ഹാത്രസ് ദുരന്തം; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബ, കേസ് നടത്തുന്നത് നിര്‍ഭയ കേസ് പ്രതികളുടെ വക്കീല്‍
ലഖ്‌നൗ: ഹാത്രാസിലെ തന്റെ 'സത്സംഗ'ത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബ. സാമൂഹ്യ വിരുദ്ധരാണ് തിക്കും തിരക്കുമുണ്ടാക്കിയത് എന്നും സംഭവം നടക്കുന്നതിന് മുമ്പ് താന്‍ പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും ഭോലെ ബാബ പറഞ്ഞു.
തന്റെ അഭിഭാഷകന്‍ മുഖേനയാണ് ഭോലെ ബാബ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയത്. സുപ്രീംകോടതി അഭിഭാഷകനായ എപി സിംഗ് ആണ ഭോലെ ബാബയെ പ്രതിനിധീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകനാണ് അദ്ദേഹം. ''ഇരകള്‍ക്ക് മരുന്നും ആരോഗ്യപരിരക്ഷയും ചികിത്സയും ലഭിക്കുന്നു ഞങ്ങള്‍ ഉറപ്പാക്കും.

സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാലില്‍ തൊടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടു എന്ന ആരോപണത്തെ ഞങ്ങള്‍ അപലപിക്കുന്നു. കാരണം അദ്ദേഹം ഒരിക്കലും അത്തരമൊരു പ്രവൃത്തി അനുവദിക്കുന്നില്ല', എപി സിംഗ് പറഞ്ഞു. ഭോലെ ബാബ സാധ്യമായ എല്ലാ വഴികളിലും അന്വേഷണത്തില്‍ സഹകരിക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. എഫ്‌ഐആറില്‍ പേരുള്ള എല്ലാവരെയും താന്‍ നിയമപരമായി പ്രതിനിധീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഭോലെ ബാബയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശ്രമങ്ങളെയും ഭൂമിയെയും കുറിച്ച് അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വ്യാഴാഴ്ച നടത്താനിരുന്ന ഭോലെ ബാബയുടെ മറ്റൊരു സത്സംഗം റദ്ദാക്കി. 80000 പേര്‍ക്ക് മാത്രം അനുവാദമുള്ള വേദിയില്‍ 2.5 ലക്ഷം പേര്‍ തിങ്ങിനിറഞ്ഞിരുന്നു എന്നാരോപിച്ച് സംഘാടകര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
ദുഃഖകരവും വേദനാജനകവുമായ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള പ്രവണത ചിലര്‍ക്കുണ്ടെന്ന് കുറ്റപ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. നിരപരാധികളുടെ ജീവന്‍ വച്ച് കളിക്കുന്നവര്‍ ഇതിന് ഉത്തരവാദികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിനെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തി. വിവാദ ആള്‍ദൈവത്തിന്റെ രാഷ്ട്രീയ സഖ്യകക്ഷികളെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്ന് യോഗി പറഞ്ഞു. ഭോലെ ബാബ നടത്തിയ ഒരു പരിപാടിയില്‍ അഖിലേഷ് യാദവ് പങ്കെടുത്ത പഴയ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ആരോപണങ്ങളോട് പ്രതികരിച്ച എസ്പി എംപി ആര്‍കെ ചൗധരി, ഹത്രാസ് അപകടത്തെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റാനാണ് യുപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. പരിക്കേറ്റ പലരും ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചതിനാല്‍ സംഭവത്തിന് ഹത്രാസ് ഭരണകൂടത്തെയും പ്രതിചേര്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications