കസേര ഉറപ്പിക്കാൻ കരുക്കൾ നീക്കി അശോക് ഗെഹ്ലോട്ട്; വെട്ടാൻ പതിനെട്ടടവും പയറ്റി സച്ചിൻ പക്ഷം, രാജസ്ഥാനിൽ ആകാംക്ഷ
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ അശോക് ഗെഹ്ലോട്ടിന്റെ പേരിൽ ചർച്ച മുറുകുമ്പോൾ രാജസ്ഥാൻ രാഷ്ട്രീയവും ആകാംക്ഷയിൽ. ഗെഹ്ലോട്ട് അധ്യക്ഷനായാൽ അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ചാണ് ചർച്ചകൾ ഉയരുന്നത്. അധ്യക്ഷനായാലും മുഖ്യമന്ത്രി പദം കൈവിടില്ലെന്ന നിലപാടിലാണ് ഗെഹ്ലോട്ട്. എന്നാൽ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ട മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിൻ പക്ഷവും രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് പോര് മുറുകുകയാണ്.

അധ്യക്ഷ പദവിയും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വേണമെന്നതാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. എന്നാൽ ഉദയ്പൂർ ചിന്തിൻ ശിബിർ പ്രഖ്യാപനത്തിന് എതിരാണ് ഗെഹ്ലോട്ടിന്റെ നിലപാട് എന്നാണ് സച്ചിൻ പക്ഷം ചൂണ്ടിക്കാട്ടുന്നത്. ഒരാൾക്ക് ഒരു പദവി എന്ന പ്രഖ്യാപനം ഗെഹ്ലോട്ടിന് വേണ്ടി തിരുത്തരുതെന്ന് ഇവർ പറയുന്നു. എന്നാൽ അധ്യക്ഷ പദവിയും മുഖ്യമന്ത്രി പദവിയും തിരഞ്ഞെടുക്കപ്പെട്ട പദവികളാണെന്നാണ് ഗെഹ്ലോട്ടിന്റെ മറുവാദം. നാമനിർദ്ദേശം ചെയ്ത പദവികൾക്ക് മാത്രമേ പാർട്ടി നയം വിലങ്ങ് തടിയാകൂവെന്നും ഗെഹ്ലോട്ട് പറയുന്നു.

അതേസമയം ഗെഹ്ലോട്ട് അധ്യക്ഷനായാൽ മുഖ്യമന്ത്രി പദം മറ്റൊരാൾക്ക് എന്നതാണ് എഐസിസി നിലപാട് എന്നതാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ സംസ്ഥാനത്ത് വലിയ പൊട്ടിത്തെറി ഉണ്ടാകാതിരികാൻ സച്ചിനെ മുഖ്യമന്ത്രിയായി നിയമിക്കാമെന്നാണ് നേതൃത്വത്തിന്റെ ആലോചനകൾ.ഗെഹ്ലോട്ടുമായുള്ള പോരിന്റെ പേരിൽ ഒരിക്കൽ വിമത നീക്കം നടത്തിയ നേതാവാണ് സച്ചിൻ. വീണ്ടും പരിഗണിക്കാത്ത സാഹചര്യം ഉണ്ടായാൽ സമാന നീക്കങ്ങൾ സച്ചിൻ പക്ഷത്ത് നിന്ന് ഉണ്ടായേക്കുമെന്ന ആശങ്കയും ഹൈക്കമാന്റിന് ഉണ്ട്.

രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയും അടുത്ത ബന്ധമാണ് സച്ചിനുള്ളത്. പാർട്ടിയെ സമ്മർദ്ദത്തിലാക്കിയ സച്ചിനെ അന്ന് പ്രിയങ്ക നേരിട്ട് ഇടപെട്ടായിരുന്നു തിരിച്ചെത്തിച്ചത്. അർഹമായ പദവികൾ നൽകുമെന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ ഗെഹ്ലോട്ടിന്റെ കടുംപിടിത്തത്തെ തുടർന്ന് പദവികളൊന്നുമില്ലാതെ തുടരുകയാണ് അദ്ദേഹം.

ഗെഹ്ലോട്ട് അധ്യക്ഷനായാൽ സച്ചിനെ മുഖ്യമന്ത്രിയാക്കാനും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സച്ചിനെ മുൻനിർത്തി നയിക്കാനുമാണ് ഹൈക്കമാന്റിന്റെ പദ്ധതി.2018 ൽ പാർട്ടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയായിരുന്നു സച്ചിൻ. ആഭ്യന്തര ഭിന്നതയിൽ ബി ജെ പി പുകയുമ്പോൾ സംസ്ഥാനത്ത് ഭരണതുടർച്ചയ്ക്ക് സാധ്യത ഉണ്ടെന്നതിനാൽ അനാവശ്യ പൊട്ടിത്തെറികളിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാതിരിക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പദം നഷ്ടമായാൽ തന്റെ പകരക്കാരനായി വിശ്വസ്തരുടെ പേരുകൾ ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്. ശാന്തി ധരിവാൽ, പിസിസി പ്രസിഡന്റ് ഗോവിന്ദ് ദോസ്തര എന്നിവരുടെ പേരുകളാണ് ഗെഹ്ലോട്ടിന്റെ നിർദ്ദേശം. മുതിർന്ന നേതാവും നിയമസഭ സ്പീക്കറുമായ സി പി ജോഷിയും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. ഇനി വിഷയത്തിൽ ഹൈക്കമാന്റ് എന്ത് നിലപാട് എടുക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

കൊച്ചിയിലെത്തി ഗെഹ്ലോട്ട്; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച
അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇന്ന് വിജ്ഞാപനം വരാനിരിക്കെ കൊച്ചിയിലെത്തി മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ ജോഡോ യാത്രയിലുള്ള രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനാണ് ഗെഹ്ലോട്ട് എത്തിയത്. രാഹുൽ ഗാന്ധിയോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഗെഹ്ലോട്ട് വീണ്ടും ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. അതേസമയം സച്ചിൻ പൈലറ്റും കേരളത്തിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന സച്ചിൻ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തന്നെ വരണമെന്ന ആവശ്യം ആവർത്തിച്ചിരുന്നു.


Click it and Unblock the Notifications