കർണാടകത്തിൽ ബിജെപി എംഎൽഎസി കോൺഗ്രസിൽ; അമ്പരന്ന് നേതൃത്വം..മന്ത്രിമാർ അടക്കം കോൺഗ്രസിലേക്ക്?
മേഖലയിൽ നിന്നുള്ള രണ്ട് മന്ത്രിമാർ തന്നെ ബി ജെ പി നേതൃത്വവുമായി അകലം പാലിക്കുന്നതിനിടയിലാണ് പാർട്ടിയുടെ ആശങ്കകൾ ഏറ്റി നേതാവിന്റെ രാജി

ബെംഗളൂരു: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി മറ്റൊരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. നാല് തവമ എംഎൽസി ആയിരുന്ന പുട്ടണ്ണയാണ് കോൺഗ്രസിൽ ചേർന്നത്. ദക്ഷിണ കർണാടകയിൽ നിന്നുള്ള നേതാവാണ് പുട്ടണ്ണ. മേഖലയിൽ നിന്നുള്ള രണ്ട് മന്ത്രിമാർ തന്നെ ബി ജെ പി നേതൃത്വവുമായി അകലം പാലിക്കുന്നതിനിടയിലാണ് പാർട്ടിയുടെ ആശങ്കകൾ ഏറ്റി നേതാവിന്റെ രാജി.

വിശദീകരിക്കാൻ പോലും സാധിക്കാത്ത വിധം പ്രതിസന്ധി
ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിൽ നിന്നാണ് പുട്ടണ്ണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ രാജി ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം കർണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പുട്ടണ്ണ കോൺഗ്രസിൽ ചേർന്നു. തനിക്ക് വിശദീകരിക്കാൻ പോലും സാധിക്കാത്ത വിധം പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് ബി ജെ പിയിൽ എന്ന് പാർട്ടി പ്രവേശനത്തിന് പിന്നാലെ പുട്ടണ്ണ പറഞ്ഞു.

ബി ജെ പിയിൽ ചേർന്നതിൽ എനിക്ക് മനസാക്ഷിക്കുത്ത്
ബി ജെ പിക്കെതിരെ പുട്ടണ്ണ രൂക്ഷ വിമർശനം ഉയർത്തി-'ഞാൻ എംഎൽസി സ്ഥാനം രാജിവെച്ചതായി വ്യക്തമാക്കി സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. അധ്യാപകരുടെ ഒരു ആവശ്യം പോലും സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. 142 ദിവസം അധ്യാപകർ രാപ്പകൽ സമരങ്ങൾ നടത്തി. ഇവരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി അധ്യാപകർ നടത്തിയ 40 ഓളം കൂടിക്കാഴ്ചകൾ വെറുതെയായി.എന്റെ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രയും അഴിമതി നിറഞ്ഞ ഒരു സാഹചര്യം ഞാൻ കണ്ടിട്ടില്ല. ബി ജെ പിയിൽ ചേർന്നതിൽ എനിക്ക് മനസാക്ഷിക്കുത്ത് തോന്നുന്നുണ്ട്', പുട്ടണ്ണ പറഞ്ഞു. ബി ജെ പിയുടെ ഹിന്ദുത്വ പ്രകോപനങ്ങളിൽ മനം മടുത്താണ് പുട്ടണ്ണ രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു.

രണ്ട് ബി ജെ പി മന്ത്രിമാർ കൂടി
അതേസമയം ഉടൻ തന്നെ രണ്ട് ബി ജെ പി മന്ത്രിമാർ കൂടി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. മന്ത്രിമാരായ വി സോമന്ന, എം സി നാരായണ ഗൗഡ എന്നിവരാണ് ബി ജെ പിയിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്നാണ് റിപ്പോർട്ട്. ഇരുവരും നേതൃത്വവുമായി അകന്ന് നിൽക്കുകയാണ്. തന്റെ മകന് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പിൽ വി സോമന്ന സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ബി ജെ പി നേതൃത്വം അംഗീകരിച്ചിട്ടില്ല. മുതിർന്ന നേതാവായ തന്നെ നേതൃത്വം പരിഗണിക്കാത്തതിലെ കടുത്ത അതൃപ്തിയും സോമന്നയ്ക്കുണ്ട്.

കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ്
എന്നാൽ സോമന്നയുടെ വരവ് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുൻ മന്ത്രി കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് കൃഷ്ണപ്പയാണ് സോമന്നയുടെ വരവിൽ അതൃപ്തി പ്രകടിപ്പിക്കുന്നത്. 2018 ൽ കൃഷ്ണപ്പയടെ മകൻ പ്രിയകൃഷ്ണ സോമ്മന്നയോട് പരാജയപ്പെട്ടിരുന്നു.സോമ്മന്നയും കൃഷ്ണപ്പയും ഇക്കുറി മക്കൾക്ക് വേണ്ടി സീറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇത് കൂടുതൽ തർക്കങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന്
അതേസമയം പരാജയ ഭീതി മൂലമാണ് നാരായണ ഗൗഡ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. 2019 ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിന്റെ കാല് വാര് ബി ജെ പിയിലെത്തിയ നേതാക്കളിൽ ഒരാളാണ് ഗൗഡ. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ ഗൗഡ വിജയം ആവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന് ഗൗഡ ഭയക്കുന്നുണ്ട്. അതേസമയം ഗൗഡയെ പാർട്ടിയിലെടുക്കുന്നതിനെതിരെ കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.












Click it and Unblock the Notifications