആറ് ദിവസമായി അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. വീണ്ടും ഇന്ന് പുലർച്ചയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്.
ആന വനത്തിന് പുറത്തേക്ക് ഇറങ്ങിയത് 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നേരത്തെ തന്നെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് അരിക്കൊമ്പന് മയക്കുവെടിയേല്‍ക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ കേരള വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടുന്നത്. തുടർന്ന് സാറ്റലൈറ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റി. ഇവിടെ നിന്നാണ് അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ കമ്പം മേഖലയിലേക്ക് ഇറങ്ങുന്നത്.
കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇതോടെയാണ് ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് കടത്താനുള്ള നടപടിക്രമങ്ങള്‍ തമിഴ്നാട് സർക്കാർ ശക്തിപ്പെടുത്തുന്നത്.












Click it and Unblock the Notifications