ബെംഗളൂരു നഗരം എങ്ങനെ രക്ഷപ്പെടും? ക്രിസ് ഗോപാലകൃഷ്ണന് 31 കി.മീ യാത്രയ്ക്ക് രണ്ടര മണിക്കൂര്‍
ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചു. പ്രമുഖ ഐടി ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ പങ്കുവെച്ച യാത്രാനുഭവമാണ് ഇതിന് കാരണം. നഗരത്തിൽ വെറും 31 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ തനിക്ക് രണ്ടര മണിക്കൂറിലധികം സമയമെടുക്കേണ്ടി വന്നു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും അനുദിനം വർദ്ധിച്ചുവരുന്ന വാഹനത്തിരക്കും യാത്രക്കാരുടെ ഡ്രൈവിംഗ് അച്ചടക്കമില്ലായ്മയുമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈ കുറിപ്പ് വൈറലായി. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പതിനായിരക്കണക്കിന് യാത്രക്കാർ ഇതിനോട് പ്രതികരിച്ചു.

ജോലിക്ക് പോകുന്നവർ ദിവസേന മണിക്കൂറുകളോളം റോഡിൽ ചെലവഴിക്കേണ്ടി വരുന്നത് എല്ലാവരുടെയും ജീവിതക്രമം താളംതെറ്റിക്കുന്നു എന്നാണ് പരാതി. ക്രിസ് ഗോപാലകൃഷ്ണനെപ്പോലെയുള്ള വ്യവസായ പ്രമുഖൻ തന്നെ ഈ വിഷയം പരസ്യമായി ഉയർത്തിയത് സർക്കാരിനെയും സമ്മര്ദ്ദത്തിലാക്കി.
ഗോപാലകൃഷ്ണന്റെ പോസ്റ്റിന് ഒട്ടനവധി യാത്രക്കാരാണ് സമാനമായ ദുരിതങ്ങൾ വിവരിച്ചു മറുപടിയുമായി എത്തിയത്. തനിക്ക് 28 കിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം മൂന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നതായാണ് മറ്റൊരു എക്സ് ഉപയോക്താവ് കമന്റിൽ വ്യക്തമാക്കിയത്. അത്രത്തോളം ആശങ്കാജനകമാണ് നഗരത്തിലെ ഗതാഗത സംവിധാനമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഐടി കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷനുകൾ നൽകണമെന്ന ആവശ്യമാണ് ഭൂരിഭാഗം പേരും ഉന്നയിക്കുന്നത്. പീക്ക് സമയങ്ങളിൽ നിരത്തുകളിൽ ഉണ്ടാകുന്ന അമിത തിരക്ക് കുറയ്ക്കാൻ കമ്പനികൾ മുൻകൈയെടുക്കുന്നത് വലിയൊരു ആശ്വാസമായിരിക്കും. ഇത് റോഡിലെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
ചില ഉപയോക്താക്കളുടെ അഭിപ്രായത്തിൽ നിലവിലുള്ള സ്ഥിതി തുടർന്നാൽ തങ്ങൾക്ക് നഗരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. പത്ത് കിലോമീറ്റർ പരിധിക്കപ്പുറമുള്ള യാത്രകൾ പോലും ഇവിടുത്തെ താമസക്കാർ ഇപ്പോൾ പരമാവധി ഒഴിവാക്കുകയാണ്. തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന പുതിയ മെട്രോ പാതകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ബദൽ വഴികളുടെ അഭാവവും പല പ്രധാന ജംഗ്ഷനുകളിലും ദീർഘനേരത്തെ ബ്ലോക്കിന് കാരണമാകുന്നതായി ജനങ്ങൾ ഓർമ്മിപ്പിക്കുന്നു.
ആക്ടിവിസ്റ്റുകളുടെ അഭിപ്രായത്തിൽ ആളുകൾ വ്യക്തിഗത വാഹനങ്ങൾ പരമാവധി ഒഴിവാക്കി മെട്രോ സർവീസുകളെയും റൂട്ടുകളെയും ആശ്രയിക്കാൻ തയ്യാറാകണം. അതോടൊപ്പം തന്നെ നിർമ്മാണം പാതിവഴിയിൽ നിലച്ചുപോയ പ്രധാന ഫ്ലൈഓവർ പദ്ധതികളും മറ്റ് പുതിയ റോഡ് ഇടനാഴികളും അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. റോഡുകളിലെ ഡ്രൈവിംഗ് അച്ചടക്കമില്ലായ്മ പലപ്പോഴും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലൈസൻസ് നൽകുന്ന പ്രക്രിയ കൂടുതൽ സുതാര്യവും കർശനവുമാക്കണമെന്നും വിവിധ തുറകളിൽ നിന്നുള്ളവർ പ്രതികരിക്കുന്നു.















Click it and Unblock the Notifications