കാന്റീനില്‍ എംപിമാരുടെ ഭക്ഷണ സബ്‌സിഡി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട ഏക എംപി ആരാണ്?
ദില്ലി: രണ്ടാഴ്ചമുന്‍പ് പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് പാര്‍ലിമെന്റിലെ കാന്റീനില്‍ ലഭിക്കുന്ന ഭക്ഷണ സബ്‌സിഡിയെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. മികച്ച ശമ്പളവും ബത്തയും അലവന്‍സുമൊക്കെ ലഭിക്കുന്ന എംപിമാരില്‍ നിന്നും പേരിനുമാത്രം പണം ഈടാക്കിയാണ് ഭക്ഷണം നല്‍കുന്നതെന്നായിരുന്നു വാര്‍ത്ത. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കി വെക്കുന്നതാകട്ടെ 60 കോടി രൂപയും.
കോടിക്കണക്കിന് പാവപ്പെട്ടവര്‍ ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത ഇന്ത്യയിലാണ് എംപിമാര്‍ക്ക് ഇത്രയും തുകയ്ക്കുള്ള ഭക്ഷണം സൗജന്യമായി നല്‍കുന്നത്. തങ്ങള്‍ക്കു ലഭിക്കുന്ന സൗജന്യം വേണ്ടെന്നു പറയാന്‍ ഒരു എംപിയും ഇതുവരെ രംഗത്തെത്തിയിരുന്നുമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ബിജു ജനതാദള്‍ എംപി ജയ് പാണ്ഡ മറ്റു എംപിമാരില്‍ നിന്നും വ്യത്യസ്തനായിരിക്കുകയാണ്.

ഇത്രയും കൂടിയ സബ്‌സിഡി എംപിമാര്‍ക്ക് ഭക്ഷണയിനത്തില്‍ നല്‍കുന്നത് പൊതു ജനങ്ങളോടുള്ള അവഹേളനത്തിന് തുല്യമാണെന്ന് കാട്ടി അദ്ദേഹം ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കത്തയച്ചു. കാന്റീന്‍ സബ്‌സിഡി വാര്‍ത്ത പുറത്തുവന്നതിനുശേഷമുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം എംപിമാര്‍ അവഗണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാന്റീന്‍ സബ്‌സിഡി എത്രയും പെട്ടെന്ന് എടുത്തുകളയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
പുറത്ത് 61 രൂപയുള്ള മട്ടണ്‍ കറിക്ക് വെറും ഇരുപത് രൂപയാണ് പാര്‍ലിമെന്റ് കാന്റീനിലെ വില. മസാല ദോശക്ക് 6 രൂപ ഈടാക്കുമ്പോള്‍ പുറത്ത് 23 രൂപയാണ്. നോണ്‍ വെജ് ഊണിന് 33 രൂപമാത്രമാണ് കാന്റീന്‍ വിലയെങ്കില്‍ 99 രൂപയാണ് പുറത്ത്. വെജിറ്റബിള്‍ സ്റ്റ്യൂവിന് പുറത്ത് 41 രൂപ പുറത്തുള്ളപ്പോള്‍ 4 രൂപയാണ് കാന്റീനിലെ വില. ഇത്തരത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന വിലക്കുറവിലാണ് കാന്റീന്‍ സബ്‌സിഡി.












Click it and Unblock the Notifications