ബെംഗളൂരു നഗരത്തില്‍ 50 നില ഇരട്ട ടവര്‍; 1500 കോടിയുടെ വമ്പന്‍ പദ്ധതി ഒഴിവാക്കിയേക്കും, ഇതാണ് കാരണം
ബെംഗളൂരു: നഗരമധ്യത്തില്‍ 50 നില ഇരട്ട ടവര്‍ നിര്‍മിക്കാനുള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ ഒഴിവാക്കിയേക്കും. 1500 കോടി ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. കരാര്‍ ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയ്യാറാകാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നാണ് വിവരം. ബെംഗളൂരു നഗരത്തില്‍ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേട്ടമാകുമെന്ന് പ്രതീക്ഷിച്ച ഈ പദ്ധതിക്ക് കോട്ടങ്ങളുമുണ്ട്.
മെജസ്റ്റിക് ഭാഗത്താണ് 50 നിലകളുള്ള ഇരട്ട ടവര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ആദ്യം 25 നില കെട്ടിടമായിരുന്നു ആലോചനയില്‍. പിന്നീട് പല ഘട്ടങ്ങളായി നടന്ന ചര്‍ച്ചയില്‍ 50 നില ആകുകയായിരുന്നു. 2020ല്‍ ബിജെപി ഭരണകാലത്ത് ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതി ചര്‍ച്ച തുടങ്ങിയത്. ഈ വര്‍ഷം മൂന്ന് ലേലം നടന്നെങ്കിലും ഫലമുണ്ടായില്ല.

മെജസ്റ്റികില്‍ 50 നിലകളിലായി രണ്ട് ടവര്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. 1500 രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലും ലേലം വിളിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. ഒക്ടോബറിലും ഒരു ലേലം നടത്തിയിട്ടുണ്ടെങ്കിലും ആരെങ്കിലും തയ്യാറായി എത്തുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നില്ല.
നിലവില്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പല ഭാഗങ്ങളിലായി ചിതറി കിടക്കുകയാണ്. വികാസ് സൗധയോട് ചേര്‍ന്ന് ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാന്തിനഗറിലാണ് ബിഎംടിസി ടെര്‍മിനസ്, കൊരമംഗളയിലാണ് കേന്ദ്രീയ സദന്‍, മറ്റു ചില സ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം ഒരൊറ്റ സ്ഥലത്തേക്ക് എത്തിക്കുക എന്നായിരുന്നു ഇരട്ട ടവറിന്റെ ലക്ഷ്യം.
ഇരട്ട ടവറിന് സ്ഥലം ഇവിടെ
2020ല്‍ അന്നത്തെ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മന്ത്രിസഭ ടവര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു. മെജസ്റ്റികിലെ ആനന്ദ് റാവു സര്‍ക്കിള്‍ ഫ്‌ളൈ ഓവറിന് അടുത്തായി 8.8 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കാം എന്ന് പദ്ധതിയിടുകയും ചെയ്തു. 25 നിലകളിലുള്ള ഇരട്ട ടവര്‍ നിര്‍മിക്കാന്‍ 400 കോടി ചെലവ് പ്രതീക്ഷിക്കുന്നു എന്ന് യെദിയൂരപ്പ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭ അനുമതി നല്‍കുകയും ചെയ്തു.
പൊതു-സ്വകാര്യ സംരഭമായി നിര്‍മാണം തുടങ്ങാനാണ് ആദ്യം സര്‍ക്കാര്‍ ആലോചിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ ദേശീയ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് നിര്‍മാണ ചുമതല നല്‍കാന്‍ പിന്നീട് ആലോചിച്ചു. സാങ്കേതിക കാരണങ്ങള്‍ രണ്ടും നടന്നില്ല. സാമ്പത്തിക പ്രതിസന്ധിയും കാരണമായി. കഴിഞ്ഞ ജനുവരിയില്‍ പ്രൊജക്ടിന് വേണ്ടി ട്രാന്‍സാക്ഷന്‍ അഡൈ്വസറെ നിയമിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്ന ലേലം രണ്ട് തവണ പരാജയപ്പെട്ടു.
ഒക്ടോബറില്‍ നടന്ന ലേലത്തില്‍ കൂടി കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബസ്, മെട്രോ സ്‌റ്റേഷനുകള്‍ക്ക് അടുത്താണ് ഇരട്ട ടവര്‍ പദ്ധതിയിടുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യാത്ര എളുപ്പമാകും. എന്നാല്‍ നിലവില്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ ഇവിടെ നേരിടുന്നുണ്ട്. ഇനി നഗരത്തിലെ എല്ലാ ഓഫീസുകള്‍ കൂടി ഇവിടേക്ക് വരുമ്പോള്‍ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.












Click it and Unblock the Notifications