'ടിക്കറ്റ് തന്നില്ലെങ്കിൽ പാർട്ടിക്കെതിരെ മത്സരിക്കും', രാജസ്ഥാൻ ബിജെപിയിൽ എംഎൽഎമാരുടെ വിമത ഭീഷണി
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ കലാപം. പട്ടികയില്‍ ഇടം പിടിക്കാത്ത നേതാക്കളാണ് പാര്‍ട്ടിക്കെതിരെ വിമത ഭീഷണി ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. ആദ്യഘട്ടമായി 41 പേരുടെ പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
ഈ പട്ടികയില്‍ പേരില്ലാത്ത നാല് എംഎല്‍എമാരാണ് സ്വതന്ത്രരായോ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയോ മത്സരിക്കാന്‍ കച്ച മുറുക്കുന്നത്. നാല് നേതാക്കളും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ക്യാമ്പില്‍ നിന്നുളളവരാണ്. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ടിക്കറ്റിനെച്ചൊല്ലി പാര്‍ട്ടിയില്‍ കലാപമുയര്‍ന്നതില്‍ ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

ജോട്ട്വാര എംഎല്‍എ രാജ്പാല്‍ സിംഗ് ശെഖാവത്ത്, കിഷന്‍ഗട്ട് എംഎല്‍എ വികാസ് ചൗധരി, ഡിയോളി ഉനിയാര എംഎല്‍എ രാജേന്ദ്ര ഗുര്‍ജര്‍, നഗര്‍ എംഎല്‍എ അനിത ഗുര്‍ജര്‍ എന്നിവരാണ് സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വന്തം വഴി നോക്കാന്‍ ആലോചിക്കുന്നവര്‍. ഇത്തവണ വീണ്ടും പാര്‍ട്ടി അവസരം നല്‍കുന്നില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളില്‍ തന്നെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ഈ നേതാക്കള്‍ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ രാജ്പാല്‍ സിംഗ് ശെഖാവത്തിന്റെ അനുയായികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിട്ടുമുണ്ട്. ജയ്പൂരിലെ ബിജെപി ഓഫീസിലേക്ക് എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. എല്ലാ ദിവസവും ശെഖാവത്ത് പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സന്ദേശം അതിലൂടെ വ്യക്തമാണ്. അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്നത് പാര്‍ട്ടി പരിഗണിക്കണം. അല്ലെങ്കില്‍ അദ്ദേഹം സ്വന്തമായി മത്സരിക്കും, ശെഖാവത്തുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ബിജെപിയുടെ ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും കിരോഡി ലാല്‍ മീണയും അടക്കം 7 സിറ്റിംഗ് എംപിമാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജോട്ട്വാരയില്‍ നിന്നാണ് റാത്തോഡ് മത്സരിക്കുക. മീണ സവായി മധോപൂരില്‍ നിന്നും മത്സരിക്കും. ദിയാ കുമാരി, ബാബ ബാലക്‌നാഥ്, നരേന്ദ്ര കുമാര്‍, ഭാഗിരഥ് ചൗദരി, ദേവ്ജി പട്ടേല്‍ എന്നിവരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റ് എംപിമാര്‍. നവംബര്‍ 25ന് ഒറ്റഘട്ടമായാണ് രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications