ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും യാത്രാമൊഴി; പൊതുദർശനം തുടങ്ങി; സംസ്കാരം ഉച്ചതിരിഞ്ഞ് മൂന്നിന് ദില്ലിയിൽ
ദില്ലി: രാജ്യത്തെ നടുക്കിയ കുന്നൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെയും ഭാര്യ മധുലിക റാവത്തിൻ്റെയും സംസ്കാരം ഇന്ന് ദില്ലിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ദില്ലി കൻ്റോൺമെൻ്റിലുള്ള ബ്രാർ വസതിയിലാണ് സംസ്കാര ചടങ്ങുകൾ. ഔദ്യോഗികവസതിയായ ദില്ലി കാമരാജ് നഗറിലുള്ള നമ്പർ മൂന്ന് വസതിയിൽ പൊതുദർശനം തുടങ്ങി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് പൊതുദർശനം. അതിനിടെ, മരിച്ച ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറുടെ സംസ്കാരം രാവിലെ നടന്നു.
രാവിലെ 11 മണിയോടെയാണ് ജനറൽ ബിപിൻ റാവത്തിൻ്റെയും ഭാര്യ മധുലിക റാവത്തിൻ്റെയും പൊതുദർശനം ആരംഭിച്ചത്. ദില്ലി കാമരാജ് നഗറിലുള്ള നമ്പർ മൂന്നു വസതിയിലാണ് ഇരുവരുടെയും മൃതദേഹങ്ങളുള്ളത്.രാഷ്ട്രപതി രാംനാഥ് കോവിഡ് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തുമെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിച്ച് കടന്നുപോയി. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തുണ്ട്. കൂടുതൽ കേന്ദ്രമന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇവിടെക്കെത്തുകയാണ്. ഉച്ചയ്ക്ക് 12:30 മുതൽ 1:30 വരെ സൈനിക ഉദ്യോഗസ്ഥർക്ക് അന്തിമോപചാരമർപ്പിക്കാൻ സമയം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കും ആദരാഞ്ജലി അർപ്പിക്കാൻ ഇവിടെ ക്രമീകരണം ഒരുക്കി.
കഴിഞ്ഞദിവസം പാലം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ എത്തിച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, അജയ് ഭട്ട്, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, മൂന്ന് സേനയുടെയും തലവന്മാർ എന്നിങ്ങനെ നിരവധി പേരാണ് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. ഇതിനിടെ മരിച്ച ബ്രിഗേഡിയർ എൽ.എസ്.ലിഡറുടെ സംസ്കാര ചടങ്ങുകൾ രാവിലെ നടന്നു.

ഇന്നലെ എത്തിച്ച മറ്റു 10 മൃതദ്ദേഹങ്ങളും പ്രത്യേക മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിലാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിന് കാലതാമസം ഉണ്ടായത്. നേരത്തെ അപകടത്തിൽ മരിച്ച എല്ലാ സൈനികരുടെയും ഡിഎൻഎ പരിശോധന നടന്നിരുന്നു. എന്നാൽ, ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തി മൃതദ്ദേഹങ്ങൾ കൃത്യമായി തിരിച്ചറിയുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് സൈനികവൃത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം, ഹെലികോപ്റ്റർ അപകടമുണ്ടായ കൂനൂരിലെ കാട്ടേരി എസ്റ്റേറ്റിൽ വ്യോമസേന ഇന്നും പരിശോധന തുടരും. സംഭവത്തിൽ സമഗ്ര അന്വേഷണമാണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ദക്ഷിണവ്യോമസേനാ മേധാവി വി.ആർ.ചൗധരിയുടെ നേതൃത്വത്തിൽ ആറു മണിക്കൂറോളം പരിശോധന നടന്നിരുന്നു. പ്രാഥമിക റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം.

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് പ്രധാനമായും നടത്തുക. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

വിദഗ്ധ ചികിത്സ നൽക്കുന്നതിനായി വെല്ലിംങ്ങ്ടൺ സൈനിക ആശുപത്രിയിൽ നിന്ന് ഇന്നലെയാണ് ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് വരുൺ സിംഗിനെ മാറ്റിയത്. കർണാടക ഗവർണർ തവർചന്ദ് ഗലോട്ട്, മുഖ്യമന്തി ബസവരാജ് ബൊമ്മയ് എന്നിവർ ബംഗ്ലൂരുവിലെ കമാൻഡ് ആശുപത്രിയിലെത്തി ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ സന്ദർശിച്ചിരുന്നു.
വരുൺ സിംഗിന്റെ പിതാവ് റിട്ടേർഡ് കേണൽ എ.കെ സിങ്ങ് അടക്കമുള്ള കുടുബാംഗങ്ങളും ബംഗ്ലൂരുവിലെത്തിയിട്ടുണ്ട്. സുലൂരിൽ നിന്ന് പ്രത്യേക എയർ ആംബുലൻസിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ഇന്നലെ ബംഗ്ലൂരുവിലെത്തിച്ചത്. കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ഏക സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്.
ഹോട്ട് ലുക്കില്‍ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്‍മയി; പൊളി ഫോട്ടോഷൂട്ടെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications