'ബിജെപി രാജവാഴ്ച തിരികെ കൊണ്ട് വന്നിരിക്കുന്നു', 'ഷെഹൻഷ'; മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം
ദില്ലി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം. എതിര്‍ശബ്ദങ്ങളെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ജുഡീഷ്യറിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും പെഗാസസ് സോഫ്‌റ്റ്വെയറും ഉപയോഗിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തെ കടന്നാക്രമിച്ചത്.
ഇപ്പോള്‍ രണ്ട് വ്യത്യസ്തങ്ങളായിട്ടുളള ഇന്ത്യയാണ് ഉളളത്. ഒന്ന് പാവപ്പെട്ടവരുടേതും രണ്ട് സമ്പന്നരുടേതും. രണ്ടിനും ഇടയിലുളള വിടവ് വലുതായിക്കൊണ്ടിരിക്കുകയാണ്. മെയ്ഡ് ഇന്‍ ഇന്ത്യയെ കുറിച്ചാണല്ലോ നിങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ ഇനി സാധ്യമല്ല. നിങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യയെ തകര്‍ത്തിരിക്കുന്നു. ചെറുകിട വ്യവസായങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. അതില്ലാതെ മെയ്ഡ് ഇന്‍ ഇന്ത്യ സാധ്യമല്ല. തൊഴില്‍ സൃഷ്ടിക്കുന്നതിനുളള ഏക വഴി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ആണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. തങ്ങള്‍ 27 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നു. നിങ്ങള്‍ 23 കോടി ആളുകളെ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. തന്റെ വാക്കുകളെ വിമര്‍ശനമായി കണക്കാക്കേണ്ടതില്ല, മറിച്ച് രാജ്യത്തെ കുറിച്ച് ആശങ്കയുളള ഒരു പൗരന്റെ ശബ്ദമായി കണ്ടാല്‍ മതി. 1947ല്‍ തച്ചുടക്കയ്ക്കപ്പെട്ട രാജഭരണം എന്ന ആശയത്തെ ബിജെപി സര്‍ക്കാര്‍ തിരികെ കൊണ്ട് വന്നിരിക്കുകയാണ്, രാജാക്കന്മാരുടെ രാജാവ്, ഷെഹന്‍ഷയാണ് ഇപ്പോഴെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഫെഡറലിസം എന്ന ആശയത്തെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പരസ്പരമുളള ചര്‍ച്ചകളും കൂടിയാലോചനകളുമാണ് ഫെഡറലിസത്തിന്റെ കാതല്‍. നിങ്ങള്‍ക്ക് ഒരിക്കലും തമിഴ്‌നാട്ടിലെ ആളുകളെ ഭരിക്കാന്‍ കഴിയില്ല. എന്തൊക്കെ സങ്കല്‍പ്പങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കിലും ഈ രാജ്യത്തെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കാന്‍ നിങ്ങള്‍ക്കാവില്ല. തന്റെ മുതുമുത്തച്ഛന്‍ 15 വര്‍ഷം ജയിലില്‍ കിടന്നു. മുത്തശ്ശിയ്ക്ക് വെടിയേറ്റത് 32 തവണയാണ്. തന്റെ അച്ഛന്‍ കഷണങ്ങളായി ചിതറിത്തെറിച്ചു. അതുകൊണ്ട് എന്താണ് പറയുന്നത് എന്നത് തനിക്ക് നല്ല ബോധ്യമുണ്ട്. നിങ്ങള്‍ അപകടകരമായ ഒരു കളിയാണ് കളിക്കുന്നത്. അത് അവസാനിപ്പിച്ചില്ലെങ്കില്‍ ഫലം നല്ലതാവില്ല. പ്രശ്‌നം തുടങ്ങിക്കഴിഞ്ഞു, രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നതില്‍ തനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഈ രാജ്യത്തേയും പൗരന്മാരേയും വലിയ അപകടത്തിലേക്ക് തള്ളി വിടുകയാണ് എന്നും കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications