ക്ഷേത്ര സന്ദര്‍ശനം, ബിജെപിക്കെതിരെ കടുത്ത വാക്കുകള്‍; പിന്നാലെ ജയിലിലേക്ക് മടങ്ങി കെജ്രിവാള്‍
ന്യൂഡല്‍ഹി: ഇടക്കാല ജ്യാമ കാലാവധി അവസാനിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ മടങ്ങിയെത്തി. അതേസമയം ജൂണ്‍ അഞ്ച് വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയത് കൊണ്ടാണ് താന്‍ ജയിലില്‍ അടയ്ക്കപ്പെട്ടതെന്ന് കെജ്രിവാള്‍ പറഞ്ഞു.
ജയിലില്‍ എത്തി കീഴടങ്ങുന്നതിന് മുമ്പ് എഎപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തായിരുന്നു കെജ്രിവാള്‍ വൈകാരികമായ പ്രസംഗം നടത്തിയത്. എക്‌സിറ്റ് പോളുകള്‍ വ്യാജമാണ്. ജൂണ്‍ നാലിന് ശേഷം ബിജെപി അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, ഇന്ന് നിങ്ങളുടെ മകനായ ഞാന്‍ ജയിലിലേക്ക് മടങ്ങുകയാണ്. ഞാന്‍ എന്തെങ്കിലും അഴിമതിയുടെ ഭാഗമായത് കൊണ്ടല്ല, ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയത് കൊണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എനിക്കെതിരെ യാതൊരു തെളിവുമില്ലെന്ന് പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു.
500 സ്ഥലങ്ങളില്‍ അവര്‍ പരിശോധന നടത്തി. ഒരു രൂപ പോലും അവര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. എക്‌സിറ്റ് പോളുകള്‍ ബിജെപിയുടെ മൈന്‍ഡ് ഗെയിമിന്റെ ഭാഗമാണ്. എല്ലാം വ്യാജമാണെന്നും കെജ്രിവാള്‍ പറഞ്ഞു. ഒരു എക്‌സിറ്റ് പോളില്‍ രാജസ്ഥാനില്‍ ബിജെപി 33 സീറ്റ് നേടുമെന്ന് വരെ പ്രവചിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവിടെ 25 സീറ്റുകള്‍ മാത്രമാണ് ഉള്ളതെന്നും കെജ്രിവാള്‍ പരിഹസിച്ചു.
അതേസമയം ഫലം വരുന്നതിന് മൂന്ന് ദിവസം മുമ്പ് ഇത്തരമൊരു വ്യാജ എക്‌സിറ്റ് പോളുകള്‍ വരുന്നത് എന്തിനാണ് എന്നതാണ് പ്രധാന ചോദ്യം. ഇതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളുണ്ട്. ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാണ് ബിജെപി അനുകൂല സര്‍വേകള്‍ പുറത്തുവരുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.
നേരത്തെ കെജ്രിവാള്‍ രാജ്ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സ്മൃതി കുടീരവും, കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിച്ചാണ് പ്രവര്‍ത്തകരെ കാണാനെത്തിയത്. സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെജ്രിവാള്‍ സംസാരിക്കാന്‍ തുടങ്ങിയത്. ഇടക്കാല ജാമ്യം ഏറെ ഉപകാരപ്പെട്ടുവെന്ന് കെജ്രിവാള്‍ പറഞ്ഞു.
മൂന്ന് മണിയോടെയാണ് കെജ്രിവാള്‍ വീട്ടില്‍ നിന്നിറങ്ങിയത്. അതിന് ശേഷമാണ് ഗാന്ധി കുടീരവും, ക്ഷേത്ര സന്ദര്‍ശനവുമെല്ലാം നടത്തിയത്. 21 ദിവസത്തില്‍ ഒരു ദിനം പോലും ഞാന്‍ പാഴാക്കി കളഞ്ഞിട്ടില്ല. എല്ലാ പാര്‍ട്ടികള്‍ക്ക് വേണ്ടിയും ഞാന്‍ പ്രചാരണം നടത്തിയിട്ടുണ്ട്. രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് പ്രചാരണം നടത്തിയത്.
രാജ്യം വളരെ പ്രധാനപ്പെട്ടതാണ്. ആംആദ്മി പാര്‍ട്ടി രണ്ടാമത് മാത്രമേ വരുള്ളൂ. മറക്കാനാവാത്ത അനുഭവമായിരുന്നു അതെന്നും കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാളിനൊപ്പം ഭാര്യ സുനിതയും, ഡല്‍ഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗഹലോട്ട്, സൗരഭ് ഭരദ്വാജ്, എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പഥക്, നേതാക്കളായ ദുര്‍ഗേഷ് പഥക്, രാഖി ബിര്‍ള, റീന ഗുപ്ത എന്നിവരുമുണ്ടായിരുന്നു.












Click it and Unblock the Notifications