ഞാന്‍ വിഷ്ണുവിന്റെ അവതാരം; ഓഫീസില്‍ വരാനാകില്ലെന്ന് സര്‍ക്കാര്‍ ഓഫീസര്‍, വീണ്ടും ചര്‍ച്ച
ഗാന്ധി നഗര്‍: പതിവായി ഓഫീസില്‍ വരാത്ത ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ഏജന്‍സി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ലഭിച്ച മറുപടി എല്ലാവരെയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. താന്‍ വിഷ്ണുവിന്റെ പത്താം അവതാരമാണെന്നും തപസിലായതിനാല്‍ ഓഫീസില്‍ വരാനാകില്ലെന്നുമായിരുന്നു മറുപടി. ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രമേശ് ചന്ദ്ര ഫെഫര്‍ ആണ് താന്‍ കല്‍ക്കിയാണെന്ന് അവകാശപ്പെട്ട് വീട്ടിലിരിക്കുന്നത്. ലോകമനസാക്ഷിയില്‍ മാറ്റം വരാന്‍ വേണ്ടിയാണത്രെ തപസ്. തന്റെ തപസിന്റെ ഫലമായിട്ടാണ് രാജ്യത്ത് നല്ല മഴ ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 2018ലാണ് ഈ സംഭവം. എന്നാല്‍ രമേശ് ചന്ദ്രയുടെ പഴയ മറുപടി ഇപ്പോള്‍ ട്വിറ്ററില്‍ വലിയ ചര്‍ച്ചയാണ്. പഴയ വാര്‍ത്തയുടെ തലക്കെട്ടുകള്‍ പങ്കുവച്ചാണ് പലരും പ്രതികരിച്ചത്. ജോലിക്ക് പോകാതിരിക്കാന്‍ ഇതിനേക്കാള്‍ വലിയ കാരണം പറയാന്‍ പറ്റുമോ എന്നാണ് പലരും ഉന്നയിച്ച സരസമായ ചോദ്യം.

പഴയ വാര്‍ത്തയില്‍ നിന്നുള്ള ഭാഗങ്ങള്‍- സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സി (എസ്എസ്പിഎ)യില്‍ എഞ്ചിനിയറാണ് രമേശ് ചന്ദ്ര. ഗസറ്റഡ് റാങ്കിലുള്ള ഓഫീസറാണ്. നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലും ഞാന്‍ വിഷ്ണുവിന്റെ പത്താം അവതാരമാണ്. അത് വരുംദിവസങ്ങളില്‍ തെളിയിക്കും. 2010 മാര്‍ച്ചില്‍ ഓഫീസിലിരിക്കുമ്പോഴാണ് ഞാന്‍ കല്‍ക്കിയാണെന്ന് തിരിച്ചറിഞ്ഞത്. അതിന് ശേഷം എനിക്ക് പല അല്‍ഭുത സിദ്ധികളുമുണ്ടായി- രാജ്‌കോട്ടിലെ വീട്ടില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെ രമേശ് ചന്ദ്ര ഫെഫര്‍ പറഞ്ഞു.
വീട്ടില്‍ തപസിലാണ്. ലോക മനസാക്ഷി മാറുന്നതിനുള്ള തപസിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഓഫീസില്‍ ഇരുന്നാല്‍ എനിക്ക് തപസ് ചെയ്യാന്‍ സാധിക്കില്ല. കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യയില്‍ നല്ല മഴ ലഭിക്കുന്നത് എന്റെ തപസ് കൊണ്ടാണ്. തപസ് നിര്‍ത്തിയാല്‍ രാജ്യം വരള്‍ച്ചയിലേക്ക് നീങ്ങുമെന്നും രമേശ് ചന്ദ്ര ഫെഫര്‍ രണ്ടു പേജുള്ള മറുപടിയില്‍ പറയുന്നു.
എട്ട് മാസത്തിനിടെ വെറും 16 ദിവസമാണ് ഇയാള്‍ വഡോദരയിലെ ഓഫീസില്‍ വന്നത്. ഗസറ്റഡ് ഓഫീസര്‍ ഇത്രയും അവധിയെടുക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഏജന്‍സി കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി. സര്‍ദാര്‍ സരോവന്‍ പദ്ധതി കാരണം വീട് നഷ്ടമായവര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എസ്എസ്പിഎയാണ്.












Click it and Unblock the Notifications