ബംഗാളില്‍ ബിജെപിയെ തോല്‍പ്പിച്ചത് പാളയത്തിലെ പട, വില്ലനായി അമിത് ഷാ, പിഴച്ചത് 3 കാര്യങ്ങള്‍
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ തോല്‍വിയില്‍ ആകെ ഞെട്ടിനില്‍ക്കുകയാണ് ദില്ലി നേതൃത്വം. ഇപ്പോഴും നേതൃത്വത്തിന് തോറ്റെന്ന് വിശ്വസിക്കാനാവുന്നില്ല. ഇതിന് പിന്നാലെ നേതാക്കള്‍ പലരും അമിത് ഷായെ കുറ്റപ്പെടുത്തുകയാണ്. അദ്ദേഹം ബംഗാള്‍ പിടിക്കുന്നതിനായി നിയോഗിച്ച ടീമാണ് പരാജയമായത്. ബംഗാളില്‍ കൂട്ടത്തോടെ നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചുപോകാനായി ഒരുങ്ങുകയാണ്. ബിജെപി മുങ്ങി കൊണ്ടിരിക്കുന്ന കപ്പലായി മാറിയിരിക്കുകയാണ്. തൃണമൂല്‍ വിട്ട് വന്നവര്‍ക്കൊന്നും നല്‍കാന്‍ പദവിയും പാര്‍ട്ടിയിലില്ല.

തോല്‍വിക്ക് കാരണം
തോല്‍വിക്ക് കാരണം കണ്ടെത്തിയിരിക്കുകയാണ് ബിജെപി. ടിക്കറ്റ് വിതരണത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നാണ് ആദ്യ വിലയിരുത്തല്‍. സംസ്ഥാനത്ത് വേരോട്ടമുള്ള നേതാക്കളെ മൂലയ്ക്കിരുത്തി ദില്ലിയില്‍ നിന്നുള്ള പ്രമുഖരെ കൊണ്ടുവന്നതാണ് മറ്റൊരുപ്രശ്‌നം. ഹിന്ദു ദേശീയ വികാരം കൊണ്ടുവരാനുള്ള ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍ എട്ട് നിലയില്‍ പൊട്ടിയെന്നാണ് ബിജെപി ബംഗാള്‍ ഘടകം കണ്ടെത്തിയിരിക്കുന്നത്.

മമതയോട് പൊട്ടി
അമിത് ഷാ മമതാ ബാനര്‍ജിയോട് എട്ട് നിലയില്‍ പൊട്ടിയെന്നാണ് ബിജെപി നേതൃത്വം പറയാതെ പറയുന്നത്. ബംഗാള്‍ പ്രാദേശിക രാഷ്ട്രീയത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ദില്ലിയില്‍ നിന്ന് വന്നവര്‍ക്ക് അറിയില്ലായിരുന്നു. അതോടൊപ്പം മമതയ്‌ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സ്ത്രീ വോട്ടര്‍മാരെ പൂര്‍ണമായും ബിജെപിയില്‍ നിന്ന് അകറ്റിയെന്നും ബിജെപി തോല്‍വി പഠനത്തില്‍ പറയുന്നു. മമതയെ കരുത്തുറ്റ, ബംഗാളിന്റെ അഭിമാനം സംരക്ഷിക്കുന്നവരായിട്ടാണ് ബംഗാളിലെ ഓരോ വോട്ടര്‍മാരും കണ്ടത്.

നാല് പേര്‍ക്ക് ഫ്‌ളോപ്പ്
ടിക്കറ്റ് വിതരണമാണ് വേറൊരു പ്രശ്‌നമായത്. ഒരു വിഭാഗത്തിന്റെ താല്‍പര്യക്കാര്‍ക്ക് മാത്രമാണ് സ്ഥാനാര്‍ത്ഥിത്വം കിട്ടിയത്. കൈലാഷ് വിജയ് വര്‍ഗീയ, സുവേന്ദു അധികാരി, രജിബ് ബാനര്‍ജി, കേന്ദ്രത്തിന്റെ ആളുകളായ ശിവപ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവരുടെ ആളുകള്‍ക്ക് മാത്രമാണ് ടിക്കറ്റ് കിട്ടിയത്. മുന്‍ ബംഗാള്‍ ഗവര്‍ണര്‍ തഥാഗത റോയ് വരെ ഇത് ചൂണ്ടിക്കാണിച്ചു. 148 മുന്‍ തൃണമൂല്‍ നേതാക്കള്‍ക്കാണ് ടിക്കറ്റ് കിട്ടിയത്. ഇതില്‍ ആറ് പേരാണ് ആകെ വിജയിച്ചത്.

തോല്‍പ്പിച്ചതാണ് നേതാക്കള്‍
തൃണമൂലില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വന്നതും അവര്‍ക്ക് സീറ്റ് കിട്ടിയതും പ്രാദേശിക ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. അവരാണ് തോല്‍വിക്ക് ചുക്കാന്‍ പിടിച്ചത്. ഇടതിന്റെ പിന്തുണ 2019ല്‍ ബിജെപിക്ക് ലഭിച്ചിരുന്നു. എന്നാല്‍ 2021 അന്ന് തൃണമൂലിലുണ്ടായിരുന്ന ശത്രുക്കള്‍ ബിജെപിയിലേക്ക് വന്നു. അതോടെ അവര്‍ ബിജെപിക്ക് വോട്ട് ചെയ്തില്ല. തൃണമൂലിന്റെ ബി ടീമായിരുന്നു ബിജെപിയെന്നാണ് ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാര്‍ വിശേഷിപ്പിച്ചത്. 25 ലക്ഷം വോട്ടുകള്‍ അതിലൂടെ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.
Recommended Video

അമിത് ഷായ്ക്ക് പിഴച്ചു
അമിത് ഷാ പോള്‍ കണ്‍സള്‍ട്ടിംഗ് യൂണിറ്റായ അസോസിയേഷന്‍ ഓഫ് ബില്യണ്‍ മൈന്‍ഡ്‌സിനെയാണ് എല്ലാ കാര്യങ്ങളെയും ഏല്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ ഗ്രൗണ്ട് പൊളിറ്റിക്‌സ് മനസ്സിലാക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. പ്രശാന്ത് കിഷോറിന് സമാനമായ റോളായിരുന്നു അവിടെ എബിഎമ്മിനുണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ സ്ലോഗനൊക്കെ തീര്‍ത്തും പാളിപ്പോയി. ദീദി ഓ ദീദി എന്ന പ്രചാരണ വാക്യമൊക്കെ തിരിച്ചടിയാവുകയും ചെയ്തു. എന്നാല്‍ ഇതിനൊക്കെ കാരണം അമിത് ഷാ തന്നെയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ആരും പക്ഷേ ഇത് പരസ്യമായി പറഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്.












Click it and Unblock the Notifications