'രംഗ് ദേ തൂ മോഹേ ഗേരുവാ' പാടി, അർജീതിന്റെ സംഗീത പരിപാടിക്ക് മമത സർക്കാർ അനുമതി നിഷേധിച്ചെന്ന് ബിജെപി
കൊല്‍ക്കത്ത: പത്താനിലെ ബേഷരം രംഗ് എന്ന ഗാനത്തിന് പിന്നാലെ വീണ്ടും കാവി നിറവും പാട്ടും വിവാദത്തില്‍. ഇത്തവണ പ്രശസ്ത ഗായകന്‍ അര്‍ജീത് സിംഗുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടക്കേണ്ടിയിരുന്ന അര്‍ജീത് സിംഗിന്റെ സംഗീത പരിപാടി റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഇത് ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലമാണ് എന്ന ആരോപണവുമായി ബിജെപിയാണ് രംഗത്ത് വന്നിരിക്കുന്നത്.
ജി-20 കൊല്‍ക്കത്തയില്‍ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ സര്‍ക്കാര്‍ അര്‍ജീതിന്റെ സംഗീത പരിപാടി നടത്താന്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിക്കുന്നത് മറ്റൊന്നാണ്. അടുത്തിടെയുണ്ടായ ഒരു പരിപാടിയില്‍ അര്‍ജീത് സിംഗ് ഗേരുവാ എന്ന ഗാനം മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മുന്നില്‍ ആലപിച്ചിരുന്നു. ഈ ഗാനത്തിലെ ഒരു വരി ഇങ്ങനെയാണ്- രംഗ് ദേ തൂ മോഹേ ഗേരുവാ. മലയാളത്തില്‍ അര്‍ത്ഥം എന്ന കാവി നിറം പൂശൂ എന്നാണ്. അതുകൊണ്ടാണ് മമത സര്‍ക്കാര്‍ അര്‍ജീതിന്റെ സംഗീത പരിപാടിക്ക് അനുമതി നല്‍കാത്തത് എന്നാണ് ബിജെപി നേതാവിന്റെ വാദം.

ഹൈന്ദവ ദേശീയതയുടെ നിറമായി ബിജെപി മുന്നോട്ട് വെയ്ക്കുന്ന കാവിയെ കുറിച്ച് അര്‍ജീത് പാടിയതാണ് മമതയെ ചൊടിപ്പിച്ചത് എന്നാണ് അമിത് മാളവ്യയുടെ കണ്ടെത്തല്‍. അടുത്തിടെ കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് അര്‍ജീത് പ്രശസ്തമായ ഗാനത്തിന്റെ ഏതാനും വരികള്‍ ആലപിച്ചത്. പരിപാടിയില്‍ പങ്കെടുത്ത ഷാരൂഖ് ഖാന് സമര്‍പ്പിച്ച് കൊണ്ടായിരുന്നു അര്‍ജീതിന്റെ ആലാപനം. ഷാരൂഖ് നായകനായി 2015ല്‍ പുറത്തിറങ്ങിയ ദില്‍വാലേ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണിത്. ഇത് കൂടാതെ മറ്റ് ഗാനങ്ങളും അന്ന് അര്‍ജീത് വേദിയില്‍ ആലപിക്കുകയുണ്ടായി.
ഷാരൂഖ് ഖാനും ദീപികാ പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന പത്താന്‍ എന്ന ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയും തീവ്രഹിന്ദുത്വ വാദികളും വലിയ കോലാഹലമാണ് അഴിച്ച് വിട്ടിരിക്കുന്നത്. ഗാനത്തിലെ ഒരു രംഗത്ത് ദീപിക കാവി നിറത്തിലുളള ബിക്കിനി ധരിച്ചത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് പ്രശ്‌നക്കാരുടെ വാദം. കൊല്‍ക്കത്തയിലെ പരിപാടിയില്‍ പങ്കെടുത്ത നടന്‍ അമിതാബ് ബച്ചന്‍ അഭിപ്രായ സ്വാതന്ത്രത്തിലും പൗരാവകാശത്തിന് മേലെയും ഉയരുന്ന ചോദ്യങ്ങളെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇതും അമിത് മാളവ്യ തന്റെ ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications