കൊറോണ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്; ബിജെപി ഗവര്‍ണറെ കണ്ടു, സമ്മര്‍ദ്ദ തന്ത്രം പയറ്റി കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ അത്ഭുതം സംഭവിക്കുമോ? കോണ്‍ഗ്രസിലെ വിമതരെ കൂടെ നിര്‍ത്തിയ ബിജെപി നടപടികള്‍ വേഗത്തിലാക്കി. കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് അവര്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
സമയം കിട്ടിയാല്‍ കാര്യങ്ങള്‍ പിടിയിലൊതുക്കാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. 22 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. കര്‍ണാടകത്തിലെ കളിയാണ് ബിജെപി മധ്യപ്രദേശില്‍ ആവര്‍ത്തിച്ചത്. എന്നാല്‍ കുമാരസ്വാമി വീണ പോലെ കമല്‍നാഥ് വീഴുമോ? മധ്യപ്രദേശ് നിമയസഭയിലെ അംഗബലം ആര്‍ക്കാണ് ആത്മവിശ്വാസം നല്‍കുന്നത്. വിശദമാക്കാം...

വിട്ടുകൊടുക്കാതെ കമല്‍നാഥ്
കര്‍ണാടകത്തില്‍ 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ചാടിച്ചാണ് ബിജെപി ഭരണം പിടിച്ചത്. മധ്യപ്രദേശിലാകട്ടെ 22 കോണ്‍ഗ്രസ് എംഎല്‍എമാരെ ചാടിച്ചിരിക്കുന്നു. കുമാരസ്വാമിയേക്കാള്‍ രാഷ്ട്രീയ അടവുകള്‍ കൂടുതല്‍ അറിയുന്ന വ്യക്തിയാണ് കമല്‍നാഥ്. അദ്ദേഹം മറുതന്ത്രം പയറ്റുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊറോണയെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്
കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ പല നിയമസഭകളും നടപടികള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. മാത്രമല്ല, ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം വ്യാപകമാണ്. ഇക്കാര്യം തന്നെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ബിജെപി ഗവര്‍ണറെ കണ്ട ആവശ്യപ്പെട്ടത്
തിങ്കളാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കമല്‍നാഥിനോട് ആവശ്യപ്പെടണം എന്ന അഭ്യര്‍ഥനയുമായി മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കണ്ടു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് സമര്‍പ്പിച്ചത്.

രാജി സ്വീകരിക്കാതെ സ്പീക്കര്‍
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകുകയും ചെയ്തിരിക്കുന്നു. ഇദ്ദേഹവുമായി അടുപ്പമുള്ള 22 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സ്പീക്കര്‍ എന്‍പി പ്രജാപതി രാജി സ്വീകരിച്ചിട്ടില്ല. എംഎല്‍എമാരെ നേരിട്ട് കാണാനാണ് സ്പീക്കറുടെ നീക്കം.

സഭയിലെ ശക്തി ഇങ്ങനെ
230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. 115 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടെങ്കില്‍ ഭരിക്കാമെന്നതാണ് അവസ്ഥ. കോണ്‍ഗ്രസ് 121 അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. ഇതില്‍ നാല് സ്വതന്ത്രരും ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരംഗവും ഉള്‍പ്പെടും.

രാജി സ്വീകരിച്ചാലുള്ള അംഗബലം
22 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് അംഗബലം 92 ആയി കുറയും. നാല് സ്വതന്ത്രര്‍ ഉള്‍പ്പെടെ 100 എംഎല്‍എമാര്‍ നിയമസഭാ കക്ഷി യോഗത്തിന് എത്തിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, വിമതരും ബിഎസ്പി, എസ്പി എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാത്തത് കോണ്‍ഗ്രസിന് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.

104 അംഗങ്ങളുടെ പിന്തുണ വേണം
22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചാല്‍ ബാക്കി വരുന്നത് 206 അംഗങ്ങളാണ്. ഇതില്‍ വിശ്വാസ വോട്ട് നേടണമെങ്കില്‍ 104 അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍ നിലവില്‍ കമല്‍നാഥ് സര്‍ക്കാരിന് 100 ല്‍ താഴെ അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഇവിടെയാണ് ബിജെപിക്ക് ആശ്വാസം.

ബിജെപിയുടെ ശക്തി
ബിജെപിക്ക് മധ്യപ്രദേശ് നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയുണ്ട്. ബിജെപി അംഗങ്ങള്‍ കുറയാതിരുന്നാല്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വിശ്വാസ വോട്ട് വൈകിപ്പിക്കാനാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ശ്രമം. അതിനാണ് കൊറോണ വൈറസ് ഭീതി അവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്
നിയമസഭാ സമ്മേളനം വൈകിപ്പിച്ചാല്‍ വിമതര്‍ നിലപാട് മാറ്റുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്നാല്‍ റിസോര്‍ട്ട് രാഷ്ട്രീയമാണ് ബിജെപി ഇവിടെ പയറ്റുന്നത്. പല എംഎല്‍എമാര്‍ക്കുമെതരായ കേസുകള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ശ്രമം.












Click it and Unblock the Notifications