ബിഹാറില്‍ 19 ശതമാനം മുസ്ലിങ്ങളുണ്ട്, പക്ഷേ നേതൃത്വമില്ലെന്ന് ഉവൈസി; തേജസ്വി മുഖം തിരിച്ചു
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. രണ്ട് ഘട്ടമായിട്ടാണ് വോട്ടിങ്. നവംബര്‍ ആറിനും 11നും. 14ന് ഫലം അറിയാം. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്ര്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ആം ആദ്മി പാര്‍ട്ടി തുടക്കമിട്ടുകഴിഞ്ഞു. കോണ്‍ഗ്രസും ആര്‍ജെഡിയും വിഐപിയും ഉള്‍പ്പെടുന്നതാണ് ഇന്ത്യ സഖ്യം. ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്നതാണ് എന്‍ഡിഎ. ഇരുപക്ഷത്തും ചെറിയ കക്ഷികളുമുണ്ട്.
അസദുദ്ദീന്‍ ഉവൈസി എംപി നേതൃത്വം നല്‍കുന്ന മജ്‌ലിസ് പാര്‍ട്ടി കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയിരുന്നു. ഇത്തവണ ഇന്ത്യ സഖ്യത്തില്‍ ചേരണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നു. എന്നാല്‍ ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് മുഖംകൊടുക്കുന്നില്ല. ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കൂ എന്നാണ് അദ്ദേഹം ഉവൈസിയുടെ പ്രതിനിധികള്‍ക്ക് നല്‍കിയ സന്ദേശം.

അതുകൊണ്ടുതന്നെ ഉവൈസി കടുത്ത അമര്‍ഷത്തിലാണ്. ദര്‍ഭംഗയില്‍ നടന്ന മജ്‌ലിസ് പാര്‍ട്ടിയുടെ റാലിയില്‍ ബിഹാറിലെ മുസ്ലിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സമുദായത്തിനും ബിഹാറില്‍ നേതാക്കളുണ്ട്. എന്നാല്‍ 19 ശതമാനമുള്ള മുസ്ലിങ്ങള്‍ക്ക് ഒരു നേതാവുമില്ല. അതാണ് സത്യം എന്ന് ഉവൈസി പറയുന്നു.
യാദവര്‍, പാസ്വാന്‍, താക്കൂര്‍, ബ്രാഹ്മിണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം ബിഹാറില്‍ നേതാക്കളുണ്ട്. എന്നാല്‍ ബിഹാറില്‍ മുസ്ലിങ്ങള്‍ക്ക് നേതാക്കളില്ല. മുസ്ലിം സമുദായം ഒറ്റക്കെട്ടായി വോട്ട് ചെയ്യണം. താന്‍ ഹൈദരാബാദില്‍ നിന്ന് വന്ന നേതാവാണ് എന്നാണ് വിമര്‍ശനം. ശരിയാണ്, പക്ഷേ ചന്ദ്രനില്‍ നിന്ന് വന്നതല്ലെന്നും ഉവൈസി പറയുന്നു.
മുസ്ലിങ്ങളുടെ വോട്ട് നിര്‍ണായകമാകുന്ന 55 ലോക്‌സഭാ മണ്ഡലങ്ങള്‍ രാജ്യത്തുണ്ട്. ഇത്രയും എംപിമാര്‍ ലോക്‌സഭയില്‍ ഉണ്ടായിരുന്നു എങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് വഖഫ് ബില്ല് പാസാക്കാന്‍ സാധിക്കുമായിരുന്നോ എന്നും ഉവൈസി ചോദിക്കുന്നു. 2020ല്‍ അഞ്ച് സീറ്റില്‍ മജ്‌ലിസ് പാര്‍ട്ടി ജയിച്ചെങ്കിലും നാലു എംഎല്‍എമാര്‍ ആര്‍ജെഡിയിലേക്ക് കളംമാറിയിരുന്നു.
ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മല്‍സരിക്കണം എന്നാണ് മജ്‌ലിസ് പാര്‍ട്ടിയുടെ ആലോചന. എന്നാല്‍ ആര്‍ജെഡി അംഗീകരിക്കാത്തതിനാല്‍ സഖ്യസാധ്യത ഇല്ല. ഏഴ് സീറ്റ് മല്‍സരിക്കാന്‍ ലഭിച്ചാല്‍ മതിയെന്നും അധികാരത്തിലെത്തിയാല്‍ മന്ത്രി പദവി വേണ്ട എന്നും ഉവൈസി ഉപാധിവച്ചു. എന്നാല്‍ മല്‍സരിക്കാതെ പിന്തുണ നല്‍കൂ എന്നാണ് തേജസ്വി മറുപടി നല്‍കിയതത്രെ.
തേജസ്വി യാദവ് വലിയ അഹങ്കാരിയാണ് എന്ന് ഉവൈസി കുറ്റപ്പെടുത്തി. ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല. ആരാണ് ബിജെപി-ജെഡിയു സര്‍ക്കാരിനെ സഹായിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. അപക്വമായ തീരുമാനമാണ് തേജസ്വി എടുക്കുന്നത്. അതിന് വലിയ വില കൊടുക്കേണ്ടി വരും. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുമെന്ന തോന്നലാണ് തേജസ്വിക്ക് ഉള്ളതെന്നും അത് തെറ്റാണെന്നും ഉവൈസി പറയുന്നു.












Click it and Unblock the Notifications