സ്പീക്കറെ വിളിച്ച് ലാലു പ്രസാദ് യാദവ്, ജെഡിയുവിന്റെ 8 എംഎല്‍എമാര്‍ ആര്‍ജെഡിക്കൊപ്പം?
ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ സഖ്യം വിടുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെ നാടകീയ രംഗങ്ങള്‍. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ബീഹാര്‍ സ്പീക്കറെ ഫോണില്‍ ബന്ധപ്പെട്ടിരിക്കുകയാണ്. സ്പീക്കാര്‍ അവധ് ബീഹാരി ചൗധരിയുമായി നിര്‍ണായക കാര്യങ്ങള്‍ നിതീഷ് സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ മഹേശ്വര്‍ ഹസാരി സംസ്ഥാന പര്യടനം തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ജെഡിയുവില്‍ നിന്ന് എട്ട് എംഎല്‍എമാര്‍ കൂറുമാറുമെന്നാണ് റിപ്പോര്‍ട്ട്. നിതീഷ് സഖ്യം വിടും മുമ്പ് ജെഡിയുവിനെ പിളര്‍ത്തി ഭരണം സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് ലാലു യാദവ് ക്യാമ്പ്.

ബീഹാറില്‍ ഭൂരിപക്ഷത്തിനായി 122 സീറ്റാണ് വേണ്ടത്. അതേസമയം നിതീഷ് സഖ്യം വിട്ടാല്‍ എട്ട് എംഎല്‍എമാര്‍ കൂടിയാണ് ആര്‍ജെഡിക്ക് ഭരണം നിലനിര്‍ത്താനായി ആവശ്യം. ജിതന്‍ റാം മാഞ്ചി ക്യാമ്പിലെ നാല് എംഎല്‍എമാര്‍, മജ്‌ലിസ് പാര്‍ട്ടിയിലെ ഒരു എംഎല്‍എ, ഒരു സ്വതന്ത്ര എംഎല്‍എ എന്നിവര്‍ ആര്‍ജെഡിക്കൊപ്പം ചേരുമെന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ വെറും രണ്ട് സീറ്റ് മാത്രം മതി അവര്‍ക്ക് ഭരണം പിടിക്കാന്‍. അത് ജെഡിയുവിനെ പിളര്‍ത്തുന്നതിലൂടെ എളുപ്പത്തില്‍ സാധിക്കും. നിലവിലെ നിയമസഭയില്‍ ആര്‍ജെഡിക്ക് 79 സീറ്റാണ് ഉള്ളത്. കോണ്‍ഗ്രസിന് 19, ഇടതുപാര്‍ട്ടികള്‍ക്ക് 16, എച്ച്എഎമ്മിന് 4, മജ്‌ലിസ് പാര്‍ട്ടിക്ക് 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയുള്ളവരെ ചേര്‍ത്താല്‍ 120 സീറ്റിലെത്താന്‍ സാധിക്കും. ജെഡിയുവിന് 45 സീറ്റാണ് ഉള്ളത്. ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്നാല്‍ 159 സീറ്റാണ് ഉള്ളത്.
അതേസമയം ജെഡിയു എംഎല്‍എമാരോട് അടിയന്തരമായി പട്‌നയിലെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍. ആര്‍ജെഡി എംഎല്‍എമാരെ അടര്‍ത്തിയെടുക്കുന്നത് തടയാനുള്ള നീക്കമാണിത്. കര്‍പ്പൂരി താക്കൂറിന് കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്‌ന പ്രഖ്യാപിച്ചത് ബിജെപി-ജെഡിയു സഖ്യം പുനസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന് വിലയിരുത്തലുണ്ട്.
ബീഹാര്‍ അതിര്‍ത്തിയില്‍ ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നല്‍കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം നിതീഷ് കുമാര്‍ വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. വിശ്വസ്തരായ ഭോല യാദവ്, ശക്തി സിംഗ് യാദവ് എന്നിവരുമായി ലാലു പ്രസാദ് യാദവ് ചര്‍ച്ച നടത്തി. ലാലുവിന്റെ നീക്കം മുന്നില്‍ കണ്ട് നിതീഷ് ബീഹാര്‍ നിയമസഭ നേരത്തെ പിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്.
ബിജെപിയുടെ ബീഹാറിലെ പ്രമുഖ നേതാക്കളെല്ലാം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനും ഇതിനിടെ ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അടുത്ത് 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ചിരാഗ് പറഞ്ഞു. ഇന്ന് രാത്രി ചിരാഗിന്റെ വസതിയില്‍ വെച്ച് എല്‍ജെപി നേതാക്കള്‍ യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications