ഡൽഹി മുഖ്യമന്ത്രിയായി അതിഷി എത്തും; തീരുമാനം എഎപി എംഎൽഎമാരുടെ യോഗത്തിൽ, വെല്ലുവിളികൾ ഏറെ
ഡൽഹി: അരവിന്ദ് കെജ്രിവാൾ രാജിവയ്ക്കുന്ന ഒഴിവിലേക്ക് ഡൽഹി മുഖ്യമന്ത്രിയായി എഎപി നേതാവും നിലവിലെ മന്ത്രിസഭാംഗവുമായ അതിഷി മർലേന സ്ഥാനം ഏറ്റെടുക്കും. ഇന്ന് ചേർന്ന് എഎപി എംഎൽഎമാരുടെ യോഗത്തിലാണ് നിർണായക തീരുമാനം. മദ്യനയ കേസിൽ ജാമ്യം നേടി ജയിൽ മോചിതനായ അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തേക്ക് പുതിയ മുഖ്യമന്ത്രിയെ തേടാൻ എഎപി നിർബന്ധിതരായത്.
കൈലാഷ് ഗെഹ്‌ലോട്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശേഷിക്കെയാണ് താരതമ്യേന ജൂനിയറായ അതിഷിയെ തേടി ഈ പദവി എത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ തന്നെയാണ് അതിഷി മർലേനയുടെ പേര് ശുപാർശ ചെയ്‌തതെന്നാണ് വിവരം. ഇതോടെ എംഎൽഎമാരുടെ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയാവുകയിരുന്നു.

മദ്യനയ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സെപ്റ്റംബർ പതിനഞ്ചിന് അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് അതിഷിയെ പുതിയ സാരഥിയായി തിരഞ്ഞെടുത്ത് കൊണ്ടുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്. കെജ്രിവാൾ ജയിലിൽ പോയ ശേഷം എഎപിയുടെ മുഖമായി മാറിയത് അതിഷി മർലേന ആയിരുന്നു.
ഡൽഹിയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന് ഇടയിലും സാധാരണക്കാർക്ക് ഇടയിലും ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ് അതിഷി. കെജ്രിവാളിന്റെ അഭാവത്തിലും ഡൽഹിയിലെ എഎപിയുടെ ഘടകത്തെ താങ്ങി നിർത്തിയ നേതൃപാടവത്തിന് അതിഷിക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പദവി എന്ന് വേണമെങ്കിൽ പറയാം.
സുഷമ സ്വരാജിനും, ഷീല ദീക്ഷിതിനും ശേഷം ഡൽഹിയിൽ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്ന മൂന്നാമത്തെ വനിത കൂടിയാവും ഇതോടെ അതിഷി മർലേന. നിലവിൽ ഡൽഹി എഎപി മന്തിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. വകുപ്പുകളിൽ എന്തെങ്കിലും മാറ്റം വരുമോ എന്ന കാര്യത്തിൽ വൈകാതെ തീരുമാനം അറിയാം.
അതിഷിക്ക് മുന്നിൽ വെല്ലുവിളികൾ ഏറെ
പാർട്ടി ഘടകത്തെയും സർക്കാരിനെയും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവാൻ അതിഷിക്ക് കഴിയണം എന്നതാണ് മുന്നിലെ പ്രധാന വെല്ലുവിളി. മന്ത്രിസഭയിലെ രണ്ടാമനായ മനീഷ് സിസോദിയയും ജനവിധി അറിഞ്ഞിട്ടേ അധികാരത്തിൽ ഇരിക്കാനുള്ളൂ എന്ന നിലപാട് സ്വീകരിച്ചതോടെയാണ് അതിഷിക്ക് നറുക്ക് വീണത്. എന്നാൽ പാർട്ടി അത്രയധികം പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിൽ ഏറ്റെടുക്കുന്ന ചുമതല ഒരു പരിധിവരെ അതിഷിക്ക് വെല്ലുവിളി തന്നെയാണ്.
അരവിന്ദ് കെജ്രിവാൾ തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണവും അതിനൊപ്പം എഎപിയുടെ ശുദ്ധീകരണവും വിശ്വാസ്യത വീണ്ടെടുക്കലും ഒക്കെ ഇനി അതിഷിയുടെ നേതൃത്വത്തിൽ തന്നെയാവും. കൂടാതെ കേന്ദ്രത്തിന്റെ പിന്തുണയുള്ള ലെഫ്. ഗവർണറുമായുള്ള സർക്കാരിന്റെ പോർമുഖം ഇനി ഒന്ന് കൂടി സജീവമാകും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications