ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പരാമർശം; അശോക യൂനിവേഴ്സിറ്റി പ്രൊഫസർ അറസ്റ്റിൽ
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച അശോക സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. അസോസിയേറ്റ് പ്രൊഫസറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായ അലി ഖാൻ മഹ്മൂദാബാദ് ആണ് അറസ്റ്റിലായത്. ഹരിയാന ബി ജെ പി യുവജന വിഭാഗം ജനറൽ സെക്രട്ടറ യോഗേഷ് ജതേരിയുടെ പരാതിയിലാണ് നടപട. സാമുദായിക സംഘർഷം പ്രചരിപ്പിക്കൽ, കലാപം പ്രോത്സാഹിപ്പിക്കൽ, മതവികാരങ്ങൾ വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
മെയ് 8 നാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അലി ഖാൻ പോസ്റ്റിട്ടത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ വനിതാ ഓഫീസർമാരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരെ ഉൾപ്പെടുത്തിയതിനെ കുറിച്ചായിരുന്നു കുറിപ്പ്. വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ നടപടി മികച്ച മാതൃകയാണെങ്കിലും വലതുപക്ഷ നിരൂപകർ കേണൽ സോഫിയയെ ആഘോഷിക്കുന്നത് കാപട്യമാണെന്നായിരുന്നു അലി ഖാന്റെ വിമർശനം.

ആൾക്കൂട്ട കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം എന്നിങ്ങനെ ബി ജെ പിയുടെ വിദ്വേഷണ പ്രചരണത്തിൽ ഇരകളാക്കപ്പെട്ടവരെ കൂടി ഇന്ത്യൻ പൗരൻമാരെന്ന നിലയിൽ പരിഗണിക്കണമെന്നും അവരുടെ സംരക്ഷണം ആവശ്യപ്പെടണമെന്നുമായിരുന്നു അലി ഖാൻ പോസ്റ്റിൽ കുറിച്ചത്. പ്രതീകാത്മക രീതികളല്ല, മറിച്ച് യഥാർത്ഥ മാറ്റമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അലി ഖാന്റെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. പരാമർശത്തിനെതിരെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ അലി ഖാനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. മെയ് 15 ന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. മഹ്മൂദാബാദിന്റെ പരാമർശങ്ങൾ യൂണിഫോമിലുള്ള സ്ത്രീകളെ അപമാനിക്കുന്നതും വർഗീയ സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് കമ്മീഷൻ നോട്ടീസിൽ ആരോപിച്ചത്.
അതേസമയം അലി ഖാൻ 15 ന് ഹാജരായില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. മെയ് 15 ന് സർവകലാശാലയിൽ നിശ്ചയിച്ചിരുന്ന യോഗത്തിലും അലി ഖാൻ ഹാജരായിട്ടില്ലെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയ പറഞ്ഞു. എന്നാൽ കമ്മീഷനെതിരെ പിന്നീട് അലി ഖാൻ രംഗതെത്തി. തന്റെ പരാമർശങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രൊഫസർ അലി ഖാൻ സമാജ്വാദി പാർട്ടിയുടെ വക്താവ് കൂടിയാണ്. കേംബ്രിഡ്ജ് സർവകലാശാല, ഡമാസ്കസ് സർവകലാശാല, അമേരിക്കയിലെ ആംഹെർസ്റ്റ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.












Click it and Unblock the Notifications