'ആദ്യം സിസോദിയയോട്, ഇപ്പോൾ തന്നോടും'; പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് കെജ്രിവാൾ
ന്യൂഡൽഹി: മുൻ മന്ത്രിയും മുതിർന്ന എഎപി നേതാവുമായ മനീഷ് സിസോദിയെ കയ്യേറ്റം ചെയ്‌ത പോലീസുകാരൻ തന്നോടും അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി മദ്യനയ കേസിൽ ഇഡി അറസ്‌റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സുരക്ഷാ സംഘത്തിൽ നിന്ന് ഈ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് എഎപി മേധാവി ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്‌ച ഇഡി സമർപ്പിച്ച റിമാൻഡ് അപേക്ഷയിൽ വാദം കേൾക്കുന്നതിനായി കോടതിയിൽ കൊണ്ടുവരുന്നതിനിടെ അസിസ്‌റ്റൻ്റ് പോലീസ് കമ്മീഷണർ എകെ സിംഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് കെജ്രിവാൾ നൽകിയ അപേക്ഷയിൽ പറയുന്നത്. എന്നാൽ ഏത് രീതിയിലുള്ള മോശം പെരുമാറ്റമാണ് പോലീസ് ഉദ്യോഗസ്ഥൻ കെജ്രിവാളിനോട് നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ വർഷം ഇതേ കോടതി വളപ്പിൽ വെച്ച് മാധ്യമപ്രവർത്തകർ മനീഷ് സിസോദിയയോട് ഒരു ചോദ്യം ചോദിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ച് തടഞ്ഞുവെന്ന് ആരോപണം നേരിട്ട അതേ പോലീസുകാരനാണ് എകെ സിംഗ്. ഇതിന് പിന്നാലെ സംഭവം വീഡിയോയിൽ പകർത്തുകയും സിസോദിയ രേഖാമൂലം പരാതി നൽകുകയും ചെയ്‌തിരുന്നു.
എന്നാൽ വിഷയത്തിൽ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും വീഡിയോയിൽ കാണിച്ചിരിക്കുന്ന നടപടി സുരക്ഷയ്ക്ക് ആവശ്യമാണെന്നും പ്രതികൾ മാധ്യമങ്ങൾക്ക് മൊഴി നൽകുന്നത് നിയമവിരുദ്ധമാണെന്നും ഡൽഹി പോലീസ് വിശദീകരണം നൽകിയിരുന്നു. തുടർന്ന് സിസോദിയയെ വീഡിയോ കോൺഫറൻസിങ് വഴി മാത്രം ഹാജരാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഡൽഹി മദ്യനയക്കേസിൽ സിസോദിയയെ കസ്‌റ്റഡിയിലെടുത്തതെങ്കിൽ, ഈ മാർച്ച് 21ന് രാത്രിയോടെയാണ് ഇഡി കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്, ഇതോടെ ഇത്തരമൊരു നടപടി നേരിടുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി കെജ്രിവാൾ മാറിയിരുന്നു. സംഭവത്തിന് പിന്നാലെ എഎപി മേധാവിയെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി, ഏഴ് ദിവസത്തേക്ക് ഇഡി കസ്‌റ്റഡിയിൽ വിട്ടിരുന്നു.
ഡൽഹി മദ്യനയ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകൾ അന്വേഷിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന ഏജൻസിയായ ഇഡി കെജ്രിവാളിനെ 10 ദിവസത്തേക്ക് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. മദ്യ നയ അഴിമതിയിൽ പ്രധാന സൂത്രധാരനാണ് കെജ്രിവാള്‍ എന്നാണ് ഇഡി ആരോപിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ ഗ്രൂപ്പിനും, മറ്റ് പ്രതികള്‍ക്കും ഇടയിലെ പ്രധാന ഇടനിലക്കാരനായിരുന്നു കെജ്രിവാള്‍ എന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications