നിയമസഭ തിരഞ്ഞെടുപ്പ് ഫലം: അരുണാചലില്‍ ബഹുദൂരം മുന്നേറി ബിജെപി: സിക്കിമില്‍ എസ്കെഎം
അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകളില്‍ സിക്കിമില്‍ 4 സീറ്റുകളില്‍ എസ് കെ എം ലീഡ് ചെയ്യുകയാണ്. ബി ജെ പിയും എസ് ഡി എഫും ഒരോ സീറ്റിലും ലീഡ് പിടിച്ചിട്ടുണ്ട്. അരുണാചലില്‍ തുടക്കം മുതല്‍ തന്നെ മികച്ച ലീഡ് പിടിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. 8 സീറ്റുകളിലാണ് അവരുടെ സ്ഥാനാർത്ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്. 60 അസംബ്ലി സീറ്റുകളുള്ള അരുണാചൽ പ്രദേശിലും 32 മണ്ഡലങ്ങളുള്ള സിക്കിമിലും ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്. സിക്കിമിലെ ആകെ പോളിങ് 79.88 ശതമാനവും അരുണാചൽ പ്രദേശിൽ പോളിങ് 82.95 ശതമാനവുമായിരുന്നു.
ഭരണകക്ഷിയായ പ്രേം സിംഗ് തമാങ്ങിൻ്റെ നേതൃത്വത്തിലുള്ള സിക്കിം ക്രാന്തികാരി മോർച്ചയും (എസ് കെ എം) പവൻ കുമാർ ചാംലിംഗിൻ്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ് ഡി എഫ്) തമ്മിലാണ് സിക്കിമിലെ പ്രധാന മത്സരം. ബി ജെ പിയും കോൺഗ്രസും സിക്കിമില്‍ തനിച്ചും മത്സരിക്കുന്നു.

മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്, അദ്ദേഹത്തിൻ്റെ ഭാര്യ കൃഷ്ണ കുമാരി റായ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ, ബിജെപിയുടെ നരേന്ദ്ര കുമാർ സുബ്ബ എന്നിവരാണ് 146 മത്സരാർത്ഥികളിലെ പ്രമുഖർ. എസ് ഡി എഫ് സ്ഥാനാർത്ഥിയായിട്ടാണ് ബൈച്ചുങ് ബൂട്ടിയ മത്സരിക്കുന്നത്.
എസ് കെ എമ്മിനും എസ് ഡി എഫിനും 32 സ്ഥാനാർത്ഥികൾ വീതവും ബി ജെ പിക്ക് 31 സ്ഥാനാർത്ഥികളുമാണുള്ളത്. കോൺഗ്രസ് 12 സീറ്റുകളിലും സിറ്റിസൺ ആക്ഷൻ പാർട്ടി-സിക്കിം 30 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 2019ൽ പ്രേം സിംഗ് തമാങ്ങിൻ്റെ നേതൃത്വത്തിലുള്ള എസ് കെ എം 17 സീറ്റുകൾ നേടിയപ്പോൾ എഡ് ഡി എഫിന് 15 സീറ്റുകളായിരുന്നു ലഭിച്ചത്.
60 അംഗ അരുണാചൽ നിയമസഭയിൽ ഭരണകക്ഷിയായ ബി ജെ പിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ബി ജെ പി 60 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയപ്പോള്‍ കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി) എന്നിവരും അരുണാചൽ പ്രദേശിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
അരുണാചലിലെ ബോംഡില, ചൗഖാം, ഹയുലിയാങ്, ഇറ്റാനഗർ, മുക്തോ, റോയിംഗ്, സഗലി, താലി, താലിഹ, സിറോ-ഹാപോളി എന്നീ മണ്ഡലങ്ങളിൽ മറ്റാരും സ്ഥാനാർത്ഥികളെ നിർത്താത്തിനാല്‍ ബി ജെ പി ഇതിനോടകം എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും എതിരില്ലാതെ വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുവരും ബി ജെ പി നേതാക്കളാണ്. ബിയൂറാം വാഗെ (ബി ജെ പി), നിനോങ് എറിംഗ് (ബി ജെ പി), കാരിഖോ ക്രി (എൻ പി പി), പാനി തരാം (ബി ജെ പി), കുമാർ വാലി (കോൺഗ്രസ്), കംലുങ് മൊസാങ് (ബി ജെ പി), വാങ്കി ലോവാങ് (ബി ജെ പി), ജാമ്പ തിരൺലി കുങ്കാപ് (കോൺഗ്രസ്) എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.












Click it and Unblock the Notifications