'ബീഹാറിൽ എൻഡിഎ തന്നെ അധികാരത്തിൽ വരും', കുറഞ്ഞത് 160 സീറ്റുകളെന്ന് അമിത് ഷാ
ന്യൂ ഡല്‍ഹി: ബീഹാറില്‍ എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെടത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. 243 നിയമസഭാ സീറ്റുകളുളള ബീഹാറില്‍ എന്‍ഡിഎയ്ക്ക് 160 സീറ്റുകള്‍ ലഭിക്കുമെന്ന് അമിത് ഷാ എന്‍ഡിടിവിയോട് പ്രതികരിച്ചു. ബീഹാറില്‍, പ്രത്യേകിച്ച് സീമാഞ്ചല്‍ മേഖലയില്‍ നുഴഞ്ഞ് കയറ്റം ഒരു പ്രധാന പ്രശ്‌നം ആണെന്ന് അമിത് ഷാ പറഞ്ഞു. 24 സീറ്റുകളാണ് സീമാഞ്ചല്‍ മേഖലയില്‍ ഉളളത്.
വരുന്ന അഞ്ച് വര്‍ഷം കൊണ്ട് നുഴഞ്ഞ് കയറ്റക്കാരെ മുഴുവന്‍ വേരോടെ പിഴുത് മാറ്റുമെന്നും അമിത് ഷാ വ്യക്തമാക്കി. നുഴഞ്ഞ് കയറ്റം ഒരു പ്രധാന പ്രശ്‌നമാണ്. നിയമവിരുദ്ധമായ നുഴഞ്ഞ് കയറ്റക്കാരാലും അവരുടെ നിയമവിരുദ്ധമായ ബിസിനസ്സുകളാലും നിയമവിരുദ്ധമായ ഭൂമി കയ്യേറ്റത്താലും സീമാഞ്ചല്‍ മേഖല ബുദ്ധിമുട്ടുകയാണ്. മാത്രമല്ല ഇതൊരു ക്രമസമാധാന പ്രശ്‌നം കൂടിയാണ്.

അതുകൊണ്ട് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്, വരുന്ന 5 വര്‍ഷങ്ങള്‍ കൊണ്ട് ഈ നുഴഞ്ഞ് കയറ്റക്കാരെ പുറത്താക്കാനും അവരുടെ നിയമവിരുദ്ധ ബിസിനസ്സുകള്‍ നിര്‍ത്തലാക്കാനും കയ്യേറിയ ഓരോ ഇഞ്ച് ഭൂമിയും ഒന്നൊന്നായി തിരിച്ച് പിടിക്കാനുമാണ്, അമിത് ഷാ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കെ ജനങ്ങള്‍ എന്‍ഡിഎയ്ക്ക് ഒപ്പമാണ്. കുറഞ്ഞത് 160 സീറ്റുകള്‍ എങ്കിലും എന്‍ഡിഎയ്ക്ക് ലഭിക്കും. പഞ്ചപാണ്ഡവരുടെ പോരാട്ടമാണിത്. എന്‍ഡിഎയിലെ അഞ്ച് കക്ഷികളും ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണിയില്‍ തര്‍ക്കങ്ങള്‍ ഒന്നും തന്നെയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നിതീഷ് കുമാറിന്റെ നേതൃത്വത്തിന് കീഴില്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് കൊണ്ടുളള പ്രചരണം ആണ് തങ്ങള്‍ നടത്തുന്നത് എന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications