ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം, അറസ്റ്റ് മോദിക്കെതിരായ ട്വീറ്റിന്റെ പേരിൽ
ഗുവാഹട്ടി: ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച് അസം കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുളള ട്വീറ്റുകളുടെ പേരിലാണ് ജിഗ്നേഷ് മേവാനിയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. അസമിലെ പ്രാദേശിക ബിജെപി നേതാവാണ് മേവാനിക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗുജറാത്തിലെ പാലന്‍പൂരിലെ മേവാനിയുടെ വീട്ടിലെത്തിയാണ് രാത്രി 11.30തോട് കൂടി അദ്ദേഹത്തെ അസം പോലീസ് അറസ്റ്റ് ചെയ്തത്.
വലിയ പ്രതിഷേധമാണ് ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെതിരെ ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് അറസ്റ്റിനെ കുറിച്ച് ജിഗ്നേഷ് മേവാനി പ്രതികരിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനം തകര്‍ക്കുന്ന തരത്തിലുളള പ്രകോപനം അടക്കമുളള കുറ്റങ്ങളാണ് അസം പോലീസ് മേവാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി സര്‍ക്കാരിന്റെയും കടുത്ത വിമര്‍ശകനാണ് ജിഗ്നേഷ് മേവാനി.

ഗുജറാത്തില്‍ സമീപകാലത്തുണ്ടായിട്ടുളള വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്ക് എതിരെയുളള ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. ഗോഡ്‌സെയെ ആരാധിക്കുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സാമുദായിക സംഘര്‍ഷങ്ങളില്‍ ഇടപെടണമെന്നും സമാധാനത്തിന് ആഹ്വാനം ചെയ്യണം എന്നുമായിരുന്നു മേവാനിയുടെ വിവാദ ട്വീറ്റ്. ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ പ്രകോപിതരാക്കാനുദ്ദേശിച്ച് കൊണ്ടുളളതാണ് മേവാനിയുടെ ട്വീറ്റ് എന്ന് ആരോപിച്ചാണ് ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ പോലീസിന് പരാതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ജിഗ്നേഷ് മേവാനി എപ്പോഴും മോശമായി സംസാരിക്കുന്നുവെന്നും സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ ആളുകളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും അരൂപ് കുമാര്‍ ആരോപിക്കുന്നത്. മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. മേവാനി മോദിയെ സമീപകാല അക്രമ സംഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയാണോ ഇതിനൊക്കെ ഉത്തരവാദി. ഗോഡ്‌സെ ആണ് പ്രധാനമന്ത്രിയുടെ ദൈവമെന്ന് മേവാനി പറയുന്നു. എന്ത് തെളിവാണ് മേവാനിയുടെ പക്കലുളളത്, അരൂപ് കുമാര്‍ ഡേ എന്‍ഡിടിവിയോട് പ്രതികരിച്ചു. മേവാനിയുടെ അറസ്റ്റ് ഒരു പാഠമാണ് എന്നും ഇയാള്‍ പറഞ്ഞു. അരൂപ് കുമാര്‍ പരാതി നല്‍കി 24 മണിക്കൂറിനകമാണ് അസം പോലീസ് ഗുജറാത്തിലെത്തി മേവാനിയെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഈ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.












Click it and Unblock the Notifications