ആര്‍ജെഡി, ബിജെപി മുന്നേറ്റം; ഒവൈസിയുടെ പാര്‍ട്ടി ഒരു സീറ്റില്‍, മാഞ്ചി ഇല്ലാതാകും
പട്‌ന: വോട്ടെണ്ണലിന്റെ രണ്ടു മണിക്കൂര്‍ തികയുമ്പോള്‍ ബിഹാറില്‍ നിന്നുള്ള സൂചനകള്‍ അടുത്ത ഭരണം ആരിലേക്ക് എന്ന് വ്യക്തമാക്കുന്നില്ല. മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രകടമാണ്. എന്നാല്‍ ഈ സഖ്യത്തില്‍ എല്ലാ കക്ഷികളും ഒരുപോലെ മുന്നേറുന്നില്ല. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് മുന്നേറുന്നത്. 60 സീറ്റില്‍ ആര്‍ജെഡി ലീഡ് ചെയ്യുന്നു.
എന്‍ഡിഎ സഖ്യത്തിലാകട്ടെ ബിജെപി കുതിക്കുന്നുണ്ടെങ്കിലും ജെഡിയുവിന്റെ നില പരുങ്ങലിലാണ്. ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ട എന്‍ഡിഎക്ക് തന്ത്രം പാളിയെന്നാണ് വ്യക്തമാകുന്നത്. വിശദാംശങ്ങള്‍...

ജെഡിയു പിന്‍മാറുന്നു
ഫലം അംഗീകരിക്കുമെന്ന് ജെഡിയു വ്യക്തമാക്കികഴിഞ്ഞു. തോല്‍വി സമ്മതിക്കുന്നത് പോലെയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. നിലവിലെ ലീഡിങ് നില തുടര്‍ന്നാല്‍ മഹാസഖ്യം അധികാരത്തിലെത്തും. ആദ്യ ഫല സൂചനകളില്‍ വന്‍ മുന്നേറ്റം നടത്തിയ മഹാസഖ്യത്തിനൊപ്പം എത്താന്‍ ശ്രമിക്കുകയാണ് എന്‍ഡിഎ.

മഹാസഖ്യം 124 സീറ്റില്‍
രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യം 124 സീറ്റിലും എന്‍ഡിഎ 110 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഒറ്റയ്ക്ക് മല്‍സരിച്ച എല്‍ജെപി മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നു. മായാവതിയുടെ ബിഎസ്പിയും ഒവൈസിയുടെ എംഐഎമ്മും ഓരോ സീറ്റിലാണ് മുന്നേറുന്നത്.

ഇല്ലാതാകുന്ന പാര്‍ട്ടി
അതേസമയം, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ഒരു സീറ്റിലും ലീഡില്ല. നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു മാഞ്ചി. സീറ്റ് കിട്ടില്ലെന്ന് കണ്ടപ്പോള്‍ എന്‍ഡിഎ പാളയത്തിലെത്തി. എല്‍ജെപിയെ അകറ്റാന്‍ ശ്രമിച്ച ജെഡിയു മാഞ്ചിയെ കൂട്ടുപിടിക്കുകയായിരുന്നു. പാസ്വാന്റെ പാര്‍ട്ടി പോയാലും ദളിത് വോട്ടുകള്‍ കൂടെ നിര്‍ത്താമെന്ന ലക്ഷ്യത്തിലായിരുന്നു ഇത്. എന്നാല്‍ മാഞ്ചിയുടെ പാര്‍ട്ടി ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാത്തത് നിതീഷിന്റെ തന്ത്രങ്ങളുടെ പാളിച്ചയായി വിലയിരുത്തുന്നു. മാത്രമല്ല, മാഞ്ചിയുടെ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പോടെ അസ്തമിക്കുമെന്ന സൂചനയുമാണിത്.

ഇതുവരെ ഇങ്ങനെ
ബിഹാറില്‍ 54 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ജെഡിയു 38 സീറ്റിലും. എന്‍ഡിഎയിലെ മറ്റൊരു കക്ഷിയായ വിഐപി മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 25 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം ആദ്യം പതറിയ എന്‍ഡിഎ നേരിയ തോതില്‍ കുതിപ്പ് തുടങ്ങി എന്നതാണ്.

2015ല്‍ സംഭവിച്ചത്
2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്നത്തെ രാഷ്ട്രീയ സഖ്യമായിരുന്നില്ല ബിഹാറില്‍. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാറിന്റെ ജെഡിയു പിന്നീട് കളം മാറി ബിജെപിക്കൊപ്പം ചേരുകയായിരുന്നു. അന്ന് ജയിച്ചത് മഹാസഖ്യം ആയിരുന്നു എങ്കിലും നിതീഷിന്റെ കളംമാറ്റത്തോടെ ഭരണത്തില്‍ ബിജെപിക്ക് പങ്കാളിത്തം വന്നു.












Click it and Unblock the Notifications