'നരേന്ദ്ര മോദി ഭയക്കുന്ന നേതാവ് രാഹുല്‍ മാത്രം'; അധ്യക്ഷ പദവി രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിക്കണമെന്ന്'
ദില്ലി: പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിമാരും എംപിമാരും ഉള്‍പ്പടേയുള്ള 23 മുതിര്‍ന്ന നേതാക്കള്‍ താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തക സമതി യോഗം നാളെ ചേരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മുതിര്‍ന്ന നേതാക്കള്‍ കത്ത് അയച്ചിരിക്കുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ശശി തരൂര്‍, പിജെ കൂര്യന്‍, മുകുള്‍ വാസ്നിക് തുടങ്ങിയ നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ഇതോടെ പാര്‍ട്ടിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയും ചെയ്തു.

ഇടക്കാല അധ്യക്ഷ സ്ഥാനം
ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സോണിയ ഗാന്ധി തയ്യാറാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ സോണിയ തന്‍റെ താല്‍പ്യം അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഒഴിഞ്ഞതോടെ പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷയായ സോണിയ ഇപ്പോള്‍ പദവിയില്‍ ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പദവി ഒഴിയുകയാണെന്നാണ് സോണിയ നേതാക്കളെ അറിയിച്ചിരിക്കുന്നത്.

പകരം ആര്
സോണിയ ഒഴിഞ്ഞാല്‍ പകരം ആര് എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നതാണ്. ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ അധ്യക്ഷ പദവിയില്‍ എത്തണമെന്ന ആവശ്യം ഉയര്‍ത്തുന്ന ഒരു വിഭാഗം കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ രണ്‍ദീപ് സിങ് സുര്‍ജേവാല, മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, ഭൂപേഷ് ബാഗല്‍, അശോക് ഗെലോട്ട് എന്നിവര്‍ ഗാന്ധി കുടുംബത്തിന് ശക്തമായ പിന്തുണ നല്‍കുന്നു.

അമരീന്ദര്‍ സിങിന്‍റെ പ്രതികരണം
ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സ്വീകാര്യനായ നേതാവല്ല, പാര്‍ട്ടിക്കും രാജ്യത്തിനും മൊത്തം സ്വീകര്യനായ നേതാവാണ് കോണ്‍ഗ്രസിന് വേണ്ടതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങിന്‍റെ പ്രതികരണം. ഇപ്പോഴത്തെ നേതൃമാറ്റ ചര്‍ച്ചകള്‍ അനവസരത്തിലുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിക്കണം
സോണിയ ഗാന്ധി പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷ പദവി ഒഴിയുമ്പോള്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിക്കണമെന്നാണ് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രുപുന്‍ ബോറ ആവശ്യപ്പെട്ടത്. ഇക്കാര്യം അദ്ദേഹം സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തു.

നരേന്ദ്ര മോദി
ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭയക്കുന്നത് രാഹുല്‍ ഗാന്ധിയെ മാത്രമാണ്. പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായും കോണ്‍ഗ്രസിന്‍റെ രാജ്യസഭാ എംപിമാരും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപുന്‍ ബോറ അഭിപ്രായപ്പെട്ടു.

താല്‍പര്യമില്ല
അതേസമയം, പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവായിരിക്കെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തയ്യാറായേക്കില്ലെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇരുവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധറിച്ച് ദേശീയ മാധ്യമങ്ങളാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഉത്തരവാദിത്തം
പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ നിലവില്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി തുടരാനാണ് തീരുമാനമെന്ന് പ്രിയങ്ക ഗാന്ധിയും അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ പാര്‍ട്ടിയുടെ അധ്യക്ഷ പദവി രാജിവെച്ചത്.

രാഹുല്‍ രാജിവെച്ചത്
എന്നാല്‍ നേതൃമാറ്റ ചര്‍ച്ചകളോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ തയ്യാറായിട്ടില്ല. ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനി അധ്യക്ഷ സ്ഥാനത്തേക്ക് ആരും വരരുതെന്ന് വ്യക്തമാക്കിയാണ് രാഹുല്‍ രാജിവെച്ചത്. തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സോണിയ ഗാന്ധിയെ താല്‍ക്കാലിക അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തത്.

അടിമുടി മാറണം
അതേസമയം, കോണ്‍ഗ്രസ് അടിമുടി മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം നേതാക്കളുടെ കത്ത് അനവസരത്തില്‍ ആയിപ്പോയെന്നാണ് മുതിര്‍ന്ന നേതാവും മുന്‍ നിയമ മന്ത്രിയുമായ അശ്വിനി കുമാര്‍ അഭിപ്രായപ്പെട്ടത്. ഒരു തിരഞ്ഞെടുപ്പിലേക്ക് പോവാതെ കോണ്‍ഗ്രസ് സമന്വയത്തിലൂടെ മുന്നോട്ട് പോകണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും അഭിപ്രായപ്പെട്ടത്.
ജോസിന്റെ വിപ്പില്‍ ജോസഫ് കുരുങ്ങും? രേഖകളില്‍ റോഷി തന്നെ വിപ്പ്, സ്പീക്കറുടെ നിലപാടും മുഖ്യം