നിര്‍ണ്ണായക നിമിഷത്തില്‍ തുണയായി എത്തിയത് ജൂഹി ചൗള: എന്നിട്ടും ആര്യന്‍ ഖാന്‍ ഇന്ന് പുറത്തിറങ്ങിയില്ല
മുംബൈ: ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജയില്‍ മോചനം നീളുന്നു. വിടുതല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണ് താരപുത്രന് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതെ പോയത്. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി മോചന ഉത്തരവ് ഇന്ന് വൈകീട്ട് 5.30 ന് ജയിലില്‍ എത്തിക്കേണ്ടതായിരുന്നു.
എന്നാല്‍ ഇതിന് സാധിച്ചില്ല. ഇതോടെ നാളെ ആര്യന്‍ ഖാന്‍ നാളെ ജയില്‍ മോചിതനായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു ശേഷമായിരുന്നു ആര്യന്‍ ഖാനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവിറക്കിയത്.

ഇന്ന് തന്നെ ആര്യന്‍ ഖാനെ പുറത്തിറക്കാനുള്ള എല്ലാ ശ്രമങ്ങളും അഭിഭാഷകര്‍ മുഖേനെ ഷാരൂഖാന്റെ കുടുംബം നടത്തിയിരുന്നു. വൈകീട്ട് മൂന്ന് മണിയോടെയാണ് ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഉത്തരവ് കോടതിയില്‍ നിന്നും അഭിഭാഷകര്‍ക്ക് ലഭിച്ചത്. ഉടന്‍ തന്നെ അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ച് ജാമ്യത്തുക കെട്ടിവയ്ക്കുന്നത് ഉള്‍പ്പടേയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
തിരിച്ച് വരവില്‍ ഞെട്ടിക്കാന്‍ ആന്‍ അഗസ്റ്റിന്‍: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്തും പ്രശസ്ത ബോളിവുഡ് നടിയുമായ ജൂഹി ചൗളയായിരുന്നു വിചാരണക്കോടതിയില്‍ എത്തി ജാമ്യ ബോണ്ടില്‍ ഒപ്പുവച്ചത്. എന്നാല്‍ ഇതിന് ശേഷം അഞ്ചരയ്ക്ക് മുന്‍പായി മോചന ഉത്തരവ് ആര്യന്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡിലെ ജയിലില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ ഇന്ന് തന്നെ ആര്യന്‍ ഖാനെ പുറത്തിറക്കാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.

ആര്യന്‍ ഖാനെ ഇന്ന് പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഷാരൂഖ് ഖാന്‍ ഉള്‍പ്പടേയുള്ളവര്‍ ജയിലിന് പുറത്ത് എത്തിയിരുന്നു. ഇതറിഞ്ഞ് ജയിലിന് പുറത്ത് ഷാരൂഖിന്റെ വീടിന് മുന്നിലും വലിയ തോതില്‍ ആരാധകര്‍ തടിച്ച് കൂടുകയും ചെയ്തിരുന്നു. അതേസമയം, ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തായിട്ടും ആര്യന്‍ ഖാന്‍ വിഷയത്തില്‍ ജൂഹി പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനം ചിലര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ ജൂഹിയുടെ ഇടപെടല്‍ ഇതിനെല്ലാം ഉള്ള മറുപടി കൂടിയായി.

'പ്രധാന കാര്യം അവൻ വീട്ടിലേക്ക് മടങ്ങുന്നതാണ്. ഇത് വലിയ ആശ്വാസമാണ്'- എന്നായിരുന്നു രേഖകളില്‍ ഒപ്പിട്ടതിന് ശേഷം ജൂഹി ചൗളയുടെ പ്രതികരണം. മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഖാന്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.

ജാമ്യവ്യവസ്ഥ പ്രകാരം ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍ സി ബി ഓഫീസില്‍ എത്തി ഒപ്പുവയ്ക്കണം. മാത്രവുമല്ല സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം എന്ന് തുടങ്ങിയവയാണ് മറ്റ് ജാമ്യ വ്യവസ്ഥകള്‍. ഈ മാസം രണ്ടിനായിരുന്നു ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍ സി ബി) കസ്റ്റഡിയിലായത്.












Click it and Unblock the Notifications