മുഖ്യമന്ത്രി കസേരയിൽ നിതീഷ് തന്നെ; രണ്ട് ഉപമുഖ്യമന്ത്രിമാരും ബിജെപിയിൽ നിന്ന്..സാധ്യതകൾ ഇങ്ങനെ
ബിഹാറിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കി എൻഡിഎ. ഈ മാസം 19 നോ 20 നോ സത്യപ്രതിജ്ഞ ചടങ്ങ് നടന്നേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ കൂടി സമയം പരിഗണിച്ചാകും സത്യപ്രതിജ്ഞ ചടങ്ങുകൾ നിശ്ചയിക്കുക. എന്നിരുന്നാലും സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പട്നയിലെ ഗാന്ധി മൈതാനത്ത് ഇതിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾത്തന്നെ ആരംഭിച്ചുകഴിഞ്ഞു.
എൻഡിഎയുടെ ശക്തിപ്രകടനത്തിനുള്ള വേദിയായിരിക്കും ചടങ്ങ്. നിരവധി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. എൻ ഡി എ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സഖ്യത്തിലെ മുതിർന്ന നേതാക്കളും ഇതിലുൾപ്പെടും. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ ഐക്യവും രാഷ്ട്രീയ സ്വാധീനവും പ്രകടിപ്പിക്കാനാണ് എൻ.ഡി.എ. ലക്ഷ്യമിടുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

17ാമത് നിയമസഭ പിരിച്ചുവിടുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിതീഷ് കുമാര്‍ നാളെ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.യോഗത്തിൽ പ്രമേയം പാസാക്കിയാൽ നിതീഷ് കുമാർ ഗവർണർ ആരിഫ് ഖാന് രാജിക്കത്ത് സമർപ്പിക്കും. തുടർന്ന് എൻ ഡി എയുടെ ഘടകകക്ഷികൾ നിയമസഭാ കക്ഷി യോഗങ്ങൾ ചേർന്ന് സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുക്കും. അതിനുശേഷം പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
എൻഡിഎയിൽ കൂറ്റൻ വിജയം ബി ജെ പി സ്വന്തമാക്കിയതോടെ നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്തുമോയെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ നിതീഷിനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്താനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അതേസമയം സുപ്രധാന വകുപ്പുകൾക്ക് ബി ജെ പി ആവശ്യം ഉയർത്തിയേക്കും. ഓരോ ആറ് എം എൽ എമാർക്കും ഒരു മന്ത്രി എന്ന എൻ ഡിഎയുടെ ഫോർമുലയാണ് പിന്തുടർന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ബി ജെ പിക്ക് 15 അല്ലെങ്കിൽ 16 മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ജെ ഡി യുവിന് 14 സ്ഥാനങ്ങൾ ലഭിക്കുമെന്നും സൂചനയുണ്ട്.
നിതീഷ് കുമാറിന് ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും. ഇവർ രണ്ട് പേരും ബി ജെ പിയിൽ നിന്ന് തന്നെയായിരിക്കും. നിലിലെ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരിയെ നിലനിർത്തിയേക്കും. അതേസമയം വിജയ് സിൻഹയെ മാറ്റിയേക്കുമെന്നാണ് സൂചന. ഇദ്ദേഹത്തിന് പകരം മംഗൽ പാണ്ഡെ, രജനീഷ് കുമാർ, നിതിൻ നവീൻ എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കും.
എൻ ഡി എയിൽ മികച്ച വിജയം സ്വന്തമാക്കിയ ചിരാഗ് പസ്വാന്റെ എൽ ജെ പിക്കും അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ലഭിച്ചേക്കും. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ചിരാഗ് പസ്വാൻ ചരടുവലിക്കുന്നുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസം നിതീഷ് കുമാറിനെ നേരിട്ട് സന്ദർശിക്കുകയും ചെയ്തിരുന്നു. ആവശ്യം നിതീഷിന് മുന്നിൽ അവതരിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഉപമുഖ്യമന്ത്രി പദം എന്ന ചിരാഗിന്റെ ആവശ്യം നേതൃത്വം പരിഗണിച്ചേക്കില്ല. പകരം അദ്ദേഹത്തിന്റെ പാർട്ടിക്ക് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കും. 3 പദവികളെങ്കിലും ലഭിച്ചേക്കുമെന്നാണ് വിവരം.കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും രാജ്യസഭാ എം പി ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടിക്കും (ആർ എൽ എസ് പി) ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
കൂറ്റൻ വിജയമാണ് ബിഹാറിൽ ഇത്തവണ എൻഡിഎ സ്വന്തമാക്കിയത്. ബി ജെ പിക്ക് 89 സീറ്റും ജെ ഡി യുവിന് 86 സീറ്റുകളുമാണ് ലഭിച്ചത്.












Click it and Unblock the Notifications