ബിജെപി വക്താവ് ഷാനവാസ് ഹുസൈന് ഐസിസിന്റെ വധഭീഷണി
ദില്ലി: പ്രമുഖ ബി ജെ പി നേതാവും പാര്‍ട്ടി വക്താവുമായ ഷാനവാസ് ഹുസൈന് വധഭീഷണി. മുസ്ലിം തീവ്രവാദ സംഘടനയായ ഐസിസാണ് ഷാനവാസ് ഹുസൈനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത് അയച്ചിരിക്കുന്നത്. ദില്ലിയിലുള്ള വസതിയിലാണ് കത്ത് കിട്ടിയിരിക്കുന്നത്. പോസ്റ്റലിലാണ് കത്ത് എത്തിയത്. ഇക്കാര്യം കാണിച്ച് ബി ജെ പി വക്താവായ ഹുസൈന്‍ നോര്‍ത്ത് അവന്യൂ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഉറുദുവിലും ഇംഗ്ലീഷിലുമാണ് കത്ത് എഴുതിയിരിക്കുന്നത്. ഷാനവാസ് ഹുസൈനെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രയോഗങ്ങളും കത്തിലുണ്ടത്രെ. ബി ജെ പിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകളുമുണ്ട്. ഷാനവാസ് ഹുസൈന് ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ദില്ലി ഡി സി പി ജതിന്‍ നര്‍വാള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇതിന് മുമ്പും ഹുസൈന് ഭീഷണി കിട്ടിയിട്ടുണ്ട്.

എന്നാല്‍ ഈ ഭീഷണികള്‍ കൊണ്ടൊന്നും തന്നെ തളര്‍ത്താനാകില്ല എന്നാണ് ഹുസൈന്‍ പറയുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്നുമുള്ള ബി ജെ പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് 47 കാരനായ ഷാനവാസ് ഹുസൈന്‍. ബിഹാര്‍ സ്വദേശിയായ ഷാനവാസ് ഹുസൈന്‍ മുന്‍പ് പാര്‍ലമെന്റ് അംഗവും വാജ്‌പേയ് മന്ത്രിസഭയില്‍ ടെക്‌സ്റ്റൈല്‍സ് മന്ത്രിയുമായിരുന്നു. 1999 ലാണ് ഹുസൈന്‍ ആദ്യമായി ലോക്‌സഭയിലെത്തിയത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു.
ഇന്ത്യക്കെതിരെ ഐസിസ് തീവ്രവാദികള്‍ കഴിഞ്ഞ ദിവസവും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കള്‍ക്കായിരുന്നു ഐസിസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ കൊല്ലുമെന്നും കാശ്മീര്‍ പിടിച്ചടുക്കുമെന്നും ഐസിസ് പറഞ്ഞത്. മുഖപത്രമായ ദാബിഖിലൂടെയാണ് ഐസിസ് തീവ്രവാദി ഹാഫിസ് സയിദ് ഖാന്റെ ഈ പരാമര്‍ശം ഉണ്ടായത്.












Click it and Unblock the Notifications