അയോധ്യ ചർച്ച; ഇന്ത്യ സഖ്യത്തിൽ കടുത്ത ഭിന്നത, കോൺഗ്രസ് നടപടിയിൽ മുസ്ലീം ലീഗിന് അതൃപ്‌തി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര വിഷയത്തിൽ പാർലമെന്റിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിൽ കടുത്ത ഭിന്നത. സഖ്യം ചർച്ചയിൽ പങ്കെടുക്കുന്നതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച മുസ്ലീം ലീഗ് സഭ ബഹിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. കൂടാതെ ഇടതുപാർട്ടികളും ത്രിണമൂൽ കോൺഗ്രസും ചർച്ച പാർലമെന്റിലെ ചർച്ച ബഹിഷ്‌കരിച്ചു.
നേരത്തെ അയോധ്യ ചർച്ചയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സ്വീകരിക്കുന്നതിനായി മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ചർച്ചയിൽ നിന്ന് വിട്ടുനിന്നാൽ ബിജെപി അത് രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുമെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്.

എന്നാൽ തുടക്കത്തിൽ തന്നെ ചർച്ച ബഹിഷ്‌കരിക്കണമെന്ന നിലപാടായിരുന്നു മുസ്ലീം ലീഗ് മുന്നോട്ട് വച്ചത്. സഖ്യത്തിന്റെ തീരുമാനത്തോട് അവർ ശക്തമായ വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു. ചർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവസാന നിമിഷം വരെ മൂടിവച്ചുവെന്നായിരുന്നു മുസ്ലീം ലീഗിന്റെ ആക്ഷേപം.
അതേസമയം, അയോധ്യ പ്രാണ പ്രത്ഷഠയെ വികസിത രാജ്യത്തേക്കുള്ള യാത്രയുടെ തുടക്കമെന്നാണ് അമിത് ഷാ പാർലമെന്റിൽ വിശേഷിപ്പിച്ചത്. 140 കോടി ജനങ്ങളിലെ രാമഭക്തർക്കും പ്രാണ പ്രതിഷ്‌ഠ അപൂർവ അനുഭവമായിരുന്നു. വർഷങ്ങൾ കോടതി വ്യവഹാരത്തിൽ കുടുങ്ങി കിടന്ന സ്വപ്‌നം മോദി സർക്കാർ യാഥാർത്ഥ്യമാക്കിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചും രാംലല്ലയുടെ പ്രാണ പ്രതിഷ്‌ഠയെക്കുറിച്ചും മുതിർന്ന ബിജെപി നേതാവ് സത്യപാൽ സിംഗ് ആയിരുന്നു പാർലമെന്റില്‍ ചർച്ചയ്ക്ക് തുടക്കമിട്ടത്. "രാമനുള്ളിടത്ത് മതമുണ്ട്... ധർമ്മം നശിപ്പിക്കുന്നവർ കൊല്ലപ്പെടുന്നു, ധർമ്മം സംരക്ഷിക്കുന്നവർ സംരക്ഷിക്കപ്പെടുന്നു. രാമനെ അവർ നിരാകരിച്ചതുകൊണ്ടാണ് ഇന്ന് ഈ രാജ്യത്ത് കോൺഗ്രസിന് ഈ അവസ്ഥയുണ്ടായിരിക്കുന്നത്." സത്യപാൽ സിംഗ് പറഞ്ഞു.
എന്നാൽ ഒരു മതത്തിന്റെയും കുത്തക ആർക്കുമില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും പാർലമെന്റിൽ കോൺഗ്രസിന് വേണ്ടി സംസാരിച്ച ഗൗരവ് ഗോഗോയി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കും എന്ന വ്യക്തമായ സൂചനയാണ് ഇന്നത്തെ ചർച്ചയിലൂടെ ബിജെപി നൽകുന്നതെന്നാണ് വിലയിരുത്തൽ.
അയോധ്യ രാമക്ഷേത്ര വിഷയം മുൻനിർത്തി വോട്ട് തേടുകയാവും ബിജെപിയുടെ തന്ത്രമെന്ന് കോൺഗ്രസും കരുതുന്നു. ഈ സാഹചര്യത്തിലാണ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അവർ മൃദുസമീപനം പുലർത്തുന്നതെന്നാണ് സൂചന. പ്രതിഷ്‌ഠാ ചടങ്ങ് ബഹിഷ്‌കരിച്ചതിൽ ബിജെപി നടത്തിയ ആരോപണങ്ങൾ കൂടി കോൺഗ്രസ് കണക്കിലെടുക്കുന്നുണ്ട്.












Click it and Unblock the Notifications