ഭഗവദ് ഗീത സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി ബിജെപി; പിന്തുണച്ച് എഎപിയും കോണ്‍ഗ്രസും..
ഗാന്ധിനഗര്‍: ഭഗവദ് ഗീത സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലാണ് ഒരു വിഷയമായി ഗീത പഠിപ്പിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പാരമ്പര്യത്തെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനുമാണിതെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി പറഞ്ഞു.
ഭഗവദ് ഗീതയുടെ മൂല്യങ്ങളും തത്വങ്ങളും കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. എല്ലാ മതത്തിലും പെട്ടവര്‍ ഗീതയുടെ പ്രാധാന്യം അംഗീകരിച്ചവരാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആറാം ക്ലാസില്‍ ആണ് ആദ്യമായി ഗീത പാഠ്യ വിഷയമാകുക. കുട്ടികളില്‍ ഗീതയോടുള്ള താല്‍പ്പര്യം വര്‍ധിക്കാനും ഇത് കാരണമാകുമെന്നും വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി പറഞ്ഞു. ശ്ലോകങ്ങള്‍, ചര്‍ച്ചകള്‍, കളികള്‍, ചോദ്യോത്തരങ്ങള്‍ തുടങ്ങി വിവിധ രൂപത്തില്‍ കുട്ടികളെ ഗീത പഠിപ്പിക്കും. ഗീത പഠിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസ് മുതല്‍ ഗീതയെ കുറിച്ച് ആഴത്തിലുള്ള പഠനം ഉറപ്പാക്കും. ഒമ്പതാം ക്ലാസ് മുതല്‍ പാഠങ്ങള്‍ അത്തരത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ബിജെപി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസും എഎപിയും രംഗത്തുവന്നു. തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഹേമങ് രാവല്‍ പറഞ്ഞു. കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, ഗുജറാത്ത് സര്‍ക്കാരും ഗീത പഠിക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പരിഹസിച്ചു. ഏത് സാഹചര്യത്തെയും നേരിടാനാണ് ഗീത പഠിപ്പിക്കുന്നത്. നിങ്ങള്‍ സാഹചര്യം ആദ്യം അംഗീകരിക്കണം. ഗുജറാത്തിലെ വിദ്യാഭ്യാസ രംഗം എവിടെ നില്‍ക്കുന്നു എന്ന് മനസിലാക്കണം. 330000 സ്‌കൂളുകളില്‍ 14 സ്‌കൂള്‍ മാത്രമാണ് എപ്ലസ് ഗ്രേഡുള്ളത്. 18000 അധ്യാപകരുടെ ഒഴിവുണ്ട്. 6000 സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതില്‍ ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. എട്ടാം ക്ലാസിലെത്തിയിട്ടും മിക്ക കുട്ടികള്‍ക്കും വായിക്കാനും എഴുതാനും അറിയില്ല. ഇതെല്ലാം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് എഎപി പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനം കുട്ടികള്‍ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എഎപി വക്താവ് യോഗേഷ് ജദ്വാനി പറഞ്ഞു. ഈ വര്‍ഷമാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയുടെ വാഗ്ദാനമായിരുന്നു ഗീത പാഠ്യ വിഷയമാക്കുമെന്ന്. കോണ്‍ഗ്രസാണ് ഗുജറാത്തില്‍ പ്രതിപക്ഷത്ത്. പഞ്ചാബ് പിടിച്ച ആവശേത്തില്‍ എഎപി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അടുത്തിടെ നിരവധി എഎപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.


Click it and Unblock the Notifications