ബിജെപി പണം വാഗ്ധാനം ചെയ്തു: പാർട്ടി എംഎൽഎയുടെ വെളിപ്പെടുത്തൽ, മിനിറ്റുകൾക്കുള്ളിൽ മലക്കം മറിഞ്ഞു
ബെംഗളൂരു: കർണ്ണാടകത്തിലെ കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി പണം വാഗ്ധാനം ചെയ്തതായി ബിജെപി എംഎൽഎയുടെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ പ്രസ്താവന തിരുത്തി എംഎൽഎ ശ്രീമന്ത് പാട്ടീൽ രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ സ്വമേധയാ ബിജെപിയിൽ ചേരുകയായിരുന്നുവെന്നാണ് എംഎൽഎ നൽകിയ വിശദീകരണം.

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരാൻ തനിക്ക് പാർട്ടി പണം വാഗ്ദാനം ചെയ്തു. എന്നാൽ താൻ ഒരു നയാപൈസ പോലും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ചേരുന്നതിന് തനിക്ക് എത്ര പണം വേണമെന്ന് ചോദിക്കാറുണ്ടായിരുന്നു. എന്നാൽ ഒരു പൈസ പോലും അവരിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും പാട്ടീൽ പറഞ്ഞു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശ്രീമന്ത് പാട്ടീലിന് യെഡിയൂരപ്പ സർക്കാരിൽ മന്ത്രി സ്ഥാനവും ലഭിച്ചിരുന്നു.

ബിജെപി പണം വാഗ്ധാനം ചെയ്തെന്ന വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ പ്രസ്താവന തിരുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ വാക്കുകളെ അവർ തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നും ആരും തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പാർട്ടിയിൽ ചേരുകയായിരുന്നുവെന്നും പട്ടീൽ വ്യക്തമാക്കി. ബെലഗാവിയിലെ കഗ്വാഡ് താലൂക്കിലെ ഐനാപ്പൂരിൽ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു. പാട്ടീലിന്റെ പ്രസ്താവന പുറത്തുവരുന്നത്.

ശ്രീമന്ത് പട്ടീലിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവും കർണ്ണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാർ രംഗത്തെത്തിയിരുന്നു. പട്ടീൽ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിന്റെ ഭാഗമായി ബിജെപി ശ്രീമന്ത് പട്ടേലിനെ തങ്ങൾക്കൊപ്പം നിർത്താൻ ശ്രമിച്ചിരുന്നു. ഇക്കാര്യത്തിൽ സത്യം തുറന്ന് പറഞ്ഞു രംഗത്തെത്തിയ ശ്രീമന്ത് പട്ടേലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. എസിബി ഉടൻ തന്നെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുകയും അട്ടിമറിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണ്ണാടകത്തിൽ അധികാരത്തിലെത്തിയ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെ വീഴ്ത്തിയതിന് പിന്നാലെ ബിഎസ് യെഡിയൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്തിട്ടുണ്ട്. ജെഡിഎസ്- കോൺഗ്രസ് സർകാരിൽ നിന്ന് 16 എംഎൽഎമാർ കൂറുമാറിയതാണ് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുള്ളത്. ഇതിന് പിന്നാലെ ബിജെപി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പാട്ടീൽ വിജയിച്ചിരുന്നെങ്കിലും ബിജെപിയിലേക്ക് കൂറുമാറിയതിന് ശേഷം ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് യെഡിയൂരപ്പ സർക്കാരിൽ അദ്ദേഹം മന്ത്രിയായി അധികാരത്തിലെത്തുകയായിരുന്നു. എന്നാൽ ബിജെപി സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷത്തിന് ശേഷം യെഡിയൂരപ്പയെ മാറ്റി നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിഎസ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയാകുകയും ചെയ്തതിന് ശേഷം ശ്രീമന്ത് പാട്ടീലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലും പുറത്തുവരുന്നത്.

കോൺഗ്രസും ജെഡിഎസും തങ്ങളുടെ എംഎൽഎമാർക്ക് ബിജെപി പണം നൽകി തങ്ങൾക്കൊപ്പം നിർത്തുന്നുവെന്ന ആരോപണം നിലനൽക്കുന്നുണ്ടെങ്കിലും ഈ ആരോപണം ബിജെപി ഏറെക്കാലമായി നിഷേധിക്കുന്നുണ്ട്. എന്നാൽ ശ്രീമന്ത് പാട്ടീലിന്റെ പ്രസ്താവന പാർട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും അടുത്ത നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഇത് കൂടുതൽ ചർച്ചകൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിയൊരുക്കാനും സാധ്യതയുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന് പാർട്ടിക്കുള്ളിൽ നിന്നുള്ള എംഎൽഎ തന്നെ തുറന്ന് സമ്മതിച്ച് രംഗത്തെത്തുന്നത്.

അതേസമയം, വിലക്കയറ്റം, ക്രമസമാധാന നില, കൈകാര്യം ചെയ്യൽ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാരിനെതിരെ നീങ്ങാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറെടുക്കുകയാണ്. ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള കർണാടക നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇപ്പോൾ നടക്കാനിരിക്കുന്നത്.

കോവിഡ് വ്യാപനം, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കൽ, മറ്റുള്ള വിഷയങ്ങളും പ്രതിപക്ഷം സഭയിലുന്നയിക്കും. പത്ത് ദിവസത്തെ വർഷകാല സമ്മേളനമാണ് നടക്കാനിരിക്കുന്നത്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ സമ്മേളനമെന്ന നിലയ്ക്ക് പുതിയതായി അധികാരമേറ്റ മന്ത്രമാർ കൂടി ഒരുമിച്ച് എത്തുന്നതായിരിക്കും ഇത്തവണത്തെ സമ്മേളനം.
നിയമസഭാ സമ്മേളനം സെപ്റ്റംബർ 13 മുതൽ 24 വരെ നടക്കും. കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഈ വർഷകാല സമ്മേളനം നടക്കുന്നത്.












Click it and Unblock the Notifications