'ആയാ റാം ഗയാറാം, തേജസ്വി സൂചന നൽകിയിരുന്നു'; നിതീഷിന്റെ മലക്കം മറിച്ചിലിൽ പ്രതികരിച്ച് മല്ലികാർജ്ജുൻ ഖാർഗെ
ഡൽഹി: ജെ ഡി യു നേതാവ് നിതീഷ് കുമാറിന്റെ എൻ ഡി എ പ്രവേശനതിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.'ആയാറാം ഗയാറാം' എന്നായിരുന്നു നിതീഷിനെ ഖാർഗെ വിശേഷിപ്പിച്ചത്. നിതീഷിന്റെ നീക്കങ്ങളെ കുറിച്ച് ആർ ജെ ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് സൂചന നൽകിയിരുന്നതായും ഖാർഗെ പറഞ്ഞു.
'തേജസ്വി നേതാവ് എനിക്ക് സൂചന നൽകിയിരുന്നു. അത് ഇപ്പോൾ സത്യമായിരിക്കുകയാണ്. 'ആയാറാം ഗയാറാം'പോലെ നിരവധി നേതാക്കൾ രാജ്യത്തുണ്ട്. നിതീഷിന് സഖ്യത്തിൽ തുടരണമായിരുന്നുവെങ്കിൽ അദ്ദേഹം തുടരുമായിരുന്നു, എന്നാൽ അദ്ദേഹത്തിന് പോകണം. ഞങ്ങൾക്കിത് നേരത്തേ അറിയാമായിരുന്നു. എന്നാൽ സഖ്യത്തിനെ ബാധിക്കുന്ന രീതിയിൽ പ്രതികരിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. തെറ്റായ സന്ദേശം നൽകാൻ ഞങ്ങൾക്ക് താത്പര്യമില്ലായിരുന്നു', ഖാർഗെ പറഞ്ഞു.

ഓന്തിന് പോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് നിതീഷ് കുമാർ എന്നായിരുന്നു മുതിർന്ന നേതാവ് ജയറാം രമേശിന്റെ പ്രതികരണം. 'ഈ വഞ്ചനയുടെ വിദഗ്ധരോടും അവരുടെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്തവരോടും ബീഹാറിലെ ജനങ്ങൾ പൊറുക്കില്ല. പ്രധാനമന്ത്രിയും ബി ജെ പിയും ഭാരത് ജോഡോ ന്യായ് യാത്രയെ ഭയക്കുകയാണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ രാഷ്ട്രീയ നാടകം സൃഷ്ടിച്ചതെന്നും വ്യക്തമാണ്', ജയറാം രമേശ് പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. ഔദ്യോഗിക വസതിയില്‍ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. വൈകീട്ടോടെ എൻ ഡി എയുടെ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യ സഖ്യത്തിന്റെ മെല്ലപ്പോക്ക് കൊണ്ടാണ് താൻ സഖ്യം വിടാൻ തീരുമാനിച്ചതെന്നാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്. 'ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തിന്നും രാജിവെച്ചിരിക്കുകയാണ്. രാജിക്കത്ത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറിന് കൈമാറി.സഖ്യത്തിൽ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ആയിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. എല്ലാവരിൽ നിന്നും അഭിപ്രായം തേടി ചർച്ച ചെയ്തിരുന്നു. അതിന് ശേഷമാണ് രാജിവെച്ചത്. ഇന്ത്യാ സഖ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തന്നാൽ കഴിയും വിധം നടത്തിയിരുന്നു. എന്നാൽ സഖ്യകക്ഷികൾ തന്റെ ശ്രമങ്ങളോട് ശരിയായ രീതിയിൽ പ്രതികരിച്ചിരുന്നില്ല', എന്നായിരുന്നു നിതീഷ് കുമാർ പ്രതികരിച്ചത്.












Click it and Unblock the Notifications