കോൺഗ്രസ് ഭയന്നത് നടന്നു, മുസ്ലീം ഭൂരിപക്ഷ സീമാഞ്ചലിൽ ബിജെപി കുതിപ്പ്, പണി കൊടുത്തത് ഒവൈസി
പാറ്റ്‌ന: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ എല്ലാം തച്ചുടച്ച് കൊണ്ടാണ് ബീഹാറില്‍ ബിജെപി-ജെഡിയു സഖ്യം മുന്നേറ്റം തുടരുന്നത്. തേജസ്വി യാദവിന്റെ ഉദയം കാത്തിരുന്നവരെ നിരാശരാക്കി ചരിത്രത്തില്‍ ആദ്യമായി ബിജെപി ബീഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്ന കാഴ്ചയാണ്.
ബീഹാറില്‍ ഇക്കുറി വന്‍ അട്ടിമറി നടക്കുന്നത് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലിലാണ്. മഹാസഖ്യം വിജയം ഉറപ്പിച്ച ഇവിടെ എന്‍ഡിഎ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഇവിടെ പണി കൊടുത്തിരിക്കുന്നത് തെലങ്കാനയില്‍ നിന്നെത്തിയ അസദുദ്ദീന്‍ ഒവൈസിയാണ്.

പ്രതിപക്ഷത്ത് മൂന്നാം മുന്നണി
ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസും ആര്‍ജെഡിയും ഇടത് കക്ഷികളും ബീഹാറില്‍ മഹാസഖ്യം എന്ന പേരില്‍ കൈ കോര്‍ത്തത്. എന്നാല്‍ പ്രതിപക്ഷത്തെ എല്ലാ കക്ഷികളും ഈ സഖ്യത്തില്‍ ചേരാന്‍ തയ്യാറായില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒവൈസിയും മായാവതിയും അടക്കമുളളവര്‍ മൂന്നാം മുന്നണിയായിട്ടാണ് മത്സരിച്ചത്.

വോട്ട് ഭിന്നിപ്പിക്കാൻ
ഇത് ബിജെപിയെ സഹായിക്കാനുളള നീക്കമാണ് എന്നാണ് തുടക്കം മുതല്‍ക്കേ കോണ്‍ഗ്രസ് ആരോപിച്ചത്. ബിജെപി വിരുദ്ധ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഭിന്നിപ്പിക്കാന്‍ മാത്രമാണ് ഒവൈസിയുടേയും മൂന്നാം മുന്നണിയുടേയും സാന്നിധ്യം കൊണ്ട് സാധിക്കുക എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ മഹാസഖ്യത്തിനെതിരെ ഒവൈസിയും കൂട്ടരും മുന്നോട്ട് തന്നെ പോവുകയായിരുന്നു.

എൻഡിഎയുടെ മുന്നേറ്റം
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭയപ്പെട്ടത് തന്നെ നടന്നിരിക്കുകയാണ്. ന്യൂനപക്ഷ മേഖലയായ സീമാഞ്ചലിലും കോഷിയിലും ലീഡ് ചെയ്യുന്നത് എന്‍ഡിഎ ആണ്. ഇവിടെ മുസ്ലീം വോട്ടുകള്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലിമീനിനും മഹാസഖ്യത്തിനും ഇടയില്‍ ഭിന്നിച്ചത് ബിജെപിക്ക് നേട്ടമായി എന്ന് വേണം വിലയിരുത്താന്‍.

24 നിർണായക സീറ്റുകൾ
ന്യൂനപക്ഷ മേഖല ആയത് കൊണ്ട് തന്നെ സീമാഞ്ചലില്‍ ബിജെപി കാര്യമായി വോട്ടിനുളള ശ്രമം നടത്തിയിരുന്നില്ല. അതേസമയം കോണ്‍ഗ്രസും ആര്‍ജെഡിയും കാര്യമായ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോള്‍ പ്രവചിച്ചത് സീമാഞ്ചല്‍ മേഖല മഹാസഖ്യം തൂത്തുവാരും എന്നാണ്. 24 സീറ്റുകള്‍ ആണ് സീമാഞ്ചല്‍ മേഖലയില്‍ ആകെയുളളത്.

പ്രവചനങ്ങൾ പാളുന്നു
41 ശതമാനം വോട്ടുകളോടെ 15 സീറ്റുകള്‍ മഹാസഖ്യം നേടും എന്നായിരുന്നു പ്രവചനം. 40 ശതമാനം വോട്ടോടെ 6 സീറ്റുകള്‍ ബിജെപി നേടുമെന്നും ഇന്ത്യ ടുഡെ പ്രവചിച്ചു. എന്നാല്‍ ഒവൈസിയുടെ സാന്നിധ്യം എല്ലാ പ്രവചനങ്ങളേയും സീമാഞ്ചലില്‍ അട്ടിമറിക്കുകയാണ്. പൗരത്വ നിയമം തന്നെയാണ് സീമാഞ്ചലിനെ ന്യൂനപക്ഷം വോട്ട് ചെയ്യുമ്പോള്‍ ഓര്‍ത്തത് എന്ന് വേണം മനസ്സിലാക്കാന്‍.

പൗരത്വ നിയമം വിഷയം
പൗരത്വ നിയമത്തിന് എതിരെ ശക്തമായി പ്രതികരിച്ച നേതാവാണ് അസദ്ദുദ്ദീന്‍ ഒവൈസി. അത്രയും ശക്തമായ പ്രതികരണം കോണ്‍ഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് ന്യൂനപക്ഷം വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെ ഒരു വികാരം സീമാഞ്ചലില്‍ അക്കാര്യത്തില്‍ നിലനിന്നിരുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്.
Recommended Video

പ്രതീക്ഷകൾ തെറ്റി
എന്നാല്‍ ബിജെപിയെ തോല്‍പ്പിച്ച് പുതിയ സര്‍ക്കാരുണ്ടാക്കണം എങ്കില്‍ ഒവൈസി ജയിച്ചാല്‍ പോര, മറിച്ച് മഹാസഖ്യം തന്നെ ജയിക്കണം. ഈ സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ മാറ്റി വെച്ച് സീമാഞ്ചല്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും തന്നെ വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിലെ ഫലം ചൂണ്ടിക്കാണിക്കുന്നത് സീമാഞ്ചല്‍ മഹാസഖ്യത്തിന് അനുകൂലമായി ചിന്തിച്ചില്ലെന്ന് തന്നെയാണ്.












Click it and Unblock the Notifications