കര്‍ഷകരെ മുന്‍ മന്ത്രി അപമാനിച്ചു; ഹരിയാനയില്‍ ബിജെപി നേതാക്കളെ കര്‍ഷകര്‍ വളഞ്ഞു; ഒടുവില്‍ മാപ്പ് പറച്ചില്‍
ഗുരുഗ്രാം: കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തത്സമയ സംപ്രേക്ഷണം കാണാന്‍ ഹരിയാനയിലെ ഒരു ക്ഷേത്രത്തില്‍ പോയ നിരവധി ബിജെപി നേതാക്കളെ കര്‍ഷകര്‍ വളഞ്ഞു. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തോളമായി സമരം ചെയ്യുന്ന കര്‍ഷകരാണ് ബിജെപി നേതാക്കളെ വളഞ്ഞത്. കര്‍ഷകര്‍ക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ മനീഷ് ഗ്രോവറിനെ പ്രതിഷേധക്കാര്‍ പ്രത്യേകം തടഞ്ഞുവച്ചു.
മുന്‍ മന്ത്രി മാപ്പ് പറയണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തെ ചൊല്ലി സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബിജെപി നേതാക്കളും മറ്റ് പാര്‍ട്ടി അംഗങ്ങളും എട്ട് മണിക്കൂറോളം ക്ഷേത്രത്തില്‍ കുടുങ്ങി. ഒടുവില്‍, ക്യാമറയില്‍ കൂപ്പുകൈകളോടെ ഗ്രോവര്‍ കര്‍ഷകരോട് ക്ഷമാപണം നടത്തി, അതിനുശേഷമാണ് ക്ഷേത്രത്തില്‍ പുറത്തു പോകാന്‍ അനുവദിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു.

ഗുഡ്ഗാവില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയുള്ള റോഹ്തക് ജില്ലയിലെ കിലോയ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് മറ്റ് ജില്ലകളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ എത്തിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ ഡല്‍ഹി-ഹിസാര്‍ ദേശീയപാത കുറച്ചുനേരം ഗതാഗതം സ്തംഭിച്ചു. പാര്‍ട്ടി സംഘടനാ മന്ത്രി രവീന്ദ്ര രാജു, മേയര്‍ മന്‍മോഹന്‍ ഗോയല്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ അജയ് ബന്‍സാല്‍, പാര്‍ട്ടി നേതാവ് സതീഷ് നന്ദാല്‍ എന്നിവരാണ് ക്ഷേത്രത്തിനുള്ളില്‍ ബന്ദികളാക്കപ്പെട്ട മറ്റ് നേതാക്കള്‍.
എല്ലാ ഭാഗത്തുനിന്നും ക്ഷേത്രം വളയാന്‍ കര്‍ഷകര്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെടുകയായിരുന്നു. സോനിപത്, ജജ്ജാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും പ്രദേശത്ത് എത്തിയിരുന്നു, ഏത് സാഹചര്യവും നേരിടാനുള്ള നിര്‍ദ്ദേശവും പൊലീസുകാര്‍ക്ക് നല്‍കിയിരുന്നു. അതേസമയം, പ്രതിഷേധക്കാരോട് താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഗ്രോവര്‍ പറഞ്ഞു. എവിടെയുള്ള ചിലര്‍ ഞങ്ങളുടെ അടുത്ത് വന്ന് എന്നോട് ബാല്‍ക്കണിയില്‍ പോയി എല്ലാവരോടും കൈവീശി കാണിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ആരോടും മാപ്പ് പറഞ്ഞിട്ടില്ല. ഈ ക്ഷേത്രത്തില്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിയുടെ നിയന്ത്രണം സ്വകാര്യ കൈകളില്‍ ഏല്‍പ്പിക്കുമെന്ന് ആരോപിച്ച്, പ്രത്യേകിച്ച് ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കാര്‍ഷിക നിയമത്തിനെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രതിഷേധിക്കുന്നു. എന്നാല്‍ കര്‍ഷകരുടെ ആരോപണങ്ങള്‍ തള്ളുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.












Click it and Unblock the Notifications