മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ യോഗിയുടെ കസേര തെറിപ്പിക്കും: അരവിന്ദ് കെജ്രിവാള്‍
ജയില്‍ മോചിതനായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി എ എ പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. നമ്മളെ അവസാനിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദി അടുത്തതായി ബി ജെ പി നേതാക്കളെ തന്നെ ആക്രമിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. "അവർ ഞങ്ങളെ തകർക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ആം ആദ്മി പാർട്ടി ഒരു ആശയമാണ്. ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്തോറും അത് വളരും," എ എ പി കണ്‍വീനർ പറഞ്ഞു.
പാർട്ടിയുടെ നാലു മുതിർന്ന നേതാക്കളെയാണ് ജയിലിലടച്ചത്. ലോകത്തെ ഏറ്റവും വലിയ കള്ളന്മാർ ബി ജെ പിയിലാണുള്ളത്. അഴിമതിക്കാരെ ബി ജെ പിയിലേക്ക് ക്ഷണിച്ച് കേസ് ഒഴിവാക്കുകയാണെന്നും മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാൾ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

അഴിമതിക്കെതിരെ പോരാടുന്നവർ എന്നെ കണ്ട് പഠിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം എന്ന് പറയുന്നത് ഒരു രാജ്യം ഒരു നേതാവ് എന്നതാണ്. രാജ്യത്തെ ജനങ്ങൾ വിഡ്ഢികളെന്നാണോ അവർ കരുതുന്നത്. മോദിയെ എതിർക്കുന്നവരേയെല്ലാം അവർ ജയിലിലാക്കുകയാണ്. രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്നും രക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്. ജൂണ്‍ നാലിന് ശേഷം രാജ്യത്ത് ബി ജെ പി സർക്കാർ ഉണ്ടാകില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
'ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചെയ്യുക ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റുക എന്നതാണ്. എൽ കെ അദ്വാനി, മുരളി ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ, ഖട്ടർ, രമൺ സിംഗ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചു. യോഗി ആദിത്യനാഥാണ് അടുത്തത്. അദ്ദേഹം (പിഎം മോദി) വിജയിച്ചാൽ യുപി മുഖ്യമന്ത്രിയെ ഒരു മാസത്തിനകം മാറ്റും.' അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ജെ പിയുടെ ആക്രമണങ്ങൾക്ക് ഒരു മാതൃകയുണ്ട് - പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും ജയിലിലടച്ച് സർക്കാരിനെ അട്ടിമറിക്കും. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും കേന്ദ്രസർക്കാരിൻ്റെ നിർദേശപ്രകാരം കേന്ദ്ര ഏജൻസികൾ വേട്ടയാടി. രണ്ട് സംസ്ഥാനങ്ങളിൽ നിലവിലുള്ള ഒരു ചെറിയ പാർട്ടിയാണ് ഞങ്ങളുടെ എ എ പി. പക്ഷേ, ഞങ്ങളുടെ പാർട്ടിയെ തകർക്കാനുള്ള ഒരു അവസരവും പ്രധാനമന്ത്രി മോദി ഒഴിവാക്കിയില്ല. ഒരേ സമയം നാല് നേതാക്കളെ ജയിലിലേക്ക് അയച്ചു. വലിയ പാർട്ടികളുടെ നാല് മുൻനിര നേതാക്കൾ ജയിലിലായാൽ പാർട്ടി അവസാനിക്കും- കെജ്രിവാൾ പറഞ്ഞു.
അതേസമയം, "ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ" എല്ലാവരും മുന്നിട്ടിറങ്ങണമെന്നായിരുന്നു രാവിലെ ക്ഷേത്ര സന്ദർശനം നടത്തിയതിന് പിന്നാലെയുള്ള കെജ്രിവാളിന്റെ പ്രതികരണം. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ജൂൺ 1 വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications