ഡൽഹി മുഖ്യമന്ത്രിയായി അതിഷി സെപ്റ്റംബർ 21ന് സത്യപ്രതിജ്ഞ ചെയ്യും; ലെഫ്. ഗവർണറുടെ അംഗീകാരം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സെപ്റ്റംബർ 21ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കും. ആം ആദ്‌മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അരവിന്ദ് കെജ്രിവാൾ രാജിവച്ചതിന് പിന്നാലെയാണ് നിലവിൽ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്‌ഠിക്കുന്ന അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം എഎപി നടത്തിയത്.
ഇതിന് പിന്നാലെ സെപ്റ്റംബർ 26ന് തുടങ്ങുന്ന പ്രത്യേക നിയമസഭാ സമ്മേന സമയത്തായിരിക്കും അതിഷി അധികാരം ഏറ്റെടുക്കുക എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഡൽഹി ഡൽഹി ലെഫ്. ഗവർണർ നിർദ്ദേശിച്ച ദിവസമാണ് സെപ്റ്റംബർ 21 ശനിയാഴ്‌ച. ഒടുവിൽ ഈ ദിനം തന്നെ ചടങ്ങ് നടത്താൻ എഎപി തീരുമാനിക്കുകയായിരുന്നു.

സമാനമായി ആദ്യം അതിഷിയുടെ മാത്രം സത്യപ്രതിജ്ഞ ആയിരുന്നു പാർട്ടി തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ലഭ്യമായ വിവരം അനുസരിച്ച് മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും അന്ന് തന്നെ നടന്നേക്കും. കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കകം തന്നെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ച എഎപി കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കുകയാണ്.
അതേസമയം, കെജ്രിവാൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന മുതിർന്ന നേതാക്കൾ പുതിയ സർക്കാരിന്റെ ഭാഗമാകും എന്നാണ് ലഭ്യമായ വിവരം. കൈലാഷ് ഗെഹ്‌ലോട്ട്, ഗോപാൽ റായ്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ തുടങ്ങിയ നേതാക്കൾ മന്ത്രിസ്ഥാനത്ത് തുടർന്നേക്കും. ഇത് കൂടാതെ രണ്ട് എംഎൽഎമാർ കൂടി പുതുതായി മന്ത്രിസഭയിലേക്ക് കടന്നുവരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മദ്യനയ അഴിമതിയിൽ ജയിൽ മോചിതനായി എത്തിയ അരവിന്ദ് കെജ്രിവാൾ ഇനി ജനവിധി അറിഞ്ഞ ശേഷമേ അധികാരം ഏറ്റെടുക്കാനുള്ളൂ എന്ന നിലപാടാണ് സ്വീകരിച്ചത്. സമാന രീതിയിൽ ജയിലിൽ കഴിഞ്ഞ മറ്റൊരു മുതിർന്ന നേതാവായ മനീഷ് സിസോദിയയും മന്ത്രിസഭയിലേക്ക് തൽക്കാലം ഇല്ലെന്നാണ് അറിയിച്ചത്. ഇതോടെയാണ് പുതിയ രണ്ട് പേർക്ക് അവസരം തെളിയുന്നത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 2025 ഫെബ്രുവരിയോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാവണം. അതുവരെ അതിഷിയാവും എഎപി സർക്കാരിനെ നയിക്കുക. എന്നാൽ പാർട്ടിയുടെ കടിഞ്ഞാൺ അരവിന്ദ് കെജ്രിവാളിന്റെ കൈവശം തന്നെയാവും. കെജ്രിവാളിന്റെയും സിസോദിയയുടെയും അഭാവത്തിൽ ഡൽഹിയിൽ എഎപിയുടെ മുഖമായി മാറിയത് അതിഷി ആയിരുന്നു.
കൈലാഷ് ഗെഹ്‌ലോട്ട് അടക്കമുള്ള മുതിർന്ന നേതാക്കൾ ഉണ്ടായിരുന്നിട്ട് കൂടി അതിഷിയെ തിരഞ്ഞെടുക്കാൻ കാരണമായി വിലയിരുത്തുന്നതും അത് തന്നെയാണ്.കൂടാതെ ഡൽഹിയിലെ ഉദ്യോഗസ്ഥ വൃന്ദവുമായി അടുത്ത ബന്ധമാണ് കൽക്കാജി എംഎൽഎയ്ക്കുള്ളത്. ഇതും അവർക്ക് തുണയായി എന്ന് വേണം കരുതാൻ.












Click it and Unblock the Notifications