അസൻസോളിൽ തങ്ങളുടെ പഴയ നേതാവ് ശത്രുഘ്‌നൻ സിൻഹയെ നേരിടാൻ എംഎൽഎ അഗ്നിമിത്രയെ കളത്തിലിറക്കി ബിജെപി
കൊൽക്കത്ത; പശ്ചിമ ബംഗാളിൽ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. അസൻസോൾ ലോക്സഭാ സീറ്റിലേക്ക് പാർട്ടി എംഎൽഎ അഗ്നിമിത്ര പോളിനെ സ്ഥാനാർത്ഥിയായി നിർത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ തന്നെ മുൻ എംപി ശത്രുഘ്‌നൻ സിൻഹയാണ് തൃണമൂൽ കോൺ ഗ്രസിനായി ഇവിടെ മത്സരിക്കുന്നത്. ബിജെപി പാളയത്തിൽ ആയിരുന്നപ്പോൾ പട്‌ന സാഹിബിൽ നിന്ന് മത്സരിച്ച് സിൻഹ ലോക്സഭയിൽ എത്തിയിരുന്നു.
അസൻസോളിൽ ജയിച്ച ബാബുൽ സുപ്രിയോ ബിജെപിയിൽനിന്നു രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നപ്പോൾ എംപി സ്ഥാനവും രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത്. നടനും രാഷ്ട്രീയക്കാരനുമായ സിൻഹ ബിജെപി വിട്ടതിന് ശേഷം കോൺ ഗ്രസിൽ ചേർന്നിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പട്‌നയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം ബിജെപിയുടെ രവിശങ്കർ പ്രസാദിനോട് പരാജയപ്പെട്ടിരുന്നു. അതിന് ശേഷം ഈ അടുത്തിടെയാണ് സിൻഹ തൃണമൂലിൽ ചേർന്നത്. 'ബംഗാൾ പെൺകടുവ'യുടെ ക്ഷണമനുസരിച്ചാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയെ പരാമർശിച്ച് ശത്രുഘ്നൻ സിൻഹ ട്വീറ്റ് ചെയ്തിരുന്നു. സിൻഹ തൃണമൂലിൽ എത്തിയാൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുമെന്ന് മമത നേരത്തെ തന്നെ പറഞ്ഞിരുന്നു.

മമതക്ക് ഒപ്പം പ്രവർത്തിക്കാനാകുന്നത് വലിയ ആദരവാണെന്നും അസൻസോൾ ലോക്സഭാ സീറ്റിൽ താൻ മത്സരിക്കാൻ തയ്യാറാണെന്നും തൃണമൂലിൽ ചേർന്നതിന് ശേഷം ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സിൻഹ പറഞ്ഞു. തന്റെ പാർട്ടി മാറ്റത്തിൽ പ്രശാന്ത് കിഷോറും മുതിർന്ന സഹോദരൻ യശ്വന്ത് സിൻഹയും വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കൊണ്ട് കോൺ ഗ്രസ് വിട്ടു എന്ന ചോദ്യത്തിന് ഉത്തരം ഒന്നും അദ്ദേഹം നൽകിയില്ല. ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും അത് ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും ആയിരുന്നു സിൻ ഹയുടെ മറുപടി.
ബിജെപിയുടെ രാജ്യസഭ എംപിയായും ലോക്സഭാ എംപിയുമായും സിൻഹ സേവനം അനുഷ്ടിച്ചിട്ടുണ്ട്. വാജ്പേയ് നയിച്ച ബിജെപി സർക്കാരിൽ ആരോ ഗ്യം, കുടുംബാസൂത്രണം, ഷിപ്പിം ഗ് എന്നീ വകുപ്പുകളുടെ ചുമതല നിർവഹിച്ചിരുന്നതും അദ്ദേഹമാണ്. 2019 പാർലമെന്ററി തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ തുടർന്നായിരുന്നു ഇദ്ദേഹം ബിജെപി വിട്ടത്. ബിജെപിയിൽ വൺ മാൻ ഷോ ആണെന്നും പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനാണ് എല്ലാം തീരുമാനവും എടുക്കുന്നതെന്നും ബിജെപി വിട്ടതിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications