എസി, സോഫ, തമിഴ്‌നാട് മുന്‍ മന്ത്രി ജയിലില്‍ രാജകീയ ജീവിതം, കൈയ്യോടെ പിടിച്ചപ്പോള്‍ സംഭവിച്ചത്....
ചെന്നൈ: പീഡന കേസില്‍ അറസ്റ്റിലായ അണ്ണാഡിഎംകെ മുന്‍ മന്ത്രി മണികണ്ഠന് സബ് ജയിലില്‍ ആഢംബര സൗകര്യങ്ങള്‍. മൊബൈല്‍ എസി യൂണിറ്റ്, സോഫ അടങ്ങുന്ന കിടക്ക, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എന്നിവ അടങ്ങുന്ന സൗകര്യങ്ങളാണ് മണികണ്ഠന് ജയില്‍ അധികൃതര്‍ ഒരുക്കി കൊടുത്തത്. എന്നാല്‍ പോലീസിലെ ഉന്നത അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ ജയിലില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യങ്ങളൊക്കെ പുറത്തറിഞ്ഞത്. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു വിജിലന്‍സ് ടീമുണ്ടാക്കിയാണ് സെയ്ദാപേട്ട് സബ് ജയിലില്‍ മിന്നല്‍ പരിശോധന നടത്തിയത്.

അതേസമയം ഈ ടീം ജയിലില്‍ എത്തുന്നതിന് മുമ്പേ പല കാര്യങ്ങളും ഈ സെല്ലില്‍ നിന്ന് മാറ്റിയിരുന്നു. മൊബൈല്‍ എസി യൂണിറ്റും സോഫയും മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. പരിശോധനയ്ക്ക് പിന്നാലെ ഇയാളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിവാഹം വാഗ്ദാനം നല്‍കി മലേഷ്യന്‍ സ്വദേശിയായ നടിയെ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മണികണ്ഠന് എതിരെയുള്ള കേസ്. മണികണ്ഠന്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു.
കേസ് വന്നതോടെ മണികണ്ഠന്‍ ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ വന്‍ തിരച്ചിലായിരുന്നു നടന്നത്. മുന്‍കൂര്‍ ജാമ്യത്തിന് അടക്കം മണികണ്ഠന്‍ ശ്രമിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി അനുവദിച്ചില്ല. യുവതിയുമായി വര്‍ഷങ്ങളായി ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നു മണികണ്ഠന്‍ ഉണ്ടായിരുന്നത് എന്നാണ് പരാതിയിലുള്ളത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി മൂന്ന് തവണ ഗര്‍ഭിണിയാക്കിയെന്നും, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്നും യുവതി പറയുന്നു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മലേഷ്യയിലെ ബന്ധുക്കളെ വരെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിയും നടിയും തമ്മില്‍ പരിചയത്തിലാവുന്നത്. മന്ത്രി പദവിക്ക് പ്രശ്‌നമാകുമെന്ന് കണ്ടതോടെയാണ് ഇവരെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയത്. അതേസമയം മണികണ്ഠന് ജയിലില്‍ ലഭിച്ച ആഢംബര സൗകര്യത്തിന്റെ ചിത്രങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ ബെംഗളൂരുവിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. മണികണ്ഠനും ഒപ്പം സഹായി ഭരണിക്കെതിരെയും കേസുകളുണ്ട്.












Click it and Unblock the Notifications