ജിഗ്നേഷ് മേവാനിയെ കാണാൻ അനുവദിക്കാതെ അസം പോലീസ്, കുത്തിയിരിപ്പ് സമരം നടത്തി സിപിഎം നേതാക്കൾ
ഗുവാഹട്ടി: അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ കാണാന്‍ പോലീസ് അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി സിപിഎം എംഎല്‍എ. അസമിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എംഎല്‍എയുമായ മനോരഞ്ജന്‍ താലൂക്ദാര്‍, സിപിഎമ്മിന്റെ മറ്റൊരു നേതാവായ സന്തോഷ് ഗുഹ എന്നിവരാണ് ജിഗ്നേഷ് മേവാനിയെ കാണാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
എന്നാല്‍ മേവാനിയെ കാണാന്‍ സിപിഎം നേതാക്കള്‍ക്ക് പോലീസ് അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കള്‍ പോലീസ് സ്‌റ്റേഷന് മുന്നിലുളള റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ജിഗ്നേഷ് മേവാനിയെ കാണാന്‍ സിപിഎം നേതാക്കളെ അനുവദിക്കുകയായിരുന്നു. ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെ അപലപിക്കുന്നുവെന്നും എത്രയും വേഗത്തില്‍ മേവാനിയെ റിലീസ് ചെയ്യണമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിലെ എംഎല്‍എയാണ് ദളിത് നേതാവ് കൂടിയായ ജിഗ്നേഷ് മേവാനി. കേന്ദ്രത്തിലെയും സംസ്ഥാനത്തിലേയും ബിജെപി സര്‍ക്കാരിന്റെയും നരേന്ദ്ര മോദിയുടേയും കടുത്ത വിമര്‍ശകനാണ് ജിഗ്നേഷ് മേവാനി. സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ച മേവാനി കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തില്‍ അടുത്തിടെ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുളള ട്വീറ്റിന്റെ പേരിലാണ് ജിഗ്നേഷ് മേവാനിയെ അസം പോലീസ് അറസ്റ്റ് ചെയ്തത്.

ഗോഡ്‌സെയെ ദൈവത്തെ പോലെ കാണുന്ന നരേന്ദ്ര മോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യണം എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. ബുധനാഴ്ച രാത്രി 11.30തോടെ പാലംപൂരിലെ മേവാനിയുടെ വീട്ടിലെത്തിയാണ് അസം പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അസമിലേക്ക് കൊണ്ട് പോയി കോടതിയില്‍ ഹാജരാക്കി. കോടതി മേവാനിയെ റിമാന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം മേവാനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
അസമിലെ സിപിഎം നേതാക്കളുടെ പ്രതിഷേധത്തെ അഭിവാദ്യം ചെയ്ത് മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തി. ''ഗുജറാത്തിലെ വാദ്ഗാമിൽ നിന്നുള്ള നിയമസഭാംഗം ജിഗ്നേഷ് മേവാനി സി പി ഐ (എം ) അല്ല. അദ്ദേഹത്തിന്റെ ആഭിമുഖ്യം കോൺഗ്രസിനോട് ആണ്. അദ്ദേഹത്തെ കഴിഞ്ഞ ദിവസം അസം പോലീസ് അറസ്റ്റ് ചെയ്തു. ഇനി ഈ കുത്തിയിരിപ്പ് സമരത്തിൽ ഉള്ള ഒരാൾ അസമിലെ സിപിഐ(എം) എം എൽ എ മനോരഞ്ജൻ താലൂക്ദാർ ആണ്. ജിഗ്നേഷ് മേവാനിയെ കാണണം എന്നാവശ്യപ്പെട്ടുള്ള മനോരഞ്ജൻ താലൂക്ദാറിന്റെ സമരം വിജയിച്ചു. എന്തിനും സിപിഐ(എം ) നെതിരെ വാ തോരാതെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ ഈ ചിത്രം കാണണം.. കനൽ ഒരു തരി മതി.. ലാൽസലാം സഖാവെ...'' എന്നാണ് വി ശിവൻകുട്ടി കുറിച്ചത്.












Click it and Unblock the Notifications