2 ദിവസത്തെ മഴ.. ബെംഗളൂരുവില്‍ വെള്ളപ്പൊക്കം... ഇനിയുമുണ്ട് 3 ദിവസത്തെ മഴ!
ബെംഗളൂരു: ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മെട്രോ നഗരമായ ബെംഗളൂരുവില്‍ വീണ്ടും കനത്ത മഴ. ഒന്ന് രണ്ട് ആഴ്ചകളായി നഗരത്തില്‍ അവിടെയും ഇവിടെയും ചെറിയ ചെറിയ മഴയുണ്ടായിരുന്നു എങ്കിലും ഇത്ര കനത്ത മഴ പെയ്തിരുന്നില്ല. രണ്ട് ദിവസങ്ങളായി നഗരത്തിന്റെ പല ഭാഗത്തും മഴ നിര്‍ത്താതെ പെയ്യുകയാണ്. രാത്രി മൊത്തം പെയ്ത മഴയില്‍ റോഡില്‍ വെള്ളക്കെട്ടുകളുണ്ടായി. പിന്നാലെ കനത്ത ട്രാഫിക്ക് ബ്ലോക്കുകളും.
89.1 മില്ലീമീറ്റര്‍ മഴയാണ് ജൂണ്‍ മാസത്തില്‍ ബെംഗളൂരുവിന് കിട്ടിയത്. ജൂലൈ മാസത്തില്‍ മഴ ഇതിലും കനക്കും എന്നായിരുന്നു കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ പ്രവചനം. ജൂലൈ തീരാറായതോടെയാണ് കനത്ത മഴ എത്തിയത് എന്ന് മാത്രം. രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ ഇനിയും മൂന്ന് ദിവസം കൂടി തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ട്രാഫിക്ക് ബ്ലോക്കുകള്‍
ബെന്നാര്‍ഘട്ട റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, മൈസൂര്‍ റോഡ്, ബി ടി എം ലേ ഔട്ട്, ബെലന്ദൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് വലിയ ട്രാഫിക് ബ്ലോക്കുകള്‍. സഞ്ജയ് നഗറില്‍ 7 വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ വീണു.

വെള്ളപ്പൊക്കം പോലെ
ആനേക്കല്‍, സര്‍ജാപുര, ഇലക്ട്രോണിക് സിറ്റി, ഗൊട്ടിഗരെ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയുണ്ടായത്. റോഡില്‍ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും നടക്കുകയാണ്. ഇത് കാരണം ട്രാഫിക്ക് ബ്ലോക്ക് സ്ഥിരം സംഭവമാണ്. ഇതിന് പുറമേയാണ് മഴ.

വൈദ്യുതിയില്ല
നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി, കുടിവെള്ളം എന്നിവ മുടങ്ങി. മഴയില്‍ നഗരം ദുരിതം അനുഭവിക്കുമ്പോള്‍ ബി ബി എം പിയും ബി ഡി എയും പരസ്പരം കുറ്റപ്പെടുത്തുകയാണ്.

വീട്ടുകാര്‍ ഒറ്റപ്പെട്ടു
കുറഞ്ഞത് 110 കുടുംബങ്ങളെങ്കിലും കനത്ത മഴയില്‍ ഒറ്റപ്പെട്ടതായാണ് വിവരം. ഇവര്‍ക്ക് വെളളം, ഭക്ഷണം എന്നിവ എത്തിച്ചുകൊടുക്കുന്നുണ്ട്. ശാസ്ത്രീയമല്ലാത്ത ഓട നിര്‍മാണവും ഓട വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.

വെള്ളക്കെട്ടുകള്‍ സാധാരണം
മഴ കനത്താല്‍ പിന്നെ നഗരത്തില്‍ അവിടവിടെയായി വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെടും. ഓട നിറഞ്ഞാല്‍ പിന്നെ വെള്ളം റോഡില്‍ കെട്ടി നില്‍ക്കുക തന്നെ വഴി. മഴയ്ക്ക് മുമ്പേ ഓട വൃത്തിയാക്കാന്‍ തുടങ്ങിയെങ്കിലും പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല എന്നതാണ് സത്യം.

റോഡുകള്‍ തോടുകള്‍
മഴ പെയ്താല്‍ വെളളം റോഡില്‍ കെട്ടി നില്‍ക്കും. അറ്റകുറ്റപ്പണി, കേബിള്‍ എന്നൊക്കെപ്പറഞ്ഞ് റോഡുകള്‍ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത്. മരം വീണ് റോഡ് ബ്ലോക്കാകുന്നത് നിത്യസംഭവം

കഷ്ടകാലം തന്നെ
മഴ തുടങ്ങിയാല്‍ പിന്നെ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. മണിക്കൂറുകളോളം നീണ്ട ട്രാഫിക്ക് ബ്ലോക്കുകളാണ് ഓരോ മഴയും ബെംഗളൂരുവിന് നല്‍കുന്നത്. ഓഫീസ് യാത്രികരും സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികളുമാണ് ഇത് സഹിക്കുന്നത്.












Click it and Unblock the Notifications