ഭീമ കൊറേഗാവ് യുദ്ധ വാര്‍ഷികം; സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍, അജയ് പവാര്‍ സന്ദര്‍ശിച്ചു
പൂനെ(മഹാരാഷ്ട്ര): 19ാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ പൂനെക്കടുത്ത ഭീമ കൊറേഗാവില്‍ നടന്ന യുദ്ധം ഏറെ പ്രശസ്തമാണ്. എല്ലാ വര്‍ഷവും ജനങ്ങള്‍ കൂട്ടമായി ഇവിടെ എത്തുകയും വാര്‍ഷിക ആഘോഷം ഗംഭീരമാക്കുകയും ചെയ്യും. രണ്ടു വര്‍ഷം മുമ്പ് 200ാം വാര്‍ഷികത്തില്‍ ആഘോഷത്തിനിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല.

ഇത്തവണ കര്‍ശന സുരക്ഷയോടെയാണ് വാര്‍ഷിക ആഘോഷം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊറേഗാവ് ഭീമ ഗ്രാമത്തിലെ ജയ് സ്തംഭില്‍ പുഷ്പാര്‍ച്ചന നടത്തി. ദളിത് നേതാവ് പ്രകാശ് അംബേദ്കറും ആഘോഷത്തില്‍ പങ്കാളിയായി. കൊല്ലപ്പെട്ട സൈനികരുടെ ഓര്‍മയ്ക്ക് ബ്രിട്ടീഷുകാരാണ് ജയ് സ്തംഭം സ്ഥാപിച്ചത്.
1818 ജനുവരി ഒന്നിന് നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാരാണ് ജയിച്ചത്. മേല്‍ജാതിക്കാര്‍ക്കെതിരായ പോരാട്ടമായിട്ടാണ് ദളിതുകള്‍ ഈ യുദ്ധം കണ്ടത്. അതുകൊണ്ടുതന്നെ മേല്‍ജാതിക്കാര്‍ക്കെതിരായ യുദ്ധ വിജയമായി ദളിതുകളും പിന്നാക്ക സമുദായങ്ങളും കാണുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവും മറാത്ത വിഭാഗത്തില്‍പ്പെട്ട ബ്രാഹ്മിണ്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ് യുദ്ധമുണ്ടായത്.
2018ലെ വാര്‍ഷികത്തില്‍ ഇവിടെ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് കേസില്‍ പ്രതികളായവര്‍ക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ അഞ്ചുദിവസം വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. സുരക്ഷ പരിഗണിച്ചാണ് തീരുമാനം. തീവ്ര വലതുപക്ഷ സംഘടനകളുടെ നേതാക്കള്‍ക്കെല്ലാം വിലക്കുണ്ട്. കേസില്‍ പ്രതികളായ മേല്‍ജാതിക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
എല്ലാവര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ആഘോഷത്തിന് എത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് ചില പ്രശ്‌നങ്ങളുണ്ടായി. ഇത്തവണ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആഘോഷം സമാധാനപരമായിരിക്കണമെന്നും അജിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications