ഹരിയാനയില്‍ ബിജെപി-ജെജപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്: മുന്‍ എംഎല്‍എമാർ ഉള്‍പ്പടേയുള്ളവർ

ചണ്ഡീഗഢ്: ഹരിയാനയില്‍ ഭരണ സഖ്യമായ ബി ജെ പി - ജെ ജെ പി പാർട്ടികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി നേതാക്കളുടെ കൂട്ട കൂറുമാറ്റം. മുൻ നിയമസഭാംഗങ്ങൾ ഉൾപ്പെടുന്ന ബി ജെ പി-ജെ ജെ പിയുടെ അരഡസൻ നേതാക്കൾ ബുധനാഴ്ച പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെയും എച്ച് പി സി സി അധ്യക്ഷന്‍ ചൗധരി ഉദയ്ഭാന്റെയും സാന്നിധ്യത്തിൽ കോണ്‍ഗ്രസില്‍ ചേർന്നത്. നൂറുകണക്കിന് അനുയായികളും ഇവർക്കൊപ്പം ബി ജെ പി, ജെ ജെ പി പാർട്ടികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസിലെത്തി.

കോണ്‍ഗ്രസില്‍ ചേർന്ന പ്രമുഖർ
ഭിവാനിയിലെ മുൻ എം എൽ എയും ജെ ജെ പി സ്ഥാനാർഥിയുമായ ശിവശങ്കര് ഭരദ്വാജ്, മുൻ മന്ത്രി മംഗേറാം ഗുപ്തയുടെ മകനും ജെ ജെ പി നേതാവുമായ മഹാവീർ ഗുപ്ത, ബി ജെ പി കിസാൻ സെല്ലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് റാണ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേർന്നവരില്‍ പ്രമുഖർ.

'ഹാത്ത് സേ ജോദോ ഹാത്ത്'
'ഹാത്ത് സേ ജോദോ ഹാത്ത്' കാമ്പയിനിന്റെ ഭാഗമായി വിളിച്ചുചേർത്ത പാർട്ടി പ്രതിനിധികൾ, എം എൽ എമാർ, മുൻ എം എൽ എമാർ, വർക്കിങ് പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുടെ യോഗത്തിലായിരുന്നു ഭരണസഖ്യത്തില്‍ നിന്നും വന്ന നേതാക്കള്‍ക്കും കോണ്‍ഗ്രസ് സ്വീകരണം നല്‍കിയത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ബി ജെ പിയും ജെ ജെ പിയും ഉൾപ്പെടെ മറ്റ് പാർട്ടികളുടെ 15 ഓളം മുൻ എം എൽ എമാരും 50 പ്രമുഖ നേതാക്കളും കോൺഗ്രസിൽ ചേർന്നതായി ഹൂഡ പറഞ്ഞു.

ഭരിക്കുന്ന പാർട്ടികൾ വിട്ട്
ഭരിക്കുന്ന പാർട്ടികൾ വിട്ട് നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേക്ക് ചേക്കേറുകയാണ്. ഇത് കാണിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിന് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിച്ച അദ്ദേഹം 'ഹത് സേ ഹാത് ജോഡോ' കാമ്പെയ്‌നിന്റെ ഹരിയാന കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയെ അഭിനന്ദിക്കുകയും ചെയ്തു.

രാഹുലിന്റെ യാത്ര രാജ്യത്തിനും പാർട്ടിക്കും
"രാഹുലിന്റെ യാത്ര രാജ്യത്തിനും പാർട്ടിക്കും പുതിയ ദിശാബോധം നൽകി. 'ഹാത്ത് സേ ജോദോ ഹാത്ത്' എന്ന കാമ്പെയ്‌നിന് കീഴിൽ ഈ ദിശ എല്ലാ ഗ്രാമങ്ങളിലും ബൂത്തിലും എല്ലാ വീടുകളിലും എത്തിക്കേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസിന് വലിയ ശക്തി ലഭിച്ചതായി യോഗത്തെ അഭിസംബോധന ചെയ്ത് ഉദയ്ഭാനും അവകാശപ്പെട്ടു.












Click it and Unblock the Notifications