അരുണാചലില്‍ അഞ്ചിടത്ത് വിജയം ഉറപ്പിച്ച് ബിജെപി: മുഖ്യമന്ത്രിക്കുള്‍പ്പെടെ എതിരാളികളില്ല
ഇറ്റാനഗർ: അരുണാചല്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ വിജയിച്ച് ബി ജെ പിയുടെ അഞ്ച് സ്ഥാനാർത്ഥികള്‍. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ അവസാന ദിവസമായ ബുധനാഴ്ച മറ്റൊരു സ്ഥാനാർത്ഥിയും അവരുടെ നിയമസഭാ സീറ്റുകളിൽ നിന്ന് പത്രിക സമർപ്പിക്കാത്തതിനാൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിനും മറ്റ് നാല് ബി ജെ പി സ്ഥാനാർത്ഥികള്‍ക്കും എതിരാളികളില്ലാതെയായി. ഇനി ഇവരുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്ന ഘട്ടം മാത്രമാണുള്ളത്.
ഇത് നാലാം തവണയാണ് പേമ ഖണ്ഡു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിൽ അദ്ദേഹം മൂന്ന് തവണ എതിരില്ലാതെ വിജയിക്കുകയാിരുന്നു. തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലമായിരുന്നു മുക്തോ. മുന്‍ കോണ്‍ഗ്രസ് നേതാവായ മുക്തോ കൈപ്പത്തി ചിഹ്നത്തില്‍ ഇവിടെ നിന്നും രണ്ട് തവണ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്കെതിരെ 2,619 വോട്ടിനായിരുന്നു മുഖ്യമന്ത്രിയുടെ വിജയം.

കോൺഗ്രസ് സ്ഥാനാർത്ഥികളും മറ്റ് സ്ഥാനാർത്ഥികളും ബുധനാഴ്ച സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനാൽ താലിയിൽ നിന്നുള്ള ജിക്കെ ടാക്കോ, താലിഹയിൽ നിന്നുള്ള ന്യാറ്റോ ഡുകോം, സഗലിയിൽ നിന്നുള്ള റാതു ടെച്ചി, റോയിംഗിൽ നിന്നുള്ള മുച്ചു മിതി എന്നിവരും എതിരില്ലാതെ വിജയിക്കാൻ പോകുന്ന മറ്റ് നാല് സ്ഥാനാർത്ഥികളായി മാറി.
അരുണാചൽ പ്രദേശിലെ 60 അസംബ്ലി സീറ്റുകളിലും ബി ജെ പി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. പ്രതിപക്ഷമായ കോൺഗ്രസ് 34 സ്ഥാനാർത്ഥികളേയും നാഷണൽ പീപ്പിൾസ് പാർട്ടി29 സ്ഥാനാർത്ഥികളേയുമാണ് നിർത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ)യും യഥാക്രമം 17 പേരെയും രണ്ട് പേരെയും നാമനിർദേശം ചെയ്തിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് അരുണാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. 60 അംഗ നിയമസഭയിലേക്കും അരുണാചൽ വെസ്റ്റ്, അരുണാചൽ ഈസ്റ്റ് എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും 15 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ രണ്ടിനും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിനും പ്രഖ്യാപിക്കും.












Click it and Unblock the Notifications