'ഞാൻ അവർക്ക് ഒരു കോടി രൂപ നൽകാം.. എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവൻ തിരിച്ചുതരുമോ?'
ബെംഗളൂരു: കഴിഞ്ഞദിവസമാണ് ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചത്. സംഭവത്തിന് പിന്നാലെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മരണപ്പെട്ട യുവതിയുടെ പിതാവ്.
മരിച്ചവരുടെ കുടുംബത്തിന് ബെംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 20 ലക്ഷം രൂപയും കർണാടക സർക്കാർ 10 ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് മദൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്...

തനിക്ക് സർക്കാരിന്റെയോ മെട്രോ റെയിൽ കോർപ്പറേഷന്റേയോ നഷ്ടപരിഹാരം ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.'എനിക്ക് അവരുടെ നഷ്ടപരിഹാരം ആവശ്യമില്ല. ഞാൻ അവർക്ക് ഒരു കോടി രൂപ നൽകാം. എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവൻ തിരിച്ചുതരാൻ മുഖ്യമന്ത്രിക്ക് കഴിയുമോ? ബിഎംആർസിഎല്ലിന്റെയും കരാറുകാരായ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെയും (എൻസിസി) ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ ആവശ്യം..
'ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും ജീവൻ രക്ഷിക്കാനും സർക്കാർ ശ്രമിക്കണം എന്ന് ആഗ്രഹിക്കുന്നു. കരാറുകാരനെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തുകയും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും വേണം. മുഖ്യമന്ത്രി കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നൂറുകണക്കിന് ജനജീവിതം അപകടത്തിലാകുമെന്നും തേജസ്വിനിയുടെ പിതാവ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ബിഎംആർസിഎല്ലിൻറെ മെട്രോ തൂൺ ബൈക്കിന് മുകളിൽ തകർന്ന് വീണ് തേജസ്വിനി (28), മകൻ വിഹാൻ (രണ്ടര) എന്നിവർ മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ലോഹിത് സോളാക്കിനും മകൾ വിസ്മിതക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇരുവരും അപകടനില തരണം ചെയ്തു. മക്കളെ പ്ലേ സ്‌കൂളിൽ കൊണ്ടുവിടാനായി പോകുമ്പോഴായിരുന്നു അപകടം. സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ് മരിച്ച തേജസ്വനി. നാഗവര ഏരിയയിൽ കല്യാൺ നഗർ-എച്ച്.ആർ.ബി.ആർ ലേ ഔട്ട് റോഡിലാണ് അപകടം നടന്നത്.
അപകടത്തിൽ ബിഎംആർസിഎൽ, എൻസിസി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എൻസിസിയുടെ ജൂനിയർ എഞ്ചിനീയർ പ്രഭാകർ, ഡയറക്ടർ ചൈതന്യ, സ്പെഷ്യൽ പ്രോജക്ട് മാനേജർ മത്തായി, പ്രോജക്ട് മാനേജർ വികാസ് സിംഗ്, സൂപ്പർവൈസർ ലക്ഷ്മിപാതു, ബിഎംആർസിഎൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ മഹേഷ് ബെൻഡേക്കരി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വെങ്കിടേഷ് ഷെട്ടി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്...












Click it and Unblock the Notifications