ദില്ലിയിലേക്ക് നോക്കൂ... പഞ്ചാബ് പിടിക്കാന്‍ കെജ്രിവാള്‍; വാചക കസര്‍ത്തല്ല!! 20ല്‍ നിന്ന് കുതിപ്പിന് എഎപി
ചണ്ഡീഗഡ്: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഏതാനും സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങും മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്റ് ഇടപെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഗോളടിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം.
വന്‍ പ്രഖ്യാപനങ്ങളുമായി അദ്ദേഹം പഞ്ചാബില്‍ നിറയുകയാണ്. ദില്ലിയില്‍ നടത്തിയതിന് സമാനമായ പ്രഖ്യാപനങ്ങളാണ് പഞ്ചാബിലും. ഇതാകട്ടെ കോണ്‍ഗ്രസിന്റെ ഇടനെഞ്ച് തകര്‍ക്കുന്നതുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

കുടുംബങ്ങള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള പ്രഖ്യാപനങ്ങളാണ് പഞ്ചാബില്‍ കെജ്രിവാള്‍ നടത്തുന്നത്. നിങ്ങള്‍ ദില്ലിയിലേക്ക് നോക്കൂ എന്നാണ് പഞ്ചാബുകാരോട് കെജ്രിവാള്‍ പറഞ്ഞത്. 24 മണിക്കൂറും വൈദ്യുതി ലഭിക്കുമെന്നാണ് കെജ്രിവാളിന്റെ സുപ്രധാനമായ ഒരു പ്രഖ്യാപനം. കാര്‍ഷിക മേഖല സജീവമായുള്ള പഞ്ചാബില്‍ ഇത് വന്‍ ചലനമുണ്ടാക്കും.

എഎപി അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗം തീര്‍ത്തും സൗജന്യമായിരിക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു. നേരത്തെ കുടിശ്ശികയുള്ള വൈദ്യുതി ബില്ലുകള്‍ എഴുതി തള്ളുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ഇത്തരം പ്രഖ്യാപനങ്ങളെല്ലാം തങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും കെജ്രിവാള്‍ എടുത്തു പറയുന്നു.

വെറും വാചക കസര്‍ത്തല്ല നടത്തുന്നതെന്ന് പറയുകയാണ് ദില്ലി ചൂണ്ടിക്കാട്ടി കെജ്രിവാള്‍. ഇത് കെജ്രിവാളിന്റെ വാക്കുകളും വാഗ്ദാനങ്ങളുമാണ്. അല്ലാതെ ക്യാപ്റ്റന്റേതല്ല എന്നു അമരീന്ദര്‍ സിങിനെ സൂചിപ്പിച്ച് അദ്ദേഹം പറയുന്നു. ക്യാപ്റ്റന്‍ നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ഛണ്ഡീഗഡ് പ്രസ് ക്ലബ്ബില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ കെജ്രിവാള്‍ രംഗത്തുവന്നത്. പഞ്ചാബില്‍ എഎപി അധികാരത്തിലെത്തിയാല്‍ എന്തെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം. 300 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമാക്കുമ്പോള്‍ പഞ്ചാബിലെ 80 ശതമാനത്തോളം വീട്ടുകാര്‍ക്ക് ബില്ലടക്കാനുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രഖ്യാപനങ്ങള്‍ കൊണ്ട് പഞ്ചാബിലെ ജനങ്ങളുടെ മനസ് കീഴടക്കാന്‍ സാധിക്കില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും 20 സീറ്റുകള്‍ മാത്രമാണ് എഎപിക്ക് ലഭിച്ചത്. പിന്നീട് ചില എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തുവെന്നും അവര്‍ പറയുന്നു.

25 ലക്ഷം പേര്‍ക്ക് ജോലി, അഞ്ച് രൂപയ്ക്ക് ഭക്ഷണം, സൗജന്യ വൈഫൈ, സംരഭകത്വ പദ്ധതികള്‍, വയോജന പെന്‍ഷന്‍, മയക്കുമരുന്ന് വിമുക്തമാക്കല്‍ എന്നിങ്ങനെയായിരുന്നു 2017ലെ കെജ്രിവാളിന്റെ പ്രഖ്യാപനങ്ങള്‍. അന്ന് 20 സീറ്റാണ് എഎപി നേടിയത്. കോണ്‍ഗ്രസ് 77 സീറ്റ് നേടി അധികാരത്തിലെത്തി. 10 വര്‍ഷം ഭരണത്തിലുണ്ടായിരുന്ന അകാലിദള്‍-ബിജെപി സഖ്യം തകര്‍ന്നടിയുകയായിരുന്നു.

കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ഇതുസംബന്ധിച്ച് കൃത്യമായ പഠനം നടത്തിയിട്ടുണ്ട്. വൈദ്യുതി ബില്ല് വളരെ ഉയര്‍ന്ന അളവിലാണ് പഞ്ചാബില്‍. അത് ഇല്ലാതായാല്‍ തന്നെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. അതുകൊണ്ടാണ് എഎപി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും അരിവിന്ദ് കെജ്രിവാള്‍ പറയുന്നു.












Click it and Unblock the Notifications