ബെംഗളൂരു അടിമുടി മാറും; ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ടെർമിനൽ യെലഹങ്കയിൽ വരും, ചിലവ് 5754 കോടി
ബെംഗളൂരു: നഗരത്തിന്റെയും കർണാടക സംസ്ഥാനത്തിന്റെയും വികസനം ഉറപ്പാക്കുന്ന പല പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ദേവനഹള്ളിക്കടുത്ത് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന മെഗാ കോച്ചിംഗ് ടെർമിനൽ ഇനി യെലഹങ്കയിൽ നിർമ്മിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ. ഈ ടെർമിനലിനായുള്ള അന്തിമ ലൊക്കേഷൻ സർവേ റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
റെയിൽ വീൽ ഫാക്‌ടറിക്ക് സമീപമാണ് പുതിയ ടെർമിനൽ നിർമ്മിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള അന്തിമ ലൊക്കേഷൻ സർവേ അംഗീകരിച്ചതായി അധികൃതർ അറിയിച്ചു. നേരത്തെ, സൗത്ത് വെസ്‌റ്റേൺ റെയിൽവേ നഗരത്തിലെ അഞ്ചാമത്തെ ടെർമിനലായി ദേവനഹള്ളിയിൽ ഒന്ന് നിർമ്മിക്കാൻ നിർദ്ദേശിച്ചിരുന്നു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.

എന്നാൽ, 2025 ജൂൺ 5-ന് ചേർന്ന യോഗത്തിൽ ദേവനഹള്ളി നഗരത്തിൽ നിന്ന് വളരെ അകലെയാണെന്നും മറ്റ് പല ഘടകങ്ങളും പരിഗണിച്ച് ഈ സ്ഥലം അനുയോജ്യമല്ലെന്നും തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഇത് ഇപ്പോൾ യെലഹങ്കയിലേക്ക് മാറ്റിയത്. സമീപഭാവിയിൽ നഗരത്തിൽ നിന്ന് ആകെ 210 ട്രെയിനുകൾ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിലുള്ള ടെർമിനലുകൾ അവ കൈകാര്യം ചെയ്യാൻ മാത്രമുള്ള സൗകര്യമുള്ളവ അല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.
അതേസമയം, നയണ്ടഹള്ളി സ്‌റ്റേഷനിൽ നാല് എക്‌സ്പ്രസ് ട്രെയിനുകൾക്ക് പരീക്ഷണാത്മകമായി സ്‌റ്റോപ്പുകൾ ഫ്ലാഗ് ഓഫ് ചെയ്‌തതിന് പിന്നാലെ ദീർഘകാലത്തെ ആവശ്യം നിറവേറ്റിയെന്നും, ഇത് വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഓഫീസ് ജീവനക്കാർക്കും വളരെയധികം പ്രയോജനകരമാകുമെന്നും സോമണ്ണ പ്രഖ്യാപിച്ചു.
നയണ്ടഹള്ളിയിലെ അധിക സ്‌റ്റോപ്പ് മൈസൂരു-കെഎസ്ആർ ബെംഗളൂരു ചുമുണ്ഡി എക്‌സ്പ്രസ് (16215/16216), മൈസൂരു-ബാഗൽക്കോട്ട് ബസവ എക്‌സ്പ്രസ് (17307/17308), തൂത്തുക്കുടി-മൈസൂരു എക്‌സ്പ്രസ് (16235/16236), മൈസൂരു-പാണ്ഡരപ്പൂർ ഗോൽഗുംബസ് എക്‌സ്പ്രസ് (16535/16536) എന്നീ നാല് ജോഡി ട്രെയിനുകൾക്ക് ലഭിക്കും.
ഈ ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്കായി 7748 കോടി രൂപ വകയിരുത്തിയതായും, നിലവിൽ 52,950 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാനത്തുടനീളം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ബെംഗളൂരു കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയിലുള്ള നാലുവരിപ്പാത പദ്ധതിയും അതിവേഗം മുന്നേറുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മൈസൂരു-ബെംഗളൂരു റെയിൽവേ പാതയിലെ തിരക്കും സുരക്ഷയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്, 14.10 കോടി രൂപ ചെലവിൽ പുനർനിർമ്മിച്ച വിജയനഗറിനും പാദരായണപുരയ്ക്കും ഇടയിലുള്ള റോഡ് ഓവർ ബ്രിഡ്‌ജ് (ആർഒബി) നമ്പർ 431ഉം മന്ത്രി ഈ സന്ദർശനത്തിൽ ഉദ്‌ഘാടനം ചെയ്‌തുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.












Click it and Unblock the Notifications