'അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു'; 25 വിദേശികളെ കസ്റ്റഡിയിലെടുത്ത് ബെംഗളൂരു പോലീസ്
ബെംഗളൂരു: അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 25 ഓളം വിദേശികളെ പിടികൂടി. എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഹൈ സ്ട്രീറ്റുകളിലാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്.
ശനിയാഴ്ചയായിരുന്നു പരിശോധന. ചില ആളുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും മയക്കുമരുന്ന് വിൽപനയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായും സെൻട്രൽ ഡിവിഷൻ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

വഴിയരികിൽ നിന്നുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിച്ച വിദേശികളാണ് പിടിയിലായവർ.സ്ത്രീകളും പുരുഷന്മാരുമായി 25 ഓളം ആഫ്രിക്കൻ പൗരന്മാരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാൻ പരിശോധനയ്ക്ക് വിധേയരാക്കി. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീനിവാസ ഗൗഡയുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.
ഒരു ഡിസിപി, രണ്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ, 6 ഇൻസ്‌പെക്ടർമാർ, 10 പോലീസ് സബ് ഇൻസ്‌പെക്ടർമാർ, 20 വനിതാ സ്റ്റാഫ്, 20 പുരുഷ ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട് ലംഘിച്ചതിന് ആറ് പേരെ കസ്റ്റഡിയിലെടുത്തതായി ഡിസിപി ഗൗഡ പറഞ്ഞു.
ഒരു സ്ത്രീക്കെതിരെ ഐപിസി സെക്ഷൻ 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം) പ്രകാരം കേസെടുത്തു. "ഇതുവരെ, കസ്റ്റഡിയിലെടുത്തവരിൽ രണ്ടുപേരുടെ വിസ കാലഹരണപ്പെട്ടതായി ഞങ്ങൾ കണ്ടെത്തി. ആകെ 26 പേരെ കസ്റ്റഡിയിലെടുത്തു. അവരിൽ ഭൂരിഭാഗവും മയക്കുമരുന്ന് കഴിച്ചതിനാണ് എൻഡിപിഎസ് നിയമപ്രകാരം കസ്റ്റെഡിയിൽ എടുത്തത്.
പൊതു ശല്യം ഉണ്ടാക്കിയതിനാണ് അവരെ കസ്റ്റഡിയിലെടുത്തത്. കൂടാതെ മയക്കുമരുന്ന് ഉപയോഗിച്ചതായും പിമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും അവർക്കെതിരെ ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു, ഞങ്ങൾക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ല. ഒരാൾ ഇന്ത്യക്കാരനും മറ്റുള്ളവർ ആഫ്രിക്കൻ പൗരന്മാരുമാണ്," ശ്രീനിവാസ ഗൗഡ പറഞ്ഞു. ഇത് സംബന്ധിച്ച് കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനിൽ കേസെടുത്തു.












Click it and Unblock the Notifications