
ഗുജറാത്തിൽ പോളിംഗ് ശതമാനത്തിൽ കുറവ്; ആര് വിയർക്കും? നെഞ്ചിടിപ്പേറി പാർട്ടികൾ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ പോളിംഗ് കുറഞ്ഞതിൽ നെഞ്ചിടിപ്പേറി പാർട്ടികൾ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 3.61 ശതമാനത്തിന്റെ കുറവാണ് പോളിംഗിൽ ഉണ്ടായത്. ഇത് ആർക്ക് ഗുണമാകുമെന്നതാണ് ഉയരുന്ന ചോദ്യം.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ 66.75 ശതമാനമായിരുന്നു പോളിംഗ്.അന്ന് 89 സീറ്റുകളിൽ 48 എണ്ണം ബി ജെ പിയും 40 സീറ്റുകൾ കോൺഗ്രസിനും ലഭിച്ചു. എട്ട് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു നേടിയത്.

ഇത്തവണ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത് 63.14 ശതമാനം പോളിംഗ് ആണ്. കോൺഗ്രസിന്റേയും ബി ജെ പിയുടേയും കോട്ടകളിൽ അടക്കം പോളിംഗിൽ കുറവ് രേഖപ്പെടുത്തി. 10 ജില്ലകളിൽ 60 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയപ്പോൾ ആറ് ജില്ലകളിൽ 60 ൽ താഴെയാണ് പോളിംഗ് ശതമാനം. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് നർമ്മദയിലാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. കുറവ് ബൊട്ടാഡ് ജില്ലയിലും 57.58 ശതമാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ച സൗരാഷ്ട്ര ഉൾപ്പെടെയുള്ള മേഖലയിലാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. 2017 ൽ ഇവിടെ 30 സീറ്റുകളായിരുന്നു കോൺഗ്രസിവ് ലഭിച്ചപ്പോൾ 23 ലേക്ക് ബി ജെ പി ഇവിടെ വീണിരുന്നു. പട്ടേൽ പ്രക്ഷോഭ തുടർന്നുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ബി ജെ പിക്ക് തിരിച്ചടിയായത്.
കോൺഗ്രസിനെ സംബന്ധിച്ച് ഹർദിക് പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയും കോൺഗ്രസിന് ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ പട്ടേലുമാർ ബി ജെ പിയിലേക്ക് തിരിച്ചെത്തിയതും കോണ്‍ഗ്രസിന്റെ ചില ഒബിസി എംഎല്‍എമാര്‍ ഒപ്പമുള്ളതും തുണയ്ക്കുമെന്നായിരുന്നു ബി ജെ പി കണക്ക് കൂട്ടൽ.

അതേസമയം വോട്ടിംഗ് ശതമാനത്തിലെ കുറവ് ഈ കണക്ക് കൂട്ടൽ തെറ്റിക്കുമോയെന്ന ആശങ്കയാണ് ബി ജെ പി ക്യാമ്പിൽ ഉള്ളത്. എന്നാൽ പോളിംഗ് കുറഞ്ഞത് ഗുണകരമാണെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിച്ച പ്രദേശങ്ങളിൽ അവരുടെ വോട്ട് കുറയുമെന്നും ബി ജെ പി കരുതുന്നു.
വടക്കൻ ഗുജറാത്ത് 'കൈവിടില്ല'; പ്രതീക്ഷയോടെ കോൺഗ്രസ്, അനുകൂല ഘടകങ്ങൾ ഇങ്ങനെ

പക്ഷേ ബി ജെ പി വോട്ട് ചെയ്തിരുന്ന പലരും എത്താതിരുന്നതാണ് വോട്ടിംഗ് ശതമാനത്തിലെ കുറവിന് കാരണമെന്നാണ് കോൺഗ്രസ് വക്താവ് ആലോക് ശർമ പ്രതികരിച്ചത്. തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടുവെന്നും അലോക് അവകാശപ്പെട്ടു. എന്തായാലും പോളിംഗ് കുറവ് ആർക്ക് വില്ലനായെന്ന് അറിയാൻ ഡിസംബർ 8 വരെ കാത്തിരിക്കേണ്ടി വരും.
സുധാകരൻ തെറിക്കും? പകരം ഈ നേതാവോ? കോൺഗ്രസിലെ ചർച്ചകൾ ഇങ്ങനെ

അതേസമയം ഗുജറാത്ത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 5 ന് നടക്കും.14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് ആണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ ഉൾപ്പെടെയുള്ളവർ കോൺഗ്രസ്, ബി ജെ പി , ആം ആദ്മി പാർട്ടികളിൽ നിന്നും പല പ്രമുഖരും രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. കോൺഗ്രസിന് സമഗ്രാധിപത്യമുള്ള വടക്കൻ ഗുജറാത്തിലും രണ്ടാം ഘട്ടത്തിലാണ് വിധിയെഴുത്ത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജ പി 99 ഉം കോൺഗ്രസ് 77 സീറ്റുകളുമായിരുന്നു സംസ്ഥാനത്ത് നേടിയത്. ഇക്കുറി ആം ആദ്മിയുടെ കടന്ന് വരവോടെ മത്സരം കടുത്തിരുന്നു.
ഹിമാചലിൽ തൂക്കുസഭയോ? വിമതരെ പാട്ടിലാക്കാൻ പാർട്ടികൾ, നേതാക്കളെ നേരിട്ട് വിളിച്ച് മോദി