ഇരതന്നെ പ്രതികളെ പിടിച്ച ബലാല്‍സംഗ കേസ്: അതിവേഗം വിധി വന്നു; നാല് പേര്‍ക്ക് ജീവപര്യന്തം

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: 19കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സംഭവം നടന്ന് രണ്ട് മാസം തികയുംമുമ്പാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഭോപ്പാല്‍ അതിവേഗ കോടതി ജഡ്ജി സവിത ദുബെ വിധി പറയുമ്പോള്‍ നാല് പ്രതികളും മൗനികളായിരുന്നു. ബിഹാരി ചധാര്‍, ഗുണ്ടു, രാജേഷ് ഛേത്ര, രമേശ് മെഹ്ര എന്നിവരെയാണ് ശിക്ഷിച്ചത്.

Rape

യുപിഎസ്‌സി കോച്ചിങ് ക്ലാസുകള്‍ക്ക് പോയിരുന്ന യുവതിയെ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ഒന്നാം പ്രതി ബിഹാരി ചധാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തോട്ടിലിട്ട് ബലാല്‍സംഗം ചെയ്തത്. അതിന് ശേഷം ഇയാള്‍ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അവരും പീഡിപ്പിച്ചു. തുടര്‍ന്ന് ആഭരണങ്ങളും മൊബൈല്‍ ഫോണും പിടിച്ചുപറിച്ചു. ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമമുണ്ടായി. യുവതി മരിച്ചുവെന്ന് കരുതിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ യുവതി വീട്ടിലെത്തി കാര്യം പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ആദ്യം അവര്‍ വിശ്വസിച്ചില്ല. സിനിമാകഥ പോലെയെന്ന് ആക്ഷേപിച്ച് തിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31ന് വൈകീട്ട് ഏഴ് മണിക്കാണ് സംഭവം.

യുവതിയുടെ മാതാപിതാക്കള്‍ പോലീസ് ഓഫീസര്‍മാരാണ്. ഹബീബ്ഗഞ്ച് റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. ഈ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ കേസ് നടന്നത് തങ്ങളുടെ പരിധിയിലല്ല എന്ന് പറഞ്ഞു മടക്കി അയക്കുകയായിരുന്നു. എംപി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നായിരുന്നു റെയില്‍വേ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ വാദം.

തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തി. ദിവസവും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നു. പീഡനത്തിന് ഇരയായ യുവതിയും മാതാപിതാക്കളും ചേര്‍ന്നാണ് സാഹസികമായി പ്രതികളെ പിടികൂടി പോലീസിന് കൈമാറിയത്. പിന്നീട് വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഏറെ വിവാദമായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.

പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജനരോഷം ഉയര്‍ന്നപ്പോഴാണ് എല്ലാം വേഗത്തിലായത്. തുടര്‍ന്ന് ഉന്നത പോലീസ് ഓഫീസര്‍മാര്‍ ഇടപെടുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. 15 ദിവസംകൊണ്ട് കേസ് അന്വേഷണം പൂര്‍ത്തിയാക്കി. നവംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചു. ആവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യല്‍, കൂട്ട ബലാല്‍സംഗം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, മുറിവേല്‍പ്പിക്കല്‍, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ നാല് പ്രതികള്‍ക്കെതിരേയും ചുമത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bhopal gangrape: Fast-track court gives life sentence to all 4 accused

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്